അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മികച്ച പ്രകടനവുമായി സാന്നിധ്യമറിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. കെഎസ് ഭരതിനു പകരം രാജ്‌കോട്ട് ടെസ്റ്റിലൂടെ അരങ്ങേറിയ അദ്ദേഹം കന്നി ഇന്നിങ്‌സില്‍ 46 റണ്‍സെടക്കുന്നതിനൊപ്പം വിക്കറ്റിനു പിന്നില്‍ മിന്നല്‍ സ്റ്റംപിങുള്‍പ്പെടെ നടത്തി കൈയടി നേടുകയും ചെയ്തിരുന്നു.
ആരാധനാപാത്രവും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും തന്റെ വലിയൊരു സ്വപ്‌നത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജുറേല്‍. ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരശേഷം ധോണിയെ നേരില്‍ കാണാനും സംസാരിക്കാനും ജുറേലിനു അവസരം ലഭിച്ചത്. ആ കൂടിക്കാഴ്ച തനിക്കു ഒരു സ്വപ്‌നം പോലെയാണ് തോന്നിയതെന്നും അന്നു ധോണി നല്‍കിയ ഉപദേശം കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ശേഷം മറ്റൊരു വലിയ സ്വപ്‌നം കൂടി തനിക്കുണ്ടെന്നും ജുറേല്‍ വെളിപ്പെടുത്തുന്നു.
ഐപിഎല്ലിനിടെ ഞാന്‍ എംഎസ് ധോണിയെ കണ്ടപ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ട് നിന്നു. എന്റെ മുന്നില്‍ ഈ നില്‍ക്കുന്നത് ധോണിയാണോയെന്നു ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ 2021ലെ സീസണിലായിരുന്നു അദ്ദേഹവുമായി ഞാന്‍ ആദ്യമായി ആശയവിനിമയം നടത്തിയത്. ടൂര്‍ണമെന്റില്‍ എന്റെ ആദ്യ സീസണ്‍ കൂടിയായായിരുന്നു അത്. ഇതു സ്വപ്‌നമാണോ, അതോ സത്യം തന്നെയാണോ എന്നു ഉറപ്പിക്കാന്‍ ഞാന്‍ എന്നെത്തന്നെ അന്നു പല തവണ നുള്ളി നോക്കിയിരുന്നു.
ധോണിയുടെ അടുത്തു പോയതിനു ശേഷം അദ്ദേഹത്തെ സാര്‍ എന്നു വിളിക്കണോ, അതോ ഭയ്യായെന്നു വിളിക്കണമോയെന്ന സംശയത്തിലുമായിരുന്നു. അദ്ദേഹത്തോടു ഞാന്‍ എന്തു സംസാരിക്കുമെന്നു പോലും അന്നു ആലോചിച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം ഒരു ഫോട്ടോയെടുക്കട്ടെയെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അങ്ങനെ ഞാന്‍ അന്നു ധോണിക്കൊപ്പം ഫോട്ടോയെടുത്തതായും ജുറേല്‍ മനസ്സ് തുറന്നു.

ഒരു ഉപദേശം മാത്രമാണ് ധോണി ഭായ് അന്നു എനിക്കു നല്‍കിയത്. ക്രീസിലെത്തിയാല്‍ ബോളിനെ നന്നായി നിരീക്ഷിച്ചതിനു ശേഷം ഷോട്ടുകള്‍ കളിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചതിനു ശേഷം ധോണി ഭായിയെ നേരില്‍ കാണുകയെന്നതാണ്. ഐപിഎല്ലിനിടെ ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടു കഴിഞ്ഞു. ഇനി ഇന്ത്യയുടെ ജഴ്‌സിയില്‍ എനിക്കു ധോണി ഭായിയെ വീണ്ടും നേരില്‍ കണ്ടു സംസാരിക്കണം.
അദ്ദേഹവുമായി സംസാരിച്ചപ്പോഴെല്ലാം എനിക്കു എല്ലായ്പ്പോഴും പുതുതായി എന്തെങ്കിലുമൊക്കെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ക്രിക്കറ്റ് കരിയറില്‍ അതു ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. റാഞ്ചിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റിനു ശേഷം ധോണി ഭായിയെ നേരിട്ടു കാണാനും സംസാരിക്കാനുമാണ് തന്റെ ശ്രമമെന്നും ജുറേല്‍ കൂട്ടിച്ചേര്‍ത്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും 15 മല്‍സരങ്ങളുടെ മാത്രം അനുഭവസമ്പത്തുമായാണ് അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. മല്‍സര പരിചയം കുറവാണെങ്കിലും ഇത്രയും മല്‍സരങ്ങളില്‍ നിന്നും 46.47 ശരാശരിയില്‍ 790 റണ്‍സ് ജുറേല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലോവര്‍ ഓര്‍ഡറില്‍ മികച്ച സംഭാവനകള്‍ നല്‍കാനുള്ള കഴിവും സ്ഥിരതയുമാണ് താരത്തിനു നേട്ടമായത്.