ലഖ്‌നൗ: ഇന്ത്യന്‍ ടീമിനായി ടെസ്റ്റില്‍ മാത്രമല്ല ടി20യിലും മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ തനിക്കു സാധിക്കുമെന്നു യുപി ടി20 ലീഗില്‍ (UP T20 Leage) കാണിച്ചു തന്നിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. ടൂര്‍ണമെന്റില്‍ ക്യാപ്റ്റനും ഓപ്പണറുമായി കളിക്കുന്ന അദ്ദേഹം തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു. യുപി ടി20 ലീഗിന്റെ രണ്ടാം എഡിഷനില്‍ ഗൊരഖ്പൂര്‍ ലയണ്‍സ് ടീമിനെയാണ് ജുറേല്‍ നയിക്കുന്നത്.
ആദ്യ കളിയില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ അദ്ദേഹം രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയോടെ മിന്നിച്ചു. കഴിഞ്ഞ ദിവസം നോയ്ഡ കിങ്‌സുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ഓപ്പണറായെത്തി 70 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്. വെറും 46 ബോളുകളിലായിരുന്നു ഇത്. അഞ്ചു സിക്‌സറും മൂന്നു ഫോറും ഇതിലുള്‍പ്പെടും.

ജുറേലിനെക്കൂടാതെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ആര്യന്‍ ജുയാലും ബാറ്റിങില്‍ കസറി. അപരാജിത സെഞ്ച്വറിയാണ് താരം കുറിച്ചത്. 54 ബോളുകള്‍ നേരിട്ട ജുയാല്‍ 104 റണ്‍സുമായി പുറത്താവാതെ നിന്നു. 10 ഫോറുകളും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടുന്നു.
ജുയാലിന്റെയും ജുറേലിന്റെയും ഇന്നിങ്‌സുകളുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റിനു 218 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഗൊരഖ്പൂര്‍ ടീമിനു സാധിച്ചു. മറുപടിയില്‍ മൂന്നോവര്‍ ശേഷിക്കെ നോയ്ഡ കിങ്‌സിനെ ജുറേലും സംഘവും 127 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. 91 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഗൊരഖ്പൂര്‍ സ്വന്തമാക്കിയത്.
യുപി ടി20 ലീഗില്‍ ജുറേലിന്റെ മിന്നുന്ന പ്രകടനം റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കു വലിയ ഭീഷണിയായിരിക്കുകയാണ്. ടി20യില്‍ ഇന്ത്യക്കൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ റിഷഭിനും സഞ്ജുവിനും സാധിക്കുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പിലുള്‍പ്പെടെ റിഷഭ് ഈ ഫോര്‍മാറ്റില്‍ പതറുകയാണ്. അതിനു ശേഷം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല.
ടി20യില്‍ നിലവില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന സഞ്ജുവിന്റെ പ്രകടനവും അത്ര ആശാവഹമല്ല. വല്ലപ്പോഴും മികച്ചൊരു ഇന്നിങ്‌സ് കളിക്കുകയല്ലാതെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ല. ശ്രീലങ്കയുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കായി നിരാശപ്പെടുത്തി.

ബംഗ്ലാദേശിനെതിരേ മൂന്നു ടി20കളുടെ പരമ്പര ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് യുപി ടി20 ലീഗില്‍ മിന്നുന്ന പ്രകടനവുമായി ജുറേല്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. റിഷഭും സഞ്ജുവും ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും. ടി20 പരമ്പരയ്ക്കു മുമ്പുള്ള ടെസ്റ്റ് ടീമിലും ജുറേലിനെ കാണാന്‍ സാധിക്കും. ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാവും താരം ടീമില്‍ ഇടം പിടിച്ചേക്കുക.
ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ജുറേല്‍. ഈ പരമ്പരയില്‍ കെഎസ് ഭരതായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. റിസര്‍വ് നിരയിലായിരുന്നു ജുറേല്‍.
പക്ഷെ ബാറ്റിങില്‍ ഭരത് തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ പകരക്കാരനായി ജുറേലിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. കളിച്ച രണ്ടാം ടെസ്റ്റില്‍ തന്നെ കന്നി ഫിഫ്റ്റിയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജുറേല്‍ സ്വന്തമാക്കി.