ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് മുന്‍ ഇതിഹാസം എംഎസ് ധോണി, വിരാട് കോലി, നിലവിലെ നായകനായ രോഹിത് ശര്‍മ എന്നിവര്‍. ഇവരില്‍ ആരാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നും നായകരെന്ന നിലയില്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്തെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ നമാന്‍ ഓജ.
ഇന്ത്യക്കായി മൂന്നു ഫോര്‍മാറ്റുകളും കളിക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ടെസ്റ്റിലും ഏകദിനത്തിലും ഓരോ മല്‍സരം വീതവും ടി2യില്‍ രണ്ടു മല്‍സരങ്ങളുമാണ് ഓജയ്ക്കു കളിക്കാന്‍ ഭാഗ്യമുണ്ടായത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാബാദ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായും 41 കാരനായ താരം നേരത്തേ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷവും മുന്‍ താരങ്ങള്‍ക്കായുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് ഓജ. സ്‌പോര്‍ട്‌സ് യാരിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ധോണി, രോഹിത്, കോലി എന്നിവരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചത്.

2016ലെ ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടിയപ്പോള്‍ ഓജ ടീമിന്റെ ഭാഗമായിരുന്നു. 2009, 2011 സീസണുകള്‍ക്കു ശേഷം ആര്‍സിബിയുടെ മൂന്നാമത്തെ ഫൈനല്‍ തോല്‍വി കൂടിയായിരുന്നു ഇത്. അന്നു എന്തുകൊണ്ടാണ് ആര്‍സിബി തോല്‍വിയിലേക്കു വീണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂവരുടെയും ക്യാപ്റ്റന്‍സി
എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നമാന്‍ ഓജ. എംഎസ് ധോണി വളരെ കൂളായിട്ടുള്ള ക്യാപ്റ്റനാണ്. കളിക്കളത്തില്‍ ഒരു താരത്തെ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നു അദ്ദേഹത്തിനു നന്നായിട്ട് അറിയാം.
എന്നാല്‍ വിരാട് കോലി വളരെ അഗ്രസീവായിട്ടുള്ള ക്യാപ്റ്റനാണ്. ഓരോ വ്യക്തികളും തികച്ചും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ അദ്ദേഹം വളരെ ശാന്തപ്രകൃതമുള്ള, കൂളായിട്ടുള്ള വ്യക്തിയാണ്. ഓരോ കളിക്കാരുടെയും കഴിവുകളിലാണ് രോഹിത് ഫോക്കസ് ചെയ്യാറുള്ളതെന്നും നമാന്‍ ഓജ വിലയിരുത്തി.
ക്യാപ്റ്റന്‍മാരെന്ന നിലയില്‍ മൂന്നു പേര്‍ക്കും റാങ്കിങ് നല്‍കിയാല്‍ തലപ്പത്ത് ധോണിയായിരിക്കും. രോഹിത് രണ്ടാമതും കോലി മൂന്നാമതുമായിരിക്കും. ധോണി നേടിയിട്ടുള്ള ട്രോഫികള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ഞാന്‍ ഒന്നാമനാക്കിയത്. തന്റെ ശാന്തമായ സമീപനത്തിലൂടെ കളിക്കളത്തില്‍ മികച്ച റിസല്‍റ്റുകളുണ്ടാക്കാനും ധോണിക്കായിട്ടുണ്ടെന്നും ഓജ നിരീക്ഷിച്ചു.
കോലിയേക്കാള്‍ നല്ല വ്യക്തി രോഹിത്
രോഹിത് ശര്‍മ, വിരാട് കോലി ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ രോഹിത്തിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു നമാന്‍ ഓജ വ്യക്തമാക്കി. രണ്ടു പേരില്‍ രോഹിത് ശര്‍മയെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. കാരണം ഒരു വ്യക്തിയെന്ന നിലയില്‍ രോഹിത്താണ് കൂടുതല്‍ നല്ലതായിട്ടു തോന്നിയത്.

ഇന്ത്യന്‍ ടീമിനോടൊപ്പം ഞാന്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ രോഹിത് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അദ്ദേഹം എന്നെ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. രോഹിത് ഇത്രയും വലിയൊരു പ്ലെയറായി തനിക്കു ഒരിക്കലും തോന്നിയിട്ടില്ലെന്നും ഓജ പറയുന്നു.
2016ലെ ഐപിഎല്‍ ഫൈനല്‍
2016ലെ ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനോടു വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്തുകൊണ്ടാണ് തോറ്റത് എന്നതിനെക്കുറിച്ചും നമാന്‍ ഓജ മനസ്സ് തുറന്നു. ഫൈനലില്‍ ഒരു സ്‌പെഷ്യലിസ്റ്റ് കീപ്പറെ അന്നു ആര്‍സിബി കളിപ്പിച്ചിരുന്നില്ല. ഇതു കാരണം ബൈ ആയിട്ട് 12-13 റണ്‍സ് അവര്‍ വഴങ്ങുകയും ചെയ്തു. ഒന്ന്-രണ്ടു ക്യാച്ചുകളും ഫൈനലില്‍ ആര്‍സിബി നഷ്ടപ്പെടുത്തി.
ബൈ ആയിട്ടുള്ള റണ്‍സ് ഫൈനല്‍ പോലെയൊരു പ്രധാനപ്പെട്ട മല്‍സരത്തില്‍ വളരെ നിര്‍ണായകമാണ്. നഷ്ടപ്പെടുത്തിയ ആ കാച്ചുകള്‍ മുതലാക്കിയിരുന്നെങ്കില്‍ ആര്‍സിബിക്കു കളിയില്‍ നിയന്ത്രണമേറ്റെടുക്കാന്‍ സാധിച്ചേനെ.
ടീം കോമ്പിനേഷനാണ് ആര്‍സിബിക്കു വില്ലനായി മാറുന്നത്. ശരിയായ കോമ്പിനേഷനെ കളിപ്പിക്കേണ്ടത് പ്രധാനമാണ്. ആ കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു നിങ്ങള്‍ മനസ്സിലാക്കുകയും വേണമെന്നും ഓജ കൂട്ടിച്ചേര്‍ത്തു.