CWG 2022: ത്രില്ലറില്‍ ഇന്ത്യ, വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് കടന്ന് ഫൈനലില്‍
ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ ഫൈനലില്‍. കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യ ഫൈനലിലെത്തിയത്. അവസാന ഓവര്‍ വരെ ആവേശം വിതറിയ പോരാട്ടത്തില്‍ നാലു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. പക്ഷെ 9 റണ്‍സാണ് സ്‌നേഹ റാണ എറിഞ്ഞ നിര്‍ണായക ഓവറില്‍ ഒമ്പതു റണ്‍സാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അവസാന ബോളില്‍ സോഫി എക്ലെസ്റ്റോണ്‍ സിക്‌സറടിച്ചെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. 165 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് ആറു വിക്കറ്റിനു 160 റണ്‍സെടുത്ത് പോരാട്ടമവസാനിപ്പിച്ചു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റിനു 164 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സ്മൃതി മന്ദനയുടെ (61) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ടീമിനെ മികച്ച ടോട്ടലിലെത്തിച്ചത്. വെറും 32 ബോളില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 44 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ജെമിമ 31 ബോളില്‍ ഏഴു ബൗണ്ടറികളടിച്ചു. ദീപ്തി ശര്‍മ (22), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (20), ഷഫാലി വര്‍മ (15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം

ഇന്ത്യക്കു പ്രതീക്ഷിച്ച തുടക്കമാണ് സ്മൃതി മന്ദന- ഷഫാലി വര്‍മ സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. വെറും 7.5 ഓവറിലായിരുന്നു ഇത്. വെടിക്കെട്ട് താരമായ ഷഫാലിയെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരിയായി നിര്‍ത്തായിരുന്നു മന്ദന ഷോ.
17 ബോളില്‍ നിന്നു രണ്ടു ബൗണ്ടറിയോടെ 15 റണ്‍സ് നേടിയ ഷഫാലിയെ പുറത്താക്കി ഫ്രേയ കെംപാണ് ഇന്ത്യന്‍ സഖ്യത്തെ വേര്‍പിരിച്ചത്. തൊട്ടടുത്ത ഓവറില്‍ മന്ദനയും പുറത്തായതോടെ ഇന്ത്യന്‍ സ്‌കോറിങിനു അല്‍പ്പം വേഗത കുറഞ്ഞു. എന്നാല്‍ മൂന്നാം നമ്പറിലെത്തി ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്ത ജെമീമ റോഡ്രിഗസ് ടീമിനെ 160 കടക്കാന്‍ സഹായിക്കുകയായിരുന്നു.

റണ്‍ചേസില്‍ ഇംഗ്ലീഷ് നിരയില്‍ ടോപ്‌സ്‌കോററായത് ക്യാപ്റ്റന്‍ നതാലി ഷിവറായിരുന്നു. താരം 41 റണ്‍സ് നേടി. 43 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഡാനിയേലെ വ്യാറ്റ് (35), ആമി ജോണ്‍സ് (31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യക്കു വേണ്ടി ഏഴു ബൗളര്‍മാര്‍ മല്‍സരത്തില്‍ ബൗള്‍ ചെയ്തു. ഇവരില്‍ മികച്ചുനിന്നത് സ്‌നേഹ റാണയായിരുന്നു. നിര്‍ണായകമായ 20ാം ഓവറടക്കം നാലോവര്‍ ബൗള്‍ ചെയ്ത സ്‌നേഹ 28 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ മൂന്നു താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications