ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാവും ഉണ്ടാവുക. ഐസിസി കിരീടങ്ങളുടെ എണ്ണം നോക്കുമ്പോള്‍ എംഎസ് ധോണിയാണ് കേമന്‍. മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യയുടെ കപില്‍ ദേവാണ് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത മറ്റൊരു നായകന്‍. കിരീടങ്ങള്‍ പരിഗണിക്കുമ്പോള്‍ ധോണിക്ക് എതിരാളികളില്ല. എന്നാല്‍ ആക്രമണോത്സകത ഇഷ്ടപ്പെടുന്നവര്‍ക്ക് വിരാട് കോലിയാണ് മികച്ച നായകന്‍.
ടി20യെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലര്‍ക്ക് രോഹിത്താണ് മികച്ച നായകന്‍. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഇവരില്‍ ആരാണ് ബെസ്റ്റ് ടെസ്റ്റ് നായകന്‍ എന്ന് പറയുക പ്രയാസമാണ്. എന്നാല്‍ കണക്കുകള്‍ വിലയിരുത്തി ഏറ്റവും കേമന്‍ ആരാണെന്ന് പരിശോധിക്കാം. 2014 മുതല്‍ 2022വരെയാണ് വിരാട് കോലി ഇന്ത്യന്‍ ടീമിനെ അടക്കി ഭരിച്ചത്. 68 ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കോലിക്കായി.
58.82 ആണ് കോലിയുടെ വിജയ ശതമാനം. ഇന്ത്യയുടെ ക്യാപ്റ്റന്മാരില്‍ കൂടുതല്‍ ടെസ്റ്റ് ജയം നേടിക്കൊടുത്തത് കോലിയാണ്. 40 ജയവും 11 സമനിലയും കോലി ടീമിന് നേടിക്കൊടുത്തു. എംഎസ് ധോണിയിലേക്ക് വരുമ്പോള്‍ ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഏക നായകനാണ് അദ്ദേഹം.
2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. 60 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ധോണിയുടെ വിജയ ശതമാനം 45 ആണ്.
മറ്റാരും ചിന്തിക്കാത്ത വഴിയിലൂടെ തന്ത്രം മെനയുകയും തോല്‍ക്കുമെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് മത്സരത്തെ വിജയത്തിലേക്ക് എത്തിക്കുന്നതിലും ധോണിയുടെ മിടുക്ക് അപാരമാണ്. വ്യത്യസ്തമായ തന്ത്രം മെനയുന്ന നായകന്മാരില്‍ ധോണിയോളം മികവ് ആര്‍ക്കുമില്ലെന്നതാണ് വസ്തുത. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ധോണിക്ക് വലിയ ടൂര്‍ണമെന്റുകളില്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ അപാരമായ മികവാണുള്ളത്.

സൗരവ് ഗാംഗുലി 2000-2005വരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന നായകനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഒത്തുകളി വിവാദത്തില്‍പ്പെട്ട് പ്രയാസപ്പെട്ട സാഹചര്യത്തില്‍ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയും 2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിപ്പിക്കുകയും ചെയ്ത താരമാണ് ഗാംഗുലി.
49 ടെസ്റ്റില്‍ നിന്ന് 21 ജയമാണ് ഗാംഗുലി ഇന്ത്യക്ക് നേടിക്കൊടുത്തത്. 42.85 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീം ശക്തമായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഒന്നിച്ച് കളിച്ചിരുന്ന സമയമായിരുന്നു അത്. ആക്രമണോത്സകതയിലേക്ക് ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയ നായകനാണ് ഗാംഗുലി. അതുകൊണ്ടുതന്നെ പലരുടേയും ഇപ്പോഴത്തെ ഹീറോ ഗാംഗുലിയാണെന്ന് പറയാം.
ഇന്ത്യയുടെ ഏറ്റവും ധൈര്യശാലിയായ നായകനെന്ന് ഗാംഗുലിയെ വിളിച്ചാലും തെറ്റാവില്ല. മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു നായകന്‍. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ ഇതിഹാസമായി വിരമിക്കാന്‍ പ്രതിഭയുള്ളവനായിരുന്നു അസ്ഹറുദ്ദീന്‍.
47 ടെസ്റ്റില്‍ നിന്ന് 17 ജയവും 19 സമനിലയുമാണ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ നേടിയത്. 29.78 ആണ് ഗാംഗുലിയുടെ വിജയ ശതമാനം. 90കളിലെ ആരാധകരുടെ ഹീറോയായിരുന്നു അസ്ഹറുദ്ദീന്‍. ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ 47 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 9 ജയവും 30 സമനിലയുമാണ് അദ്ദേഹം നേടിയത്. 19.14 ആണ് ഗവാസ്‌കറിന്റെ വിജയ ശതമാനം. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി 40 ടെസ്റ്റിലാണ് ഇന്ത്യയെ നയിച്ചത്.
9 ജയവും 12 ജയവും ടീമിന് നേടിക്കൊടുത്തു. 22.50 ആണ് വിജയ ശതമാനം. 1983ലെ ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച് നായകനാണ് കപില്‍ ദേവ്. മുന്നില്‍ നിന്ന് നയിക്കുന്ന ഓള്‍റൗണ്ടറാണ് കപില്‍ ദേവ്.
34 ടെസ്റ്റിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. 4 ജയവും 22 സമനിലയും വഴങ്ങി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ നായകനാണ് കപില്‍ ദേവെന്ന് പറയാം. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ മറ്റൊരു നായകന്‍.
ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനാണെങ്കിലും നായകനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ദ്രാവിഡ്. 2007ലെ ഏകദിന ലോകകപ്പില്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ നാണംകെട്ടത്. ഇന്ത്യയെ 25 ടെസ്റ്റിലാണ് ദ്രാവിഡ് നയിച്ചത്. 8 ജയവും 11 സമനിലയുമാണ് ടീം വഴങ്ങിയത്. 32 ആണ് ടീമിന്റെ വിജയ ശതമാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 25 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 4 ജയവും 12 സമനിലയുമാണ് നേടിയയത്.