Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CPL 2020: നിറഞ്ഞാടി ബ്രാവോയും സിമ്മണ്‍സും, കരീബിയന്‍ കിരീടം ട്രിബാഗോയ്ക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ഒരിക്കല്‍ക്കൂടി ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്. ഫൈനലില്‍ സെന്റ് ലൂസിയ സൂക്ക്‌സിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ട്രിബാഗോ കിരീടം ചൂടിയത്. 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം കൈപ്പിടിയിലാക്കി. ട്രിബാഗോയ്ക്കായി ലെന്‍ഡില്‍ സിമ്മണ്‍സ് (84*), ഡ്വെയ്ന്‍ ബ്രാവോ (58*) എന്നിവരാണ് തിളങ്ങിയത്. സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടം നേടിയെന്ന ചരിത്ര റെക്കോര്‍ഡും ട്രിബാഗോ ഇക്കുറി രേഖപ്പെടുത്തി.

ജയം

156 റണ്‍സ് ലക്ഷ്യത്തിലേക്ക് സാവകാശമാണ് ട്രിബാഗോ തുടങ്ങിയത്. അഞ്ചോവര്‍ കഴിയും മുന്‍പേ രണ്ടു വിക്കറ്റുകള്‍ വീണത് ട്രിബാഗോ ക്യാംപില്‍ ആശങ്കയ്ക്ക് ഇടവരുത്തി. മൂന്നാം ഓവറില്‍ റോസ്റ്റണ്‍ ചേസാണ് സൂക്ക്‌സിനായി ആദ്യ വിക്കറ്റു വീഴ്ത്തിയത്. വെബ്‌സ്റ്ററായിരുന്നു ചേസിന്റെ ഇര. തൊട്ടടുത്ത ഓവറില്‍ കുഗ്ലെജന്‍ ടിം സെയ്ഫര്‍ട്ടിനെയും മടക്കിയതോടെ ട്രിബാഗോ അപകടം മണത്തു. ശേഷമാണ് ബ്രാവോ - സിമ്മണ്‍സ് ജോടി ക്രീസില്‍ ഒന്നിക്കുന്നത്. ഒരുഭാഗത്തു ഓഫ് സ്പിന്നര്‍ നബിയും മറുഭാഗത്ത് ചൈനാമാന്‍ ബൗളര്‍ സാഹിര്‍ ഖാനും ട്രിബാഗോയെ വരിഞ്ഞുമുറുക്കുകയായിരുന്നു. എന്നാല്‍ കെസ്രിക്ക് വില്യംസ് എറിഞ്ഞ പന്ത്രണ്ടാം ഓവര്‍ ടീമിന് ആശ്വാസമായി. ഓവറില്‍ 15 റണ്‍സാണ് വില്യംസ് വിട്ടുകൊടുത്തത്. സിമ്മണ്‍സ് അര്‍ധ സെഞ്ച്വറി പിന്നിട്ടതും ഇതേ ഓവറില്‍ത്തന്നെ.

ടോസ്

എന്തായാലും പതിനാറാം വരെ കാര്യങ്ങള്‍ സൂക്ക്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. പക്ഷെ പതിനേഴാം ഓവറില്‍ സിമ്മണ്‍സും ബ്രാവോയും ക്രീസില്‍ നിറഞ്ഞാടി. 23 റണ്‍സാണ് ഇവിടെ സാഹിര്‍ ഖാന്‍ വഴങ്ങിയത്. പതിനെട്ടാം ഓവറിലും ചിത്രം മാറിയില്ല. 18 റണ്‍സ് കുഗ്ലെയ്ജനും വിട്ടുകൊടുത്തു. ഒടുവില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് ജയം അനായാസം കരസ്ഥമാക്കി.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത സൂക്ക്‌സ് ആന്ദ്രെ ഫ്‌ളെച്ചര്‍ - മാര്‍ക്ക് ഡേയല്‍ കൂട്ടുകെട്ടില്‍ തകര്‍പ്പന്‍ തുടക്കമാണ് കാഴ്ച്ചവെച്ചത്. പവര്‍പ്ലേ ഓവറുകളില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ സമര്‍പ്പിക്കുകയുണ്ടായി. മറുഭാഗത്ത് ഒന്‍പതാം ഓവര്‍വരെ കാത്തിരിക്കേണ്ടി വന്നു ട്രിബാഗോയ്ക്ക് ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍. അഹമ്മദിന്റെ പന്തില്‍ ഒരുതവണ രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ സ്ലിപ്പില്‍ ക്യാച്ചു നല്‍കി ഡേയല്‍ മടങ്ങുകയായിരുന്നു. ഈ സമയം സ്‌കോര്‍ രണ്ടിന് 77 റണ്‍സ്.

കണക്കുകൂട്ടലുകൾ

ശേഷമെത്തിയ റോസ്റ്റണ്‍ ചേസ് താളം നിലനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ സ്പിന്‍ കരുത്തില്‍ ട്രിബാഗോ റണ്ണൊഴുക്ക് തടഞ്ഞു. പന്ത്രണ്ടാം ഓവറില്‍ ഫ്‌ളെച്ചറിനെ (27 പന്തില്‍ 39) പൊള്ളാര്‍ഡ് തിരിച്ചയച്ചതോടെയാണ് ട്രിബാഗോ മത്സരത്തില്‍ ശക്തമായി പിടിമുറുക്കിയത്. തുടര്‍ന്ന് പതിന്നാലാം ഓവറില്‍ പൊള്ളാര്‍ഡുതന്നെ റോസ്റ്റണ്‍ ചേസിനെയും (22) തിരിച്ചയച്ചു.

വന്നപാടെ സൂക്ക്‌സിനായി വമ്പനടിക്ക് പോയതായിരുന്നു അഫ്ഗാന്‍ താരം നബി. എന്നാല്‍ അഹമ്മദിന്റെ കെണിയില്‍ ഇദ്ദേഹവും പെട്ടെന്നു മടങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാണ് സൂക്ക്‌സ് പദ്ധതിയിട്ടത്. എന്നാല്‍ പൊള്ളാര്‍ഡിന്റെ പത്തൊന്‍പതാം ഓവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഈ ഓവറില്‍ രണ്ടു തവണ വിക്കറ്റു വീണു.

പൊള്ളാർഡിന് 4 വിക്കറ്റ്

സഡ്രാനെ ഡീപ് സ്‌ക്വയറില്‍ നിന്ന റാസയുടെ കൈകളിലാണ് പൊള്ളാര്‍ഡ് എത്തിച്ചത്. ശേഷം ഓവറിലെ അവസാന പന്തില്‍ കെസ്രിക്ക് വില്യംസിനെ റണ്ണൗട്ടാക്കാനും പൊള്ളാര്‍ഡിന് കഴിഞ്ഞു. ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ സാഹിറിനെ വിക്കറ്റുംകൊണ്ട് അലി ഖാന്‍ പോയതോടെ സൂക്ക്‌സിന്റെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിനായി നാലു വിക്കറ്റുകളാണ് പൊള്ളാര്‍ഡ് നേടിയത്. ഫവാദ് അഹമ്മദ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

Story first published: Thursday, September 10, 2020, 23:32 [IST]
Other articles published on Sep 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+