മുംബൈ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വനിതാ ടീം പരാജയപ്പെട്ടിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ 3 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 258 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 255 റണ്‍സാണ് നേടാനായത്. ഇന്ത്യ പൊരുതിത്തോറ്റെങ്കിലും ദീപ്തി ശര്‍മ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ താരം 24 റണ്‍സുമായി പുറത്താവാതെയും നിന്നു.
ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹാല്‍ എന്നിവരോടൊപ്പം എെൈലറ്റ് ക്ലബ്ബിലേക്കെത്തിയിരിക്കുകയാണ് ദീപ്തി. ഓസ്‌ട്രേലിയക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന എട്ടാമത്തെ താരമെന്ന ബഹുമതിയാണ് ദീപ്തിയെ തേടിയെത്തിയിരിക്കുന്നത്.
ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഓള്‍റൗണ്ടറായ ദീപ്തി കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയുടെ അഞ്ച് പ്രധാന വിക്കറ്റുകള്‍ നേടിയാണ് ദീപ്തി ചരിത്ര നേട്ടത്തിലെത്തിയിരിക്കുന്നത്.
എല്ലിസ പെറിയെ പുറത്താക്കിയാണ് ദീപ്തി വിക്കറ്റ് വേട്ട തുടങ്ങിയത്. 47 പന്തില്‍ 50 റണ്‍സുമായി മിന്നും പ്രകടനമാണ് പെറി കാഴ്ചവെച്ചത്. ബെത്ത് മൂണിയെ (10) ദീപ്തി എല്‍ബിയില്‍ കുടുക്കി.
തഹില മഗ്രാത്തിനെ (24) ക്ലീന്‍ബൗള്‍ഡാക്കിയ ദീപ്തി അനാബല്‍ സുതര്‍ലാന്‍ഡിനെ (23) റിട്ടേണ്‍ ക്യാച്ചിലൂടെയും പുറത്താക്കി. ജോര്‍ജിയ വറീഹത്തിനെ (22) ദീപ്തി സ്മൃതി മന്ദാനയുടെ കൈയിലെത്തിച്ചാണ് ചരിത്ര നേട്ടത്തിലേക്കെത്തിയത്.
ദീപ്തിയുടെ ഗംഭീര പ്രകടനമാണ് ഓസ്‌ട്രേലിയയെ 258 എന്ന സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യക്കായി പൂജ വസ്ത്രാക്കറും ശ്രീയങ്ക പാട്ടീലും സ്‌നേഹ റാണയും ഓരോ വിക്കറ്റും സ്വന്തമാക്കി. ഓസീസ് നിരയില്‍ ഫോബി ലിച്ച്ഫീല്‍ഡാണ് (63) ടോപ് സ്‌കോറര്‍.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. സ്മൃതി മന്ദാന (34) തിളങ്ങി. 38 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമാണ് മന്ദാന നേടിയത്. റിച്ചാ ഘോഷാണ് ഇന്ത്യക്കായി കൂടുതല്‍ തിളങ്ങിയത്. 117 പന്തില്‍ 96 റണ്‍സാണ് റിച്ച നേടിയത്.

13 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. നിര്‍ഭാഗ്യവശാല്‍ അര്‍ഹിച്ച സെഞ്ച്വറി പ്രകടനം നടത്താനായില്ല. ജെമീമ റോഡ്രിഗസ് 55 പന്ത് നേരിട്ട് 44 റണ്‍സ് നേടി. മൂന്ന് ബൗണ്ടറികളാണ് ജെമീമ അടിച്ചെടുത്തത്. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. 10 പന്തില്‍ 5 റണ്‍സാണ് ഹര്‍മന്‍ നേടിയത്. ദീപ്തി ഒരുവശത്ത് പൊരുതി നോക്കിയെങ്കിലും വാലറ്റം പിന്തുണച്ചില്ല.
അമന്‍ജോത് കൗര്‍ (4), പൂജ വസ്ത്രാക്കര്‍ (8) ഹര്‍ലീന്‍ ഡിയോണ്‍ (1) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ശ്രീയങ്ക പാട്ടില്‍ (5*) പുറത്താവാതെ നിന്നു. രണ്ട് വിക്കറ്റ് ബാക്കിയുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതെ പോയി.
ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങാണ് തോല്‍വിക്ക് കാരണമായത്. നിരവധി ക്യാച്ചുകള്‍ ഇന്ത്യന്‍ ടീം നഷ്ടപ്പെടുത്തി. അല്ലായിരുന്നെങ്കില്‍ ഇതിലും ചെറിയ സ്‌കോറില്‍ ഓസ്‌ട്രേലിയയെ ഒതുക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.
ഓസ്‌ട്രേലിയക്കായി അനാബല്‍ മൂന്നും ജിയോര്‍ജിയ രണ്ടും അലാന, കിം ഗാര്‍ത്ത്, ആഷ്‌ളി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഈ തോല്‍വിയോടെ മൂന്ന് മത്സര പരമ്പരയില്‍ രണ്ടാം ജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയും സ്വന്തമാക്കി.
അവസാന മത്സരം ജയിച്ച് പരമ്പരയില്‍ ആശ്വാസ ജയം നേടാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ സ്വന്തം തട്ടകത്തില്‍ പരമ്പര നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വലിയ നാണക്കേടായിട്ടുണ്ട്. പുതുവര്‍ഷത്തിലേക്ക് തോല്‍വിയോടെ കടക്കാനാവും ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ വിധി.