ഐപിഎല്‍ ലേലം: നേരത്തേ കോടിപതികള്‍... ഇത്തവണ ആരും വാങ്ങിയേക്കില്ല, കൂട്ടത്തില്‍ വെടിക്കെട്ട് താരവും
കൊല്‍ക്കത്ത: ഐപിഎല്ലിന്റ പുതിയ സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കും. വലിയ പ്രതീകളുമായാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ കാത്തിരിക്കുന്നത്. അടുത്ത സീസണില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ കുപ്പായത്തില്‍ തങ്ങള്‍ക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്നു അവര്‍ സ്വപ്‌നം കാണുന്നു.
332 കളിക്കാര്‍ ലേലത്തിനുണ്ടെങ്കിലും അവരില്‍ മൂന്നിലൊന്നു പേര്‍ക്കു മാത്രമേ നറുക്കു വീഴുകയുള്ളൂ. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി ടീമിലേക്കു കൊണ്ടുവരാന്‍ കഴിയുക വെറും 73 താരങ്ങളെയാണ്. മുന്‍ സീസണിലെ ലേലത്തില്‍ കോടികള്‍ ലഭിച്ച ചില താരങ്ങളെ ഇത്തവണ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ കൂട്ടാക്കിയേക്കില്ല. ഏതൊക്കെയാവും ഈ താരങ്ങളെന്നു നോക്കാം.

വരുണ്‍ ചക്രവര്‍ത്തി
കഴിഞ്ഞ സീസണിലെ ലേലത്തിലെ സര്‍പ്രൈസ് താരമായിരുന്നു സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഒട്ടും തന്നെ പ്രശസ്തനല്ലാത്ത വരുണിനു വേണ്ടി 8.4 കോടി രൂപയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വാരിയെറിഞ്ഞത്. ജയദേവ് ഉനാട്കട്ടിനൊപ്പം ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായും അദ്ദേഹം മാറിയിരുന്നു.
എന്നാല്‍ പഞ്ചാബിന്റെ ഒമ്പത് കോടിയോളം രൂപ വെള്ളത്തിലാവുകയായിരുന്നു. സീസണില്‍ ഒരേയൊരു മല്‍സരത്തിലാണ് താരത്തെ കളിപ്പിച്ചത്. മൂന്നോവറില്‍ 35 റണ്‍സ് വഴങ്ങിയ വരുണ്‍ നേടിയത് ഒരു വിക്കറ്റ് മാത്രം. പരിക്കു കാരണം സീസണിലെ മറ്റൊരു മല്‍സരത്തിലും താരത്തിനു കളിക്കാനായില്ല. ഇതോടെ സീസണിനു ശേഷം വരുണിനെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു. ഇത്തവണ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാനിടയില്ല.

റോബിന്‍ ഉത്തപ്പ
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ കഴിഞ്ഞ സീസണിനു ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ബാറ്റിങിലെ മോശം പ്രകടനം കാരണമാണ് ദീര്‍ഘകാലമായി ടീമിന്റെ ഭാഗമായിരുന്ന ഉത്തപ്പയെ കെകെആര്‍ ഒഴിവാക്കിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക വിട്ട് കേരളത്തിലേക്കു മാറിയതോടെ അത്ര മികച്ച ഫോമിലല്ല താരം. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 139 റണ്‍സ് മാത്രമാണ് 34 കാരനായ ഉത്തപ്പ നേടിയത്.

ആന്‍ഡ്രു ടൈ
2017ല്‍ ഗുജറാത്ത് ലയണ്‍സിനായി കളിച്ചാണ് ഓസ്‌ട്രേലിയന്‍ പേസറായ ആന്‍ഡ്രു ടൈ ഐപിഎഎല്ലില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ അഞ്ചു വിക്കറ്റുമായി താരം തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ഹാട്രിക്കുള്‍പ്പെടെയായിരുന്നു ഇത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ കരിയറിലെ ആദ്യ കളിയില്‍ അഞ്ചു വിക്കറ്റ് കൊയ്ത താരമായി ടൈ മാറുകയും ചെയ്തിരുന്നു. സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 12 നിക്കറ്റുകള്‍ പേസര്‍ വീഴ്ത്തി.
2018ലെ ഐപിഎല്ലില്‍ 7.2 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് ടൈയെ സ്വന്തമാക്കി. ആദ്യ സീസണില്‍ 24 വിക്കറ്റുകള്‍ കൊയ്ത താരം വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആറു കളികളില്‍ വെറും മൂന്നു വിക്കറ്റാണ് ടൈ വീഴ്ത്തിയത്. സീസണിനു ശേഷം താരത്തെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ പരിക്ക് കാരണം വിശ്രമിക്കുന്ന ടൈയ്ക്കു 2020 മാര്‍ച്ച് വരെ കളിക്കാനാവില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ ലേലത്തില്‍ താരത്തെ ആരും വാങ്ങാനും സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications