ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെടുന്ന താരങ്ങളിലൊരാളാണ് മറുനാടന്‍ മലയാളി കൂടിയായ ഇടംകൈയന്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ മാത്രമേ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ടീമിന് പുറത്തായിരുന്നു ദേവ്ദത്തിന്റെ സ്ഥാനം.
ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരം അവിടെ കസറുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം സെമി ഫൈനലില്‍ ജയിച്ച് കര്‍ണാടക ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ടീമിന്റെ ഹീറോയായത് ദേവ്ദത്താണ്. ബാറ്റിങില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും താരം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

സെമിയിലെ പ്രകടനം
ഹരിയാനയ്‌ക്കെതിരായ സെമി ഫൈനലില്‍ 86 റണ്‍സുമായാണ് ദേവ്ദത്ത് പടിക്കല്‍ കസറിയത്. നേരത്തേ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ബറോഡയ്‌ക്കെതിരേ അദ്ദേഹം സെഞ്ച്വറി (102) കുറിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ദേവ്ദത്ത് കൈയടി നേടിയത്. കഴിഞ്ഞ രണ്ടു സീസണുകള്‍ക്കിടെ വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി ഏഴാമത്തെ കളിയിലാണ് താരം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കണ്ടെത്തിയത്.
വമ്പന്‍ റെക്കോര്‍ഡ്
സെമി ഫൈലിലെ മിന്നുന്ന പ്രകടനത്തിനിടെയാണ് വമ്പന്‍ റെക്കോര്‍ഡും ദേവ്ദത്ത് പടിക്കലിനെ തേടിയെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ശരാശരിയോടെ 2000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. 82.38 എന്ന അതിശയിപ്പിക്കുന്ന ശരാശരിയോടെയാണ് ദേവ്ദത്ത് ഈ നേട്ടത്തിലെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 2000 തികച്ച ബാറ്റര്‍മാരില്‍ നിലവില്‍ ലോകത്തു ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളതും അദ്ദേഹത്തിനു തന്നെയാണ്.
ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി പോലും ഈ ലിസ്റ്റില്‍ ദേവ്ദത്തിന്റെ ഏഴയലത്തു എത്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 57.05 ശരാശരിയിലായിരുന്നു കോലി 2000 റണ്‍സ് പിന്നിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച ശരാശരിയോടെ 2000 തികച്ചവരെയെടുത്താല്‍ ആര്‍ക്കും തന്നെ 60ന് മുകളില്‍ ശരാശരിയില്ല.
റുതുരാജ് ഗെയ്ക്വാദ് (58.16), ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ബെവന്‍ (57.86), സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (53.46) എന്നിവരെയെല്ലാം നിഷ്പ്രഭരാക്കിയാണ് ദേവ്ദത്ത് ലിസ്റ്റ് എ ക്രിക്കറ്റിലെ പുതിയ കിങായി മാറിയിരിക്കുന്നത്. ദേവ്ദത്തിന്റെ ലിസ്റ്റ് എ കരിയറെടുത്താല്‍ 32 മല്‍സരങ്ങളില്‍ നിന്നും 82.52 ശരാശരിയില്‍ 2063 റണ്‍സാണ് സമ്പാദ്യം. ഒമ്പതു സെഞ്ച്വറകളും 12 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അതേസമയം, ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷമവസാനം പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നു ദേവ്ദത്ത്. അവിടെ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലും താരം കളിച്ചു. തുടര്‍ന്ന് പ്രൈം മിനിസ്റ്റര്‍ ഇലവനുമായി ഇന്ത്യന്‍ ടീം സന്നാഹ മല്‍സരം കളിച്ചപ്പോഴും അദ്ദേഹം ഇലവനിലുണ്ടായിരുന്നു.
ഇതിനു ശേഷം പെര്‍ത്തെിലെ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് ദേവ്ദത്തിന് ഇലവനില്‍ ഇടം നേടിക്കൊടുത്തത്. പക്ഷെ ഈ അവസരം വേണ്ടത്ര മുതലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 0,2 എന്നിങ്ങനെ സ്‌കോറുകള്‍ക്കു താരം പുറത്താവുകയായിരുന്നു. അതിനു ശേഷം രോഹിത്തും ഗില്ലും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയപ്പോള്‍ ദേവ്ദത്തിന് സ്ഥാനവും നഷ്ടമായി.