ചെന്നൈ: ദിയോദാര്‍ ട്രോഫിയില്‍ അത്ഭുത പ്രകടനവുമായി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് താരത്തിനെതിരേ എപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നതെങ്കിലും ഇത്തവണ അതെല്ലാം കൈയടിയാക്കി മാറ്റാന്‍ പരാഗിന് സാധിച്ചിരിക്കുകയാണ്. നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ ഈസ്റ്റ് സോണിനായി ഓള്‍റൗണ്ട് പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്. പരാഗിന്റെ മികവില്‍ 88 റണ്‍സിന്റെ വമ്പന്‍ ജയവും ഈസ്റ്റ് സോണ്‍ സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഈസ്റ്റ് സോണ്‍ എട്ട് വിക്കറ്റിന് 337 റണ്‍സെടുത്തപ്പോള്‍ നോര്‍ത്ത് സോണ്‍ 45.3 ഓവറില്‍ 249 റണ്‍സില്‍ കൂടാരം കയറി. ഈസ്റ്റ് സോണ്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട സമയത്തായിരുന്നു പരാഗ് ഹീറോയായത്.
ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരന്‍ (10), ഉദ്കര്‍ഷ് സിങ് (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വിരാട് സിങ് (2), സുബ്രന്‍ശു സേനാപതി (13), നായകന്‍ സൗരഭ് തിവാരി (16) എന്നിവരും പെട്ടെന്ന് പുറത്തായതോടെ അഞ്ച് വിക്കറ്റിന് 57 എന്ന നിലയിലേക്ക് ഈസ്റ്റ് സോണ്‍ തകര്‍ന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ റിയാന്‍ പരാഗും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് ഈസ്റ്റ് സോണിനെ രക്ഷിക്കുകയായിരുന്നു. 102 പന്തുകള്‍ നേരിട്ട് 5 ഫോറും 11 സിക്‌സും ഉള്‍പ്പെടെ 131 റണ്‍സാണ് പരാഗ് നേടിയത്. ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സറുകളാണ് അദ്ദേഹം പറത്തിയത്. ശുപാര്‍ശയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നവനാണ് പരാഗ് എന്ന് പറയുന്നവരുടെ മുഖത്തേക്കായിരുന്നു താരത്തിന്റെ ഓരോ ഷോട്ടും.
കടന്നാക്രമിച്ച് കളിച്ച പരാഗ് നോര്‍ത്ത് സോണ്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കിയില്ല. മായങ്ക് യാദവിന് വിക്കറ്റ് നല്‍കി പരാഗ് പുറത്താവുമ്പോള്‍ 293 എന്ന മികച്ച സ്‌കോറിലേക്ക് ഈസ്റ്റ് സോണ്‍ എത്തിയിരുന്നു. കുമാര്‍ കുശാഗ്രയ്ക്ക് ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ല.
87 പന്ത് നേരിട്ട് 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 98 റണ്‍സാണ് കുമാര്‍ കുശാഗ്ര നേടിയത്. ഇരുവരും ചേര്‍ന്ന് 235 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ സൃഷ്ടിച്ചത്. നോര്‍ത്ത് സോണിനായി മായങ്ക് യാദവ് നാലും ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി.
ബാറ്റിങ് മികവിന് പിന്നാലെ പന്തുകൊണ്ടും പരാഗ് കസറി. 10 ഓവര്‍ അദ്ദേഹം പന്തെറിയുകയും ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 57 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മന്ദീപ് സിങ്, ശുഭം റോഹില്ല, സന്ദീപ് ശര്‍മ, ഹിമ്മന്‍ശു റാണ എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് പരാഗ് നേടിയത്. പരാഗിന്റെ സ്പിന്‍ ബൗളിങ്ങാണ് നോര്‍ത്ത് സോണിന്റെ തിരിച്ചടിക്കാനുള്ള പദ്ധതികളെ തടുത്തത്.
നോര്‍ത്ത് സോണിനായി മന്ദീപ് സിങ് (50) അര്‍ധ സെഞ്ച്വറി നേടി. അഭിഷേക് ശര്‍മ (44), ഹിമന്‍ശു റാണ (40), ശുഭം റോഹില്ല (41) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഈസ്റ്റ് സോണിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അവസാന സീസണില്‍ പരാഗ് നിരാശപ്പെടുത്തിയിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒന്നും ചെയ്യാന്‍ പരാഗിന് സാധിച്ചില്ല.
അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ പരാഗ് ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. പരാഗ് ടീമില്‍ വേണ്ടെന്ന് രാജസ്ഥാന്‍ ആരാധകര്‍ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിച്ച് തകര്‍പ്പന്‍ പ്രകടനത്തോടെ താന്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ് പരാഗ് ചെയ്തിരിക്കുന്നത്.