തകര്‍പ്പന്‍ സെഞ്ച്വറി, സച്ചിന്റെ ലോക റെക്കോഡ് തകര്‍ത്ത് വാര്‍ണര്‍! ഇനി തലപ്പത്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഗംഭീര ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 392 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 41.5 ഓവറില്‍ 269 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (106) മാര്‍നസ് ലബ്യുഷെയ്‌നും (124) തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയെടുത്തത്. ഇടവേളക്ക് ശേഷം വാര്‍ണറെ പഴയ ഫോമില്‍ കാണാനായി എന്നതാണ് എടുത്തു പറയേണ്ടത്.
93 പന്ത് നേരിട്ട് 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഇതോടെ വമ്പന്‍ റെക്കോഡും ഓസീസ് ഓപ്പണര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. 46 സെഞ്ച്വറികളാണ് വാര്‍ണര്‍ നേടിയെടുത്തത്. 45 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് വാര്‍ണര്‍ തകര്‍ത്തത്.
ക്രിസ് ഗെയ്ല്‍ 42 സെഞ്ച്വറിയും സനത് ജയസൂര്യ 41 സെഞ്ച്വറിയും മാത്യു ഹെയ്ഡന്‍ 40 സെഞ്ച്വറികളുമാണ് നേടിയത്. 39 സെഞ്ച്വറികളാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. 30 ഓവറിനുള്ളില്‍ കൂടുതല്‍ തവണ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താനും വാര്‍ണര്‍ക്കായി. ഇത് നാലാം തവണയാണ് വാര്‍ണര്‍ ഈ നേട്ടത്തിലേക്കെത്തിയത്.
346 മത്സരത്തില്‍ നിന്നാണ് സച്ചിന്‍ 45 ഏകദിന സെഞ്ച്വറി നേടിയത്. 343ാം മത്സരത്തില്‍ നിന്നാണ് വാര്‍ണര്‍ ഈ നേട്ടത്തിലേക്കെത്തുന്നത്. ഏകദിന ലോകകപ്പ് വരാനിരിക്കെ വാര്‍ണറുടെ ഫോം ഓസ്‌ട്രേലിയയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ്. ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ റെക്കോഡാണ് വാര്‍ണര്‍ക്കുള്ളത്. ഇത്തവണത്തെ ഏകദിന ലോകകപ്പിന് ശേഷം വാര്‍ണര്‍ വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

മത്സരത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക് എംഎസ് ധോണിയുടെ വമ്പന്‍ റെക്കോഡും തകര്‍ത്തു. വിക്കറ്റ് കീപ്പര്‍മാരില്‍ വേഗത്തില്‍ 6000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഡീകോക്ക് സ്വന്തമാക്കിയത്. 141 ഇന്നിങ്‌സില്‍ നിന്നാണ് ഡീകോക്ക് ഈ നേട്ടത്തിലേക്കെത്തിയത്. 166 ഇന്നിങ്‌സാണ് ഈ നേട്ടത്തിലെത്താന്‍ ധോണിക്ക് വേണ്ടി വന്നത്. 172 ഇന്നിങ്‌സില്‍ നിന്നാണ് ആദം ഗില്‍ക്രിസ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പിന് മുമ്പ് എല്ലാ എതിരാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. കരുത്തുറ്റ ബൗളിങ് നിരയുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 392 എന്ന വമ്പന്‍ സ്‌കോറാണ് ഓസീസ് അടിച്ചെടുത്തത്. 10 ഓവറിനുള്ളില്‍ സ്‌കോര്‍ബോര്‍ഡ് 100 കടത്താന്‍ ഓസീസ് ഓപ്പണര്‍മാര്‍ക്കായി. ട്രവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് എന്നിവരെല്ലാം മികച്ച ഫോമില്‍ കളിക്കുന്നവരാണ്.
ഓസ്‌ട്രേലിയയുടെ മിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ സാഹചര്യം നന്നായി അറിയാം. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന കാര്യം നിസംശയം പറയാം. ഇതിനോടകം ശക്തമായ താരനിരയെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രെവിസ് ഹെഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ബാറ്റിങ് നിര ശക്തം.
പേസാക്രമണത്തിലേക്ക് വരുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങുന്ന ശക്തമായ നിരയും കംഗാരുക്കള്‍ക്കൊപ്പമുണ്ട്. അഞ്ച് തവണ ലോകകപ്പ് കിരീടം ചൂടിയ ഓസ്‌ട്രേലിയക്ക് ഇത്തവണ ഇന്ത്യയിലും വിശ്വകിരീടം നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ എതിരാളികള്‍ക്കും ഓസീസ് ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications