ഐപിഎല്‍: ഓള്‍ ടൈം ബെസ്റ്റ് ക്യാപ്റ്റനാര്? രണ്ടു പേര്‍! മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍ എല്ലാമറിയാം
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊറോണ വൈറസ് ഭീഷണി കാരണം അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ഇതുവരെയുള്ള സീസണുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ചവര്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിദഗ്ധ ജൂറി. 50 അംഗങ്ങളുപ്പെട്ടതാണ് ജൂറി. 20 മുന്‍ താരങ്ങളും 10 മുതിര്‍ന്ന കായിക മാധ്യമപ്രവര്‍ത്തകരും 10 വീതം സ്റ്റാറ്റിസ്റ്റീഷ്യന്‍സും അനാലിസ്റ്റിസ്റ്റുമാണ് പാനലിലുള്‍പ്പെട്ടത്.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു വൈറസ് കൂടുതല്‍ പേര്‍ക്കു റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി. ഇതിനിടെ രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയയതോടെ ഐപിഎല്‍ അനിശ്ചിതമായി മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

മികച്ച ക്യാപ്റ്റന്‍
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരാളായിരുന്നില്ല, മറിച്ച് രണ്ടു പേരായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണിയും ഈ നേട്ടം പങ്കിടുകയായിരുന്നു.
രോഹിത് നാലു തവണയും ധോണി മൂന്നു വട്ടവും ഐപിഎല്‍ ട്രോഫിയേറ്റു വാങ്ങിയിട്ടുണ്ട്. എന്നാല്‍ കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമും ഏറ്റവുമധികം ഫൈനല്‍ കളിച്ച ടീമും സിഎസ്‌കെയാണ്. അവരുടെ ഈ സ്ഥിരത തന്നെയാണ് രോഹിത്തിനേക്കാള്‍ ഒരു ട്രോഫി കുറവായിട്ടും ഒന്നാംസ്ഥാനം പങ്കിടാന്‍ ധോണിയെ സഹായിച്ചതെന്നു വ്യക്തം.

മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെയും ബൗളറെയും ജൂറി തിഞ്ഞെടുത്തിട്ടുണ്ട്. രണ്ടും വിദേശ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് മികച്ച ബാറ്റ്‌സ്മാന്‍.
പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിയുന്ന ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് ഐപിഎല്ലിലെ മികച്ച ബൗളര്‍. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനും മലിങ്കയാണ്. 170 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

കോലിക്കും അംഗീകാരം
ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഇതുവരെ ആര്‍സിബിക്കൊപ്പം കിരീട വിജയം നേടാനായില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 177 മല്‍സരങ്ങളില്‍ നിന്നും 5412 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളതും അദ്ദേഹം തന്നെയാണ്.

വാട്‌സന്‍, ഫ്‌ളെമിങ്
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവും ഓസ്‌ട്രേലിയയുടെ മുന്‍ നായകനുമായ ഷെയ്ന്‍ വാട്‌സനാണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍. 2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വാട്‌സനായിരുന്നു. 2018ല്‍ സിഎസ്‌കെയോടൊപ്പവും വാട്‌സന്‍ ഐപിഎല്‍ കിരീടമേറ്റു വാങ്ങിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള ഫൈനലില്‍ സെഞ്ച്വറി നേടിയ വാട്‌സനായിരുന്നു സിഎസ്‌കെയുടെ ഹീറോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications