മെല്‍ബണ്‍: മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചു. എന്നാല്‍ ധോണിയാകട്ടെ ആലോചിച്ച് ഉറപ്പിച്ചെടുത്തതായിരുന്നു ആ തീരുമാനം.
അങ്ങനെയൊക്കെ ആണെങ്കിലും താന്‍ ടെസ്റ്റില്‍ നിന്ന വിരമിക്കുകയാണെന്ന് ടീം അംഗങ്ങളോട് പറഞ്ഞപ്പോള്‍ ധോണി വികാരാധീനനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിന് പിറകെയാണ് ധോണി പ്രഖ്യാപനം നടത്തിയത്.

ക്യാപ്റ്റന്‍ കൂള്‍ എന്നൊക്കെ ആണ് അറിയപ്പെടുന്നതെങ്കിലും ഡ്രസ്സിങ് റൂമില്‍ ധോണി പൊട്ടിക്കരയുകയോ വിതുമ്പിക്കരയുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. ധോണി വീകാരാധീനനായിരുന്നു എന്ന് വെളിപ്പെടുത്തിയത് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടീല്‍ ആണ്. ഡ്രസ്സില്‍ റൂമിലുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞതാണത്രെ ഇത്.
എന്നാല്‍ ധോണി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിനെ കുറിച്ച് ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെയാണ്- ധോണി ഡ്രസ്സിങ് റൂമിലേക്ക് കടന്ന് വന്നു. ടീം അംഗങ്ങളോടെല്ലാം അടുത്ത് വരാന്‍ പറഞ്ഞു. എല്ലാവരേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് തുറന്ന് പറഞ്ഞു- എല്ലാ ഫോര്‍മാറ്റിലും ഉള്ള ക്രിക്കറ്റ് എനിക്ക് തുടര്‍ന്നും കളിക്കാനിവല്ല. അതുകൊണ്ട് ഞാന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു.
ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ് രവി ശാസ്ത്രി. അവസാന നിമിഷം വരെ ധോണി, ധോണിയായിത്തന്നെ നിന്നു എന്നാണ് ശാസ്ത്രി പറയുന്നത്. എല്ലാ ക്രിക്കറ്റും തനിക്ക് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ടീം അംഗങ്ങളോട് തുറന്നുപറയാനുള്ള ആര്‍ജ്ജവം ധോണി കാണിച്ചെന്നും രവി ശാസ്ത്രി പറയുന്നു.