ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ടീം ഇന്ത്യയെ ശരിക്കും ഉലച്ചിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു കൈവിടേണ്ടി വന്നത്. 2012ലായിരുന്നു അവസാനമായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു നഷ്ടമായത്. ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയതാണ് രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. ഇക്കൂട്ടത്തില്‍ സീനിയര്‍ താരങ്ങളുടെ ഫ്‌ളോപ്പ് ഷോയും എടുത്തു പറയേണ്ടത്.
അക്കൂട്ടത്തില്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ട താരങ്ങളിലൊരാള്‍ മുന്‍ നായകന്‍ വിരാട് കോലിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ന്യൂസിലാന്‍ഡിനെതിരേ നാലിന്നിങ്‌സുകളില്‍ നിന്നും വെറും 88 റണ്‍സ് മാത്രമണ് കോലിക്കു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്നിങ്‌സിലും അദ്ദേഹം ദുരന്തമായി മാറി.
ടി20ക്കു പിറകെ ടെസ്റ്റിലും കോലി വിരമിക്കേണ്ട സമയമെത്തിയിരിക്കുന്നു എന്നാണ് സമീപകാലത്തെ മോശം പ്രകടനങ്ങള്‍ തെളിയിക്കുന്നത്. കോലിക്കു പകരം നാലാം നമ്പറിലേക്കു പുതിയ താരങ്ങളെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മുഷീര്‍ ഖാന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനായ മുഷീര്‍ ഖാനാണ് ഈ ലിസ്റ്റിലെ ഒരാള്‍. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ഈ വര്‍ഷത്തെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്താന്‍ മുഷീറിനായിരുന്നു.
കൂടാതെ അടുത്തിടെ നടന്ന ദുലീപ് ട്രോഫിയുടെ ആദ്യ കളിയില്‍ തന്നെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും താരം നേടി. ടൂര്‍ണമെന്റില്‍ ഡബിളടിച്ച ഏക താരവും 19 കാരനായ മുഷീറായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 51.14 ശരാശരിയോടെ 716 റണ്‍സ് താരം അടിച്ചെടുച്ചത്തു കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമാണിത്. പ്രതിഭാശാലിയായ ബാറ്റര്‍ മാത്രമല്ല വിക്കറ്റെടുക്കാന്‍ ശേഷിയുള്ള സ്ലോ ബൗളറും കൂടിയാണ് മുഷീര്‍.
ധ്രുവ് ജുറേല്‍
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ടെസ്റ്റില്‍ റിഷഭ് പന്ത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തുടരുന്നതിനാല്‍ വിക്കറ്റ് കീപ്പറായി ജുറേലിനെ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കില്ല.
പകരം സ്‌പെഷ്യലിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിക്കണം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്ററാണ് ജുറേല്‍. ഈ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ താരം ഇതു തെളിയിക്കുകയും ചെയ്തിരുന്നു. ഏതു സമ്മര്‍ദ്ദഘട്ടത്തിലും അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കാന്‍ ശേഷിയുള്ള ബാറ്ററാണ് ജുറേല്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് 23 കാരനായ താരത്തിനുള്ളത്. 20 മല്‍സരങ്ങളില്‍ നിന്നും 46.73 ശരാശരിയില്‍ 1075 റണ്‍സ് ജുറേല്‍ നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഇന്ത്യക്കുവേണ്ടി മൂന്നു ടെസ്റ്റുകളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 190 റണ്‍സും സ്‌കോര്‍ ചെയ്തു.
പ്രദോഷ് രഞ്ജന്‍ പോള്‍
തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രദോഷ് രഞ്ജന്‍ പോളോണ് ടെസ്റ്റില്‍ ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന മറ്റൊരു താരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് 23 കാരനായ താരം.
തമിഴ്‌നാടിനു വേണ്ടി 21 മല്‍സരങ്ങളിലാണ് പ്രദോഷ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 59.25 എന്ന കിടിലന്‍ ശരാശരിയില്‍ 1600 റണ്‍സും താരം അടിച്ചെടുത്തു. ആറു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.