'സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ധോണി അന്ന് മുന്നറിയിപ്പ് നല്‍കി', സംഭവം വെളിപ്പെടുത്തി കാര്‍ത്തിക്

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്ന കാര്യമാണ് ക്യാപ്റ്റന്‍സി. വിരാട് കോലിയുടെ രാജിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും മാറ്റിയതിന് പിന്നാലെ അപ്രതീക്ഷിതമായി കോലി ടെസ്റ്റ് നായകസ്ഥാനവും രാജിവെച്ചു. ഇത് ഇന്ത്യന്‍ ടീമിനെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
പരിമിത ഓവറില്‍ കോലിക്ക് ഉത്തമ പകരക്കാരനായി രോഹിത് ശര്‍മയുണ്ടെങ്കിലും ടെസ്റ്റില്‍ ആരെന്നത് വലിയ ചോദ്യമാണ്. ടീമിന്റെ പ്രകടനനിലവാരം താഴോട്ട് പോകാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിമിത ഓവറില്‍ ഒരു നായകന്‍ ടെസ്റ്റില്‍ മറ്റൊരു നായകനെന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാഹചര്യത്തില്‍ ഫലപ്രദമാവുമോയെന്നതും പ്രസക്തമായ ചോദ്യമാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനുള്ള സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നേരത്തെ പറഞ്ഞ കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. വിരാട് കോലി പെട്ടെന്ന് നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറയാനാവില്ലെങ്കിലും ധോണി പറഞ്ഞ കാര്യമാണ് കാര്‍ത്തിക് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നത്. 'ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വളരെ പ്രയാസമുള്ള കാര്യമാണ്' എന്നാണ് ധോണി പറഞ്ഞതെന്നാണ് കാര്‍ത്തിക് വെളിപ്പെടുത്തിയത്. എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലി പെട്ടെന്ന് നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് പറയാനാവില്ലെങ്കിലും കോലിയുടെ അധ്വാനത്തെക്കുറിച്ച് ഓര്‍ക്കണമെന്നും കാര്‍ത്തിക് പറഞ്ഞു. ' കോലി എന്തുകൊണ്ടാണ് പെട്ടെന്ന് നായകസ്ഥാനം ഒഴിഞ്ഞതെന്ന് ഉത്തരം പറയാന്‍ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ആ തീരുമാനത്തിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയെ മികച്ച നിലയില്‍ നയിക്കുകയും വളരെ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യാന്‍ കോലിക്കായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമെന്ന നിലയില്‍ ഓരോ മത്സരത്തിലും കോലി നടത്തിയ അധ്വാനത്തെക്കുറിച്ച് വ്യക്തമായി അറിയാം'- കാര്‍ത്തിക് പറഞ്ഞു.

യുഎഇ വേദിയായി ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ വ്യക്തമാക്കുകയും ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുകയും ചെയ്തു. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നായിരുന്നു കോലി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിപ്പിച്ച് അദ്ദേഹത്തെ ഏകദിന നായകസ്ഥാനത്തു നിന്നും മാറ്റി. പകരം രോഹിത് ശര്‍മക്ക് പരിമിത ഓവറില്‍ നായകസ്ഥാനം നല്‍കി. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടായിരുന്നു.
വേണ്ടത്ര ആലോചനയില്ലാതെയാണ് കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി കോലിക്കുണ്ടായ അഭിപ്രായ ഭിന്നതയും കോലിയെ വലിയ നിരാശനാക്കി. സമീപകാലത്തെ കോലിയുടെ മോശം ബാറ്റിങ് പ്രകടനവും ചോദ്യമായി ഉയര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ കോലി ടെസ്റ്റ് നായകസ്ഥാനവും ഒഴിയുകയായിരുന്നു. ടെസ്റ്റില്‍ മറ്റൊരു ഇന്ത്യന്‍ നായകനും എത്തിക്കാനാവാത്ത ഉയരങ്ങളിലേക്ക് കോലിക്ക് ഇന്ത്യയെ എത്തിക്കാന്‍ സാധിച്ചു.

നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിടാത്ത ടീമായി ഇന്ത്യയെ വളര്‍ത്തിയ കോലി ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും നേടിക്കൊടുത്തു. നായകനെന്ന നിലയില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയാണ് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നില്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തം. കോലിയുടെ കീഴില്‍ ആക്രമണോത്സകതയോടെ കളിച്ച ഇന്ത്യന്‍ ടീമിലെ ഇതേ മികവോട് മുന്നോട്ട് കൊണ്ടുപോവുക ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പ്.
2019ലെ ഏകദിന ലോകകപ്പില്‍ കോലിക്ക് കീഴില്‍ കളിച്ചതിന്റെ ഓര്‍മ്മയും കാര്‍ത്തിക് പങ്കുവെച്ചു. ' കോലിയെക്കൊണ്ട് സാധ്യമായതെല്ലാം അദ്ദേഹം കാഴ്ചവെച്ചു. ആ യാത്രയുടെ ഭാഗമാവാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് കോലി. തിരിഞ്ഞുനോക്കുമ്പോള്‍ നായകനെന്ന നിലയില്‍ മനോഹരമായ നിരവധി ഓര്‍മകളാണ് കോലിക്കുള്ളത്' -കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications