ഇന്ത്യന്‍ കുപ്പായത്തില്‍ തുടരെ ഫ്‌ളോപ്പായ ശേഷം ഐപിഎല്ലില്‍ തന്റെ സമയം തെളിയുമെന്നു കരുതിയ കെഎല്‍ രാഹുലിന് പിഴച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു ആദ്യ മല്‍സരത്തില്‍ തിളങ്ങാനായില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സ്വന്തം കാണികള്‍ക്കെതിരേ രാഹുലിനു എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
12 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒരേയൊരു സിക്‌സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പവര്‍പ്ലേയില്‍ തന്നെ രാഹുല്‍ ക്രീസ് വിടുകയും ചെയ്തു. നാലാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താവല്‍. യുവ പേസര്‍ ചേതന്‍ സക്കാരിയക്ക് ആയിരുന്നു വിക്കറ്റ്.

അന്താരാഷ്ട്ര ടി20യില്‍ തപ്പിത്തടഞ്ഞ അതേ രാഹുലിനെ തന്നെയാണ് ഈ മല്‍സരത്തിലും കണ്ടത്. തുടക്കം മുതല്‍ റണ്ണെടുക്കാന്‍ താരം പാടുപെട്ടു. ആദ്യ ഓവറില്‍ ഒരു റണ്‍സും രണ്ടാം ഓവറില്‍ നാലു ബോളില്‍ റണ്ണുമാണ് രാഹുലിനു നേടാനായത്. മൂന്നാം ഓവറില്‍ രണ്ടു ബോളുകള്‍ കളിച്ചെങ്കിലും റണ്ണൊന്നും ലഭിച്ചില്ല. തൊട്ടടുത്ത ഓവറിലെ നാലാമത്തെ ബോളില്‍ കാണികളെ ആവേശത്തിലാക്കി രാഹുലിന്റെ ആദ്യത്തെ സിക്‌സര്‍. പക്ഷെ ഓവറിലെ അവസാന ബോളില്‍ അദ്ദേഹം പുറത്തായി. സക്കാരിയയുടെ സ്ലോ ബോളാണ് രാഹുലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
ലെഗിലേക്കു വന്ന സ്ലോ ലെങ്ത്ത് ബോള്‍. രാഹുല്‍ യാതൊരു നിയന്ത്രണവുമില്ലാതെ അതു വായുവില്‍ കളിക്കുകയായിരുന്നു. പക്ഷെ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറില്‍ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. ക്യാച്ചിങ് പ്രാക്ടീസ് പോലെ അദ്ദേഹം രാഹുലിനെ വളരെ സിംപിളായി പവലിയനിലേക്കു മടക്കുകയും ചെയ്തു.
ഐപിഎല്ലിലും ബാറ്റിങില്‍ പരാജയപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് കെഎല്‍ രാഹുല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പവര്‍പ്ലേ മുഴുവന്‍ കെഎല്‍ രാഹുല്‍ നശിപ്പിച്ചുവെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്. നേരിട്ട 12 ബോളുകളില്‍ എട്ടു ഷോട്ടുകളാണ് കെഎല്‍ രാഹുല്‍ കളിച്ചത്. ഇവയില്‍ നിന്നു നേടിയത് ഒരേയൊരു സിക്‌സര്‍ മാത്രം.
അദ്ദേഹത്തിന്റെ കരിയര്‍ തീര്‍ന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്. കെഎല്‍ രാഹുല്‍ വളരെയധികം കഴിവുറ്റ അപൂര്‍വ്വ മികവുള്ള ക്രിക്കറ്ററാണ്. വിമര്‍ശിക്കുന്നതിനു പകരം അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു താരത്തെ പിന്തുണച്ചുകൊണ്ട് ഒരു യൂസര്‍ കുറിച്ചത്.

കെഎല്‍ രാഹുലിന്റെ അപൂര്‍വ്വമായ പരാജയമാണിത്. എങ്കിലും രോഹിത് ശര്‍മയേക്കാള്‍ മികച്ച താരമാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കെഎല്‍ രാഹുല്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നായിരുന്നു ഒരു പരിഹാസം. കെഎല്‍ രാഹുല്‍ ഐപിഎല്ലില്‍ മാത്രമേ പെര്‍ഫോം ചെയ്യാറുള്ളൂവെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അവര്‍ തെറ്റാണെന്നു അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ കളിയാക്കി.
ഡല്‍ഹിക്കു 194 റണ്‍സ് വിജയലക്ഷ്യം
കെഎല്‍ രാഹുല്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 193 റണ്‍സെന്ന വലിയ സ്‌കോര്‍ നേടി. ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മല്‍സരം കളിച്ച വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ കൈല്‍ മയേ്‌ഴ്‌സിന്റെ (73) ഇടിവെട്ട് ഫിഫ്റ്റിയാണ് ലഖ്‌നൗവിനെ 200ന് അടുത്തെത്തിച്ചത്.
വെറും 38 ബോളുകളിലായിരുന്നു ഇത്. ഏഴു സിക്‌സറുകളും രണ്ടു ഫോറും മയേഴ്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഒരു സിംപിള്‍ ക്യാച്ച് ഖലീല്‍ അഹമ്മദ് പാഴക്കിയിരുന്നു. വലിയ വിലയാണ് ഇതിനു ഡിസിക്കു നല്‍കേണ്ടിവന്നത്. മയേഴ്‌സിനെക്കുടതെ വാലറ്റത്ത് നിക്കോളാസ് പൂരന്‍ 21 ബോളില്‍ 36 റണ്‍സോടെ മിന്നിച്ചു. ആയുഷ് ബദോനി ഏഴു ബോളില്‍ 18 റണ്‍സും അടിച്ചെടുത്തു.