സഞ്ജുവിനും അഭിഷേകിനും ഭീഷണി! ഓപ്പണിങ് സ്ലോട്ടിൽ വൈഭവിനായി ആരെ പുറത്തിരുത്തും? ഗംഭീറിന്റെ പദ്ധതി ഇങ്ങനെ
ടി20 ലോകകപ്പ് കിരീടധാരണത്തിന് ശേഷം പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം തയ്യാറെടുക്കുന്നു. നാളെ (ജൂൺ 26) ആരംഭിക്കുന്ന അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയോടെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും പരിശീലകൻ ഗൗതം ഗംഭീറും പുതിയൊരു യുവനിരയെയാണ് പരീക്ഷിക്കുന്നത്. ഐപിഎൽ 2026-ൽ വിസ്മയ പ്രകടനം കാഴ്ചവെച്ച യുവതാരങ്ങൾക്ക് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. എന്നാൽ പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുക എന്നത് ടീം മാനേജ്‌മെന്റിന് വലിയൊരു തലവേദനയായിരിക്കും.
വൈഭവ് സൂര്യവംശി അരങ്ങേറുമോ? ആര് പുറത്തിരിക്കും?
ഈ പരമ്പരയിലെ ഏറ്റവും വലിയ ആകർഷണം 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ സാന്നിധ്യമാണ്. ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപും എമർജിങ് പ്ലെയർ അവാർഡും സ്വന്തമാക്കിയ സൂര്യവംശി, സീനിയർ ടീമിലേക്ക് വിളിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

എന്നാൽ സൂര്യവംശി ഓപ്പണറായി കളിക്കാനിറങ്ങുമ്പോൾ നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരിൽ ആരെ ഒഴിവാക്കുമെന്നതാണ് പ്രധാന ചോദ്യം. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനായും അഭിഷേക് ഹൈദരാബാദിനായും ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്നു. 96,89,89 എന്നിങ്ങനെ ഇന്ത്യയുടെ നോക്ക് ഔട്ട് സ്വഭാവമുള്ള കളികളിലെല്ലാം തിളങ്ങി ടീമിനെ വിജയത്തിലേക്ക് നയിച്ച സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനായി രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും കുറിച്ചിരുന്നു. എങ്കിലും 500 റൺസ് എന്ന ലാന്റ് മാർക്കിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടുപേരെയും ഒന്നിച്ച് മാറ്റാൻ കഴിയില്ലെന്നതിനാൽ, റൊട്ടേഷൻ പോളിസിയിലൂടെ സഞ്ജുവിനും അഭിഷേകിനും മാറിമാറി അവസരം നൽകാനാണ് സാധ്യത.
പ്രിൻസ് യാദവിന്റെ അരങ്ങേറ്റവും ഹർഷിത് റാണയുടെ തിരിച്ചുവരവും
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി 16 വിക്കറ്റുകൾ വീഴ്ത്തിയ പേസർ പ്രിൻസ് യാദവ് തന്റെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തിന് കാത്തിരിക്കുകയാണ്. അടുത്തിടെ ഏകദിന അരങ്ങേറ്റം കുറിച്ച പ്രിൻസിന്, സിറാജിന്റെ അഭാവത്തിൽ അർഷ്ദീപ് സിങ്ങിന്റെ ബോളിങ് പങ്കാളിയാകാൻ മികച്ച അവസരമുണ്ട്.
പരിക്കിനെ തുടർന്ന് ലോകകപ്പും ഐപിഎല്ലും നഷ്ടമായ ഓൾറൗണ്ടർ ഹർഷിത് റാണ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഹർഷിതിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും.
നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റതോടെ സൂര്യൻഷ് ഷെഡ്‌ഗെയ്ക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുള്ളതിനാൽ ഷെഡ്‌ഗെയുടെ അരങ്ങേറ്റ സാധ്യതകൾ കുറവാണ്. ഭാവി ടി20 ടീമിനെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഗംഭീറും അയ്യരും ഇറങ്ങുമ്പോൾ അയർലൻഡിനെതിരെയുള്ള ആദ്യ പോരാട്ടം കടുത്ത ആവേശമാകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications