ധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരം
മുംബൈ: അടുത്തടുത്ത സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരങ്ങളാണ് ഇതിഹാസ നായകന്‍ എംഎസ് ധോണിയും മുന്‍ പേസര്‍ ആര്‍പി സിങും. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേയായിരുന്നു ധോണിയുടെ അരങ്ങേറ്റമെങ്കില്‍ തൊട്ടടുത്ത വര്‍ഷം സപ്തംബര്‍ നാലിന് സിംബാബ്‌വെയ്‌ക്കെതിരേയാണ് ആര്‍പി ആദ്യമായി ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്. ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം ചാപ്യന്‍മാരായപ്പോള്‍ ആര്‍പിയും സംഘത്തിലുണ്ടായിരുന്നു. അന്നു ഏഴു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്ത അദ്ദേഹം ടീമിനായി ഏറ്റവുമധികം വിക്കറ്റെടുത്ത താരം കൂടിയായിരുന്നു. താനും ധോണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍പി. ആകാഷ് ചോപ്രയുമായുള്ള ചാറ്റിലാണ് താരം മനസ്സ് തുറന്നത്.

ധോണി കരിയറില്‍ വളരെയേറെ ദൂരം മുന്നോട്ടു പോയി ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇപ്പോഴും തങ്ങളുടെ സൗഹൃദം പഴയതു പോലെ തന്നെ ദൃഢമാണെന്നു ആര്‍പി പറയുന്നു.
ധോണിയുമായി അന്നു മുതല്‍ ഒരുമിച്ച് സമയം പങ്കിടുമായിരുന്നു. പിന്നീട് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി മാറി. അതിനു ശേഷം ധോണിയുടെ കരിയര്‍ ഗ്രാഫ് മുകളിലേക്കായിരുന്നു. എന്നാല്‍ തങ്ങളുടെ സൗഹൃദം പഴയതു പോലെ തന്നെ തുടര്‍ന്നു. ഇപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുകയും ഒരുമിച്ച് പുറത്തു പോവുകയും ചെയ്യാറുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റെയും ധോണിയുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെന്നും ആര്‍പി വിശദമാക്കി.

ഇന്ത്യക്കു വേണ്ടി കൂടുതല്‍ കാലം കളിക്കണമെങ്കില്‍ താന്‍ എന്തായിരുന്നു ചെയ്യേണ്ടതെന്നു ധോണിയോടു ചോദിച്ചിരുന്നു. പക്ഷെ കൃത്യമായ ഒരു ഉത്തരം അദ്ദേഹത്തില്‍ നിന്നു ലഭിച്ചില്ലെന്നു ആര്‍പി വ്യക്തമാക്കി.
ധോണി കൃത്യമായ ഒരു മറുപടി ഇതേക്കുറിച്ച് തന്നോടു പറഞ്ഞിട്ടില്ല. അതെ, നീ നന്നായി അധ്വാനിക്കുന്നുണ്ട്. പക്ഷെ ഭാഗ്യമില്ലെന്നു തോന്നുവെന്നായിരുന്നു ധോണി പറഞ്ഞത്. ധോണിയുടെ ഈ വാക്കുകളോടു താന്‍ യോജിക്കുന്നതായും 34 കാരനായ ആര്‍പി വ്യക്തമാക്കി.
2007ലെ ടി20 ലോകകപ്പിനു ശേഷം വെറും മൂന്ന് ടി20കളില്‍ മാത്രമേ ആര്‍പിക്കു അവസരം ലഭിച്ചിട്ടുള്ളൂ. ഇന്ത്യക്കായി 14 ടെസ്റ്റുകളും 58 ഏകകദിങ്ങളിലും കളിച്ച അദ്ദേഹം 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ എന്തു കൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെന്നത് ഇപ്പോഴും തനിക്ക് അറിയില്ലെന്നു ആര്‍പി വ്യക്തമാക്കി. 2007ലെ ടി20 ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരമായിട്ടും 2009ലെ ഐപിഎല്ലില്‍ 23 വിക്കറ്റുകള്‍ പിഴുത് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കിരീടവിജയത്തിനു ചുക്കാന്‍ പിടിച്ചിട്ടും താന്‍ തഴയപ്പെട്ടതായി പേസര്‍ ചൂണ്ടിക്കാട്ടി.
മികച്ച ഫോമില്‍ കളിച്ചിട്ടും ടെസ്റ്റിലോ, ഏകദിനത്തിലോ സ്വന്തം സ്ഥാനം ഭദ്രമാക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ മൂന്നോ, നാലോ സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്തത് താനായിരുന്നു. എന്നാല്‍ ദേശീയ ടീമില്‍ ഇത് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. ഒരുപക്ഷെ ക്യാപ്റ്റനു തന്നില്‍ വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കാം, അല്ലെങ്കില്‍ തന്റെ പ്രകടനത്തില്‍ അവര്‍ തൃപ്തരല്ലാത്തതിനാലാവാം. സെലക്ടര്‍മാര്‍ ഇപ്പോഴും അതിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. താന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കഠിനാനാധ്വാനം ചെയ്യൂ, നിങ്ങളുടെ സമയം വരുമെന്നായിരുന്നു അവരുടെ മറുപടിയെന്നും ആര്‍പി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications