ധോണി അദ്ഭുതപ്പെടുത്തി
നെറ്റ്സില്‍ ധോണിയുടെ പ്രകടനം കണ്ടപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടു പോയതായി രാജീവ് കുമാര്‍ പറഞ്ഞു. കുറച്ചുകാലമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയോ, കളിക്കുകയോ ചെയ്യാതിരുന്നതിനാല്‍ അദ്ദേഹത്തിന് അതിന്റെ ആലസ്യമുണ്ടാവുമെന്നായിരുന്നു കരുതിയത്.
പക്ഷെ ഇത്രയും കാലം മാറി നിന്നതിന്റെ ലക്ഷണമൊന്നും ധോണിയില്‍ കണ്ടില്ല. ജാര്‍ഖണ്ഡ് ടീമിലെ മറ്റേതൊരു താരത്തെയും പോലെ ധോണിയും നന്നായി തന്നെ പരിശീലനം നടത്തിയതായും കോച്ച് വിശദമാക്കി.
മികച്ച ഷോട്ടുകള്‍
നെറ്റ്സില്‍ ബാറ്റിങ് പരിശീലനത്തില്‍ ധോണി കളിച്ച ഷോട്ടുകള്‍ കണ്ട് താന്‍ അമ്പരന്നു പോയതായി രാജീവ് കുമാര്‍ വെളിപ്പെടുത്തി. ബാറ്റിങ് പരിശീലനത്തില്‍ മികച്ച ഷോട്ടുകളാണ് ധോണിയില്‍ നിന്നു കണ്ടത്. പേസര്‍മാര്‍ക്കും സ്പിന്നര്മാര്ക്കുമെതിരേയെല്ലാം മികച്ച ടൈമിങോടെയുള്ള ഷോട്ടുകള്‍ ധോണി കളിച്ചു.
ഇത്രയും നീണ്ട ബ്രേക്കിനു ശേഷവും ധോണിയുടെ ബാറ്റിങ് മികവിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നു ഈ പ്രകടനം കണ്ടതോടെ തനിക്കു ബോധ്യമായതായും കോച്ച് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ കളിക്കും
ഇന്ത്യന്‍ ടീമിനു വേണ്ടി ഇനി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ധോണി തീര്‍ച്ചയായും ഇറങ്ങും. ദേശീയ ടീമിലെ ഭാവിയെ സംബന്ധിച്ചു അദ്ദേഹത്തിന് ഏറെ നിര്‍ണയകമാണ് ഈ ഐപിഎല്‍.
ടി20 ലോകകപ്പ് ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കെ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ ധോണിക്കു ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
മുഖ്യ കരാറില്‍ നിന്നൊഴിവാക്കി
ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും കഴിഞ്ഞ ദിവസം ധോണിയെ നീക്കിയിരുന്നു. ഇതു ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ധോണിയെപ്പോലൊരു താരത്തോട് ബിസിസിഐ കടുത്ത അവഗണനയാണ് കാണിച്ചതെന്നു പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ധോണിയെ കരാറില്‍ നിന്നൊഴിവാക്കിയതിനെക്കുറിച്ചു പ്രതികരിക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തയ്യാറായിരുന്നില്ല.