ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് പലപ്പോഴും തങ്ങളുടെ വ്യക്തി താല്‍പര്യങ്ങളെക്കാള്‍ ഉപരിയായി ടീമിന് പ്രാധാന്യം നല്‍കേണ്ടതായി വരും. പല താരങ്ങളും കളിച്ചുവളര്‍ന്ന ബാറ്റിങ് പൊസിഷനില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുക. എന്നാല്‍ ദേശീയ ടീമിലേക്കെത്തുമ്പോള്‍ പലപ്പോഴും മുഖ്യ പരിഗണന ടീമിനായിരിക്കും. ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ച് പലപ്പോഴും ബാറ്റിങ് പൊസിഷന്‍ മാറേണ്ടതായി വരും. ഇത്തരത്തില്‍ ബാറ്റിങ് പൊസിഷന്‍ മാറുമ്പോള്‍ പല താരങ്ങളുടേയും പ്രകടനം മോശമാകാറുണ്ട്.
അതുകൊണ്ടുതന്നെ ബാറ്റിങ് പൊസിഷന്‍ മാറുമ്പോഴും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് മാത്രമേ ടീമിനുള്ളില്‍ നിലനിന്ന് പോകാനാവൂ. ഇത്തരത്തില്‍ ടീമിനുവേണ്ടി ഇഷ്ട ബാറ്റിങ് പൊസിഷന്‍ മാറുകയും മികച്ച പ്രകടനം നടത്തി ടീമില്‍ തുടരുകയും ചെയ്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സുരേഷ് റെയ്‌നയാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി റെയ്‌നയെ പരിഗണിക്കാം. ടി20 ഫോര്‍മാറ്റിലാണ് റെയ്‌ന കൂടുതല്‍ തിളങ്ങിയത്.
റെയ്‌നക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറിലായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമ്പോള്‍ മൂന്നാം നമ്പറിലാണ് റെയ്‌ന കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ റെയ്‌നക്ക് ലഭിച്ചത് ഫിനിഷര്‍ റോളാണ്. അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളിലാണ് കൂടുതലായും റെയ്‌ന കളിച്ചത്. ടോപ് ഓഡറില്‍ ബാറ്റു ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും റെയ്‌നക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എങ്കിലും ഫിനിഷറെന്ന നിലയില്‍ കൈയടി നേടാന്‍ റെയ്‌നക്ക് സാധിച്ചു.
രണ്ടാമത്തെ താരം എംഎസ് ധോണിയാണ്. ആഭ്യന്തര ക്രിക്കറ്റിലടക്കം ടോപ് ഓഡറില്‍ കളിച്ചിരുന്ന താരമാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ ശേഷം തുടക്ക സമയത്ത് മുന്നാം നമ്പറിലായിരുന്നു ധോണി കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് നായകസ്ഥാനത്തേക്ക് എത്തിയ ശേഷം ധോണിക്ക് ടോപ് ഓഡറില്‍ നിന്ന് മാറേണ്ടി വന്നു. ധോണിയുടെ റെക്കോഡ് സെഞ്ച്വറികള്‍ പിറന്നത് മൂന്നാം നമ്പറില്‍ ബാറ്റു ചെയ്താണ്.

എന്നാല്‍ ടീമിനായി ഫിനിഷര്‍ റോളിലേക്ക് മാറേണ്ടി വന്നപ്പോഴും ധോണിയുടെ പ്രകടനനിലവാരം താഴോട്ട് പോയില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്. ഫിനിഷര്‍ റോളിലെ ധോണിയുടെ കണക്കുകള്‍ എല്ലാവരേയും വിസ്മയിപ്പിക്കുന്നതാണ്. വിവിഎസ് ലക്ഷ്മണാണ് ഇത്തരത്തില്‍ ബാറ്റിങ് പൊസിഷന്‍ വിട്ടുകൊടുത്ത താരം. ടോപ് ഓഡറില്‍ ബാറ്റു ചെയ്യാന്‍ ആഗ്രഹിച്ച താരമായിരുന്നു ലക്ഷ്മണ്‍.
ടെസ്റ്റില്‍ ഓപ്പണറായോ മൂന്നാം നമ്പറിലോ കളിക്കണമെന്നാണ് ലക്ഷ്മണ്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ടീമിന്റെ സാഹചര്യത്തിനനുസരിച്ച് മധ്യനിരയിലാണ് ലക്ഷ്മണ് ബാറ്റുചെയ്യേണ്ടി വന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു ലക്ഷ്മണ്‍. ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്ക് ലക്ഷ്മണ്‍ കൈപിടിച്ചുയര്‍ത്തിയ മത്സരങ്ങളും ഉണ്ടായിട്ടുണ്ട്. ടീമിനായി ബാറ്റിങ് പൊസിഷന്‍ മാറ്റിയപ്പോഴും തിളങ്ങാന്‍ ലക്ഷ്മണ് സാധിച്ചിരുന്നു.
രാഹുല്‍ ദ്രാവിഡും ടീമിനായി ഇഷ്ട ബാറ്റിങ് പൊസിഷന്‍ മാറ്റിയ താരമാണ്. മധ്യനിരയില്‍ കളിക്കാനാണ് ദ്രാവിഡിന് കൂടുതല്‍ താല്‍പര്യം. കരിയറിന്റെ ആദ്യ സമയത്ത് ദ്രാവിഡ് മധ്യനിരയിലാണ് ബാറ്റുചെയ്തിരുന്നത്. പിന്നീട് ടോപ് ഓഡറിലേക്ക് അദ്ദേഹത്തിന് ബാറ്റിങ് പൊസിഷന്‍ മാറ്റേണ്ടി വന്നു. ഏകദിനത്തില്‍ മൂന്ന്, നാല് ബാറ്റിങ് പൊസിഷനിലാണ് അദ്ദേഹം കൂടുതലായും കളിച്ചത്. ടെസ്റ്റില്‍ മൂന്നാം നമ്പറിലെ ഇന്ത്യയുടെ നട്ടെല്ലായിരുന്നു ദ്രാവിഡ്.
സൗരവ് ഗാംഗുലിയും ഇഷ്ട ബാറ്റിങ് പൊസിഷന്‍ മാറ്റിയ താരമാണ്. ഓപ്പണര്‍ റോളില്‍ കളിക്കാനായിരുന്നു ഗാംഗുലിക്ക് താല്‍പര്യം. എന്നാല്‍ നായകനായിരുന്ന സമയത്ത് പോലും ഗാംഗുലി തന്റെ ഇഷ്ട പൊസിഷന്‍ മറ്റ് താരത്തിനായി വിട്ടുകൊടുത്തു. ടീമിന്റെ സംതുലിതാവസ്ഥക്ക് പ്രാധാന്യം നല്‍കുന്നതിനായാണ് ഗാംഗുലി തന്റെ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്തത്. വീരേന്ദര്‍ സെവാഗിനായാണ് ഗാംഗുലി തന്റെ സ്ഥാനം വിട്ടുകൊടുത്തത്.