ധോണി, യുവി, സെവാഗ്, ദ്രാവിഡ്- യാത്രയപ്പ് ലഭിക്കാത്ത താരങ്ങളുമായി ഇര്‍ഫാന്റെ സൂപ്പര്‍ ഇലവന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം മികച്ച പ്രകടനം നടത്തിയിട്ടും അര്‍ഹിച്ച യാത്രയയപ്പ് ലഭിക്കാതെ അവഗണിക്കപ്പെട്ട ഒരുപാട് മികച്ച താരങ്ങളുണ്ട്. വമ്പന്‍ താരങ്ങളെ തന്നെ നമുക്ക് ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഈ നിരയിലെ അവസാനത്തെ രണ്ടു പേരാണ് അടുത്തിടെ വിരമിച്ച മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും. ഇവരില്‍ ധോണിക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും റെയ്‌നയുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഈ തരത്തില്‍ വിടവാങ്ങലിനു അവസരം ലഭിക്കാതെ വിസ്മൃതിയിലായ ചില മുന്‍ സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഒരു വിടവാങ്ങല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ഇലവന്‍ ആരാധകരുമായി പങ്കുവച്ചത്. തന്റെ ഇലവനും നിലവിലെ ഇന്ത്യന്‍ ടീമും തമ്മില്‍ ഒരു പ്രദര്‍ശന മല്‍സരം സംഘടിപ്പിക്കണമെന്നാണ് ഇര്‍ഫാന്റെ ആവശ്യം. ഇത് നടക്കുകയാണെങ്കില്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അവിസ്മരണീയ മുഹൂര്‍ത്തം കൂടിയായിരിക്കും.

സെവാഗും ഗംഭീറും
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെയും ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട താരങ്ങളിലൊരാളുമായ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീറിനെയുമാണ് ഇര്‍ഫാന്‍ തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള താരങ്ങളാണ് ഇരുവരുമെന്ന് നിസംശയം പറയാം. എന്നാല്‍ ഇവര്‍ക്കു ബിസിസിഐ വിടാവാങ്ങല്‍ മല്‍സരത്തിനു അവസരം നല്‍കിയിരുന്നില്ല. വിരമിക്കുന്നതിനു മുമ്പ് സെവാഗും ഗംഭീറും രണ്ടു വര്‍ഷത്തോളം ദേശീയ ടീമിന് പുറത്തായിരുന്നുവെന്നാണ് ഏറ്റവും നിരാശാജനമായ കാര്യം. ഗംഭീറിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഡല്‍ഹി വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിച്ച് നേരത്തേ ആദരിച്ചിരുന്നു.

ദ്രാവിഡ്, ലക്ഷ്മണ്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രണ്ടു ബാറ്റിങ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരമായിരുന്നെങ്കില്‍ ടെസ്റ്റില്‍ ടീമിന്റെ നട്ടെല്ലായിരുന്നു ലക്ഷ്മണ്‍. 2012ലായിരുന്നു ദ്രാവിഡ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്നു അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളി മതിയാക്കുന്നതായി പ്രഖ്യാപിച്ച ശേഷം ഒരു യാത്രയയപ്പ് മല്‍സരം ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായില്ല.
ലക്ഷ്മണും ഇതേ വര്‍ഷമായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിച്ച് വിരമിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷെ പരമ്പരയ്ക്കു മുമ്പ് ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

യുവരാജ്, റെയ്‌ന, ധോണി
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഏറ്റവും ഒടുവില്‍ വിരമിച്ച റെയ്‌ന, ധോണി എന്നിവരാണ് ഇര്‍ഫാന്റെ ഇലവനിലെ മറ്റുള്ളവര്‍. ദേശീയ ടീമിനു പുറത്തായിരുന്നപ്പോള്‍ യുവിക്കു ഒരു വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ അവസരം നല്‍കാമെന്നു ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇതു നിരസിക്കുകയായിരുന്നു. വിരമിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന യുവി ദേശീയ ടീമില്‍ മടങ്ങിയെത്തുന്നതിനായിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്. ഒടുവില്‍ ഇത് അസാധ്യമാണെന്നു ബോധ്യമായതോടെ 2019ല്‍ കളി മതിയാക്കുകയും ചെയ്തു.
ധോണിയാവട്ടെ കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അവസാന മല്‍സരം കളിച്ചത്. ശേഷം അദ്ദേഹം ദേശീയ ടീമില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. റെയ്‌നയുടെ കാര്യമെടുത്താല്‍ 2018നു ശേഷം അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല.

ബൗളിങ് നിര
വിടവാങ്ങല്‍ ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ ഇര്‍ഫാന്‍ സ്വയം തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരാണ് മറ്റു ബൗളര്‍മാര്‍. ദീര്‍ഘകാലം ദേശീയ ടീമിനു പുറത്തിരുന്ന ശേഷമായിരുന്നു ഇര്‍ഫാനും അഗാര്‍ക്കറും വിരമിച്ചത്. സ്പിന്നര്‍ ഓജയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ദേശീയ ടീമിനായി കളിച്ച അവസാനത്തെ മല്‍സരത്തില്‍ 10 വിക്കറ്റെടുത്തിട്ടും പിന്നീടൊരിക്കലും ഓജയെ ഇന്ത്യ കളിപ്പിച്ചില്ല.
ഇന്ത്യയുടെ പേസ് ഇതിഹസമെന്ന് തന്നെ വിശേഷിപ്പിക്കപ്പെടുന്ന സഹീര്‍ 2015ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞത്. വിമരിച്ച ശേഷം ഐപിഎല്ലില്‍ രണ്ടു വര്‍ഷം കൂടി അദ്ദേഹം കളിച്ചിരുന്നു.

ഇര്‍ഫാന്റെ ഇലവന്‍
ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications