ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ റണ്‍മെഷീനെന്നു വിളിക്കപ്പെടുന്ന താരമാണ് യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഓരോ സീസണിലും സ്വയം തന്നോടു തന്നെ മല്‍സരിച്ച് റണ്‍സ് വാരിക്കൂട്ടുകയാണ് താരം. പക്ഷെ എന്നിട്ടും ഇന്ത്യന്‍ ടീമിനായി ഇനിയും അരങ്ങേറാന്‍ സര്‍ഫറാസിനു സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയില്‍ താരത്തിനു ദേശീയ ടീമിലേക്കു നറുക്കുവീഴുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഒരിക്കല്‍ക്കൂടി സെലക്ഷന്‍ കമ്മിറ്റി സര്‍ഫറാസിനെ തഴയുകയായിരുന്നു. താരത്തിന്റെ അമിതവണ്ണമാണ് സെലക്ടര്‍മാരുടെ അപ്രീതിക്കു പ്രധാന കാരണമെന്നാണ് സൂചനകള്‍.

സര്‍ഫറാസ് ഖാനെ സംബന്ധിച്ച് സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനും ലോക ക്രിക്കറ്റിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കാനും ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍. പക്ഷെ അവിടെ അദ്ദേഹം ബാറ്റിങില്‍ റണ്‍സ് കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ഇതോടെ റെഡ് ബോള്‍ ഫോര്‍മാറ്റ് മാത്രമേ സര്‍ഫറാസിനു വഴങ്ങൂയെന്ന സംശയത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ച താരം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.
നാലാം നമ്പറിലായിരുന്നു ഡിസിക്കായി സര്‍ഫറാസ് ബാറ്റ് ചെയ്തത്. പക്ഷെ നാലു റണ്‍സ് മാത്രമെടുക്കാനേ ആയുള്ളൂ. ഒമ്പതു ബോളില്‍ ഒരു ഫോറടക്കം നാലു റണ്ണെടുത്ത താരം മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ പുറത്താവുകയായിരുന്നു. ഒരു ഷോര്‍ട്ട് ബോളിലായിരുന്നു സര്‍ഫറാസ് വിക്കറ്റ് കൈവിട്ടത്. ബോളിന്റ വേഗത മുതലെടുത്ത് വിക്കറ്റ് കീപ്പര്‍ക്കു മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു ശ്രമം. പക്ഷെ സര്‍ഫറാസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഫൈന്‍ ലെഗില്‍ കെ ഗൗതം അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
സര്‍ഫറാസിന്റെ ഐപിഎല്‍ കരിയര്‍ നോക്കുകയാണെങ്കില്‍ അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളിലും ബാറ്റിങില്‍ വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. കഴിഞ്ഞ 10 ഇന്നിങ്‌സുകളിലായി സര്‍ഫറാസ് നേടിയിരിക്കുന്നത് വെറും 116 റണ്‍സാണ്. 16.6 എന്ന ദയനീയ ശരാശരിയിലാണിത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാവട്ടെ 119.6ഉം ആണ്.
മാത്രമല്ല ഒരു ഫിഫ്റ്റി പോലും കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ സര്‍ഫറാസ് നേടിയിട്ടില്ല. രണ്ടു തവണ മാത്രമേ 30 പ്ലസ് നേടാനുമായിട്ടുള്ളൂ. രണ്ടു തവണ ഡെക്കായ അദ്ദേഹം മൂന്ന് ഇന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു. 7 (എട്ടു ബോള്‍), 14 (9), 0(3), 0(3), 36 (28), 12 (13), 1 (3), 32 (16), 10 (7), 4 (9) എന്നിങ്ങനെയാണ് കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ സര്‍ഫറാസിന്റെ സ്‌കോറുകള്‍.

2015 മുതല്‍ സര്‍ഫറാസ് ഐപിഎല്ലിന്റെ ഭാഗമാണ്. റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. 2019 മുതല്‍ 21 വരെ അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ കൂടാരത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മെഗാ ലേലത്തില്‍ സര്‍ഫറാസിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ താരം കളിച്ചിരിക്കുന്നത് 47 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും ഒരു ഫോറടക്കം 536 റണ്‍സാണ് സര്‍ഫറാസിന്റെ സമ്പാദ്യം.
ഒരേയൊരു ഫിഫ്റ്റിയാണ് താരം ഇതുവരെ നേടിയിരിക്കുന്നത്. 2019ലെ ഐപിഎല്ലിലായിരുന്നു സര്‍ഫറാസിന്റെ കന്നി ഫിഫ്റ്റി. അന്നു പഞ്ചാബ് കിങ്‌സിനായി 67 റണ്‍സാണ് താരം നേടിയത്. ഈ സീസണില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡിസിയുടെ വിക്കറ്റ് കീപ്പിങ് ചുമതല കൂടി സര്‍ഫറാസിനു ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ബാറ്റിങിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. അതു പരമാവധി മുതലാക്കാനായാല്‍ സര്‍ഫറാസിനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നേക്കും.