ലണ്ടന്‍: രവീന്ദ്ര ജഡേജയ്‌ക്കെതിരെ ജയിംസ് ആന്‍ഡേഴ്‌സണ്‍ നടത്തിയ അപമര്യാദയായ പെരുമാറ്റം ക്ഷമിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. സംഭവത്തില്‍ ഐ സി സി അന്വേഷണം നടത്തി ഇരുവരെയും വെറുതെ വിട്ടെങ്കിലും അത് അംഗീകരിക്കാന്‍ താന്‍ ഒരുക്കമല്ല എന്നാണ് ധോണിയുടെ നിലപാട്. ജഡേജയെ മാത്രമല്ല ധോണിയെയും ആന്‍ഡേഴ്‌സണ്‍ കടുത്ത ഭാഷയില്‍ ചീത്ത വിളിച്ചതായി ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുറത്തുപറയാന്‍ കൊള്ളാത്ത അത്രയും ചീത്ത വാക്കുകളാണ് ആന്‍ഡേഴ്‌സണ്‍ ധോണിയെയും ജഡേജയെയും വിളിച്ചത്. എന്നാല്‍ സംഭവത്തില്‍ ആന്‍ഡേഴ്‌സണെ കുറ്റക്കാരനല്ല എന്ന് കണ്ടെത്തി വിട്ടയക്കാനാണ് ഐ സി സിയുടെ കമ്മീഷന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ടീം മീനേജര്‍ സുനില്‍ ദേവിനെ ധോണി തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍, ഇന്ത്യക്കാരനായ ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെ സമീപിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ താരമായ ജഡേജയെ മാച്ച് ഫീസിന്റെ അമ്പത് ശതമാനം പിഴയടക്കാന്‍ വിധിച്ചപ്പോള്‍ ഇന്ത്യ അപ്പീല്‍ പോയിരുന്നു. ജഡേജയുടെ വിധിക്കെതിരെ അപ്പീല്‍ പോകരുതെന്ന ശ്രീനിവാസന്റെ വാക്കുകളെ തള്ളിയാണ് ധോണി അന്ന് അപ്പീല്‍ പോയത്.
ആന്‍ഡേഴ്‌സണും ജഡേജയും തമ്മില്‍ വഴക്കുണ്ടായ സംഭവം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിഷേധിക്കുന്നില്ല. എന്നാല്‍ ഇത് ചെറിയ ഒരു സംഭവമാണ് എന്നാണ് അവര്‍ പറുന്നത്. ആന്‍ഡേഴ്‌സണ്‍ ധോണിയെയും ജഡേജയെയും വിളിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ പുറത്തുവിടുന്ന വാക്കുകള്‍ പക്ഷേ അത്ര ചെറുതല്ല. ക്യാപ്റ്റന്‍ ധോണി തന്നെ സംഭവം ഏറ്റെടുത്തതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങളിലും ഇതിന്റെ തുടര്‍ച്ച കാണേണ്ടിവരും.