കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യയുടെ എ ടീം. ആദ്യ ബാറ്റുചെയ്ത പാകിസ്താന്‍ 205 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 36.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം ജയം നേടിയെടുക്കുകയായിരുന്നു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ട ഇന്ത്യയുടെ എ ടീം സര്‍വാധിപത്യമാണ് പാകിസ്താനെതിരേ കാട്ടിയതെന്ന് പറയാം.
മത്സരത്തില്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും സായ് സുദര്‍ശന്റെ (104*) സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്. ഇവര്‍ക്ക് ലഭിക്കുന്ന കൈയടിയോടൊപ്പം വിക്കറ്റിന് പിന്നില്‍ മിന്നിച്ച് ദ്രുവ് ജുറേല്‍ ഞെട്ടിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം വെടിക്കെട്ട് ഫിനിഷിങ് നടത്തി കൈയടി നേടിയ താരമാണ് ജുറേല്‍. എന്നാല്‍ വിക്കറ്റ് കീപ്പറായി രാജസ്ഥാന്‍ റോയല്‍സില്‍ താരത്തിന് ഇടമില്ല. സഞ്ജു സാംസണും ജോസ് ബട്‌ലറും അവിടെ കീപ്പര്‍മാരായുണ്ട്.
എന്നാല്‍ രാജസ്ഥാനില്‍ സഞ്ജുവിന്റെ സീറ്റിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് ജുറേല്‍ ഇപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. മൂന്ന് തകര്‍പ്പന്‍ ക്യാച്ചും ഒരു സ്റ്റംപിങ്ങും ഉള്‍പ്പെടെയാണ് ജുറേല്‍ ഇന്ത്യ എ ടീമിനൊപ്പം കസറിയത്. സമ്മര്‍ദ്ദമില്ലാതെ ബാറ്റുചെയ്യാന്‍ കഴിവുള്ള താരം വിക്കറ്റിന് പിന്നിലും മികവ് തെളിയിക്കുന്നതോടെ പല ഫ്രാഞ്ചൈസികളും താരത്തെ നോട്ടമിടുമെന്നുറപ്പാണ്. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള താരമാണ് ജുറേല്‍.
ഇന്ത്യ എ ടീമിനൊപ്പം ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനം ശ്രദ്ധയമായി. വരുന്ന മത്സരങ്ങളിലൂടെ ബാറ്റിങ്ങിലും ശോഭിക്കാനായാല്‍ ജുറേല്‍ രാജസ്ഥാന്റെ പ്രധാന താരങ്ങളിലൊരാളായി വളരുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. അടുത്ത സീസണിന് മുന്നോടിയായി കുമാര്‍ സംഗക്കാരയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുകയാണ്.

പുതിയ പരിശീലകനായി ആന്‍ഡി ഫ്‌ളവര്‍ എത്തിയേക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയടക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജോസ് ബട്‌ലറെ നായകനാക്കിയാല്‍ രാജസ്ഥാനില്‍ സഞ്ജുവിന്റെ സീറ്റ് സുരക്ഷിതമെന്ന് പറയാനാവില്ല. രാജസ്ഥാനൊപ്പം വളര്‍ന്നുവന്ന താരമാണ് സഞ്ജു. എന്നാല്‍ സ്റ്റീവ് സ്മിത്തിനെയും അജിന്‍ക്യ രഹാനെയേയും ഒഴിവാക്കാന്‍ ധൈര്യം കാട്ടിയ രാജസ്ഥാന്‍ സഞ്ജുവിനെ കൈവിട്ടാലും അത്ഭുതപ്പെടാനാവില്ല.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും സ്ഥിരതയില്ലായ്മക്കെതിരേയും വലിയ വിമര്‍ശനം സമീപകാലത്തായി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ രാജസ്ഥാന്‍ കൈവിടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ജുറേല്‍ അടുത്ത എംഎസ് ധോണിയാകാന്‍ പ്രതിഭയുള്ളവനാണ്. 22 വയസ് മാത്രം പ്രായമുള്ള ജുറേല്‍ പക്വതയോടെ കളിക്കുന്നവനും സമ്മര്‍ദ്ദത്തില്‍ ശാന്തതയോടെ ബാറ്റുചെയ്യുന്നവനുമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ജുറേലിന് കൂടുതല്‍ പിന്തുണ നല്‍കി വളര്‍ത്താനുള്ള സാധ്യതയുണ്ട്.
ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമായ ഹംഗര്‍ഗേക്കര്‍ എട്ട് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. ഭാവിയില്‍ സിഎസ്‌കെയുടെ പ്രധാന ഓള്‍റൗണ്ടറായി മാറാന്‍ കഴിവുള്ള താരമാണ് ഹംഗര്‍ഗേക്കര്‍. റിയാന്‍ പരാഗ് ആറ് ഓവര്‍ പന്തെറിഞ്ഞ് 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. മാനവ് സുതാര്‍ മൂന്നും നിശാന്ത് സന്ദു ഒരു വിക്കറ്റും സ്വന്തമാക്കി.
ഇടം കൈയന്‍ ഓപ്പണറായ സായ് സുദര്‍ശന്‍ (104*) ക്ലാസിക് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 110 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സുമാണ് സുദര്‍ശന്‍ നേടിയത്. നികിന്‍ ജോസ് (53) അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചപ്പോള്‍ നായകന്‍ യാഷ് ദുല്‍ (21*) പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മ 20 റണ്‍സുമെടുത്ത് പുറത്തായി.