പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിങ് വെടിക്കെട്ടുമായി കീറോണ്‍ പൊള്ളാര്‍ഡ്(28 പന്തില്‍ 72). ബാര്‍ബഡോസ് ട്രൈഡന്റ്‌സിനെതിരായ മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയായിരുന്നു പൊള്ളാര്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ട്. പൊള്ളാര്‍ഡിന്റെ ബാറ്റിങ് കരുത്തില്‍ ബാര്‍ബഡോസിനെതിരേ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് രണ്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബാര്‍ബഡോസിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ട്രിന്‍ബാഗോ താരങ്ങളുടെ മിന്നും ബൗളിങ് പ്രകടനം ബാര്‍ബഡോസിനെ ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു. ജോണ്‍സണ്‍ ചാള്‍സ് (47), കെയ്ല്‍ മയേഴ്‌സ് (42) എന്നിവര്‍ക്ക് മാത്രമാണ് ബാര്‍ബഡോസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ചാള്‍സ് 37 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ 37 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് മയേഴ്‌സ് നേടിയത്.

ആഷ്‌ളി നേഴ്‌സ് (9 പന്തില്‍ 19),റാഷിദ് ഖാന്‍ (6 പന്തില്‍ 12) എന്നിവരാണ് മറ്റ് പ്രധാ സ്‌കോറര്‍മാര്‍. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് (7 പന്തില്‍ 3) തിളങ്ങാനായില്ല. ഷായ് ഹോപ്പും (10 പന്തില്‍ 4), കോറി ആന്‍ഡേഴ്‌സണും (8 പന്തില്‍ 6) നിരാശപ്പെടുത്തി. ട്രിന്‍ബാഗോയ്ക്കുവേണ്ടി അക്കീല്‍ ഹൊസീന്‍, ജയ്‌ദെന്‍ സീല്‍സ്,സികന്തര്‍ റാസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഫഹാവ് അഹ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ട്രിന്‍ബാഗോയ്ക്കും ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ ലിന്‍ഡല്‍ സിമ്മണ്‍സ് (29 പന്തില്‍ 32) ഒരുവശത്ത് നിലയുറപ്പിച്ചെങ്കിലും ടോപ് ഓഡര്‍ തകര്‍ന്നു. ടിയോണ്‍ വെബ്‌സെറ്റര്‍ (9 പന്തില്‍ 5), കോളിന്‍ മണ്‍റോ (2 പന്തില്‍ 0),ഡാരന്‍ ബ്രാവോ (12 പന്തില്‍ 6), ടിം സീഫര്‍ട്ട് (11 പന്തില്‍ 4) അക്കീല്‍ ഹൊസീന്‍ (16 പന്തില്‍ 12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ലിന്‍ഡല്‍ സിമ്മന്‍സ് ഏഴാമനായി മടങ്ങുമ്പോള്‍ 14.2 ഓവറില്‍ 6 വിക്കറ്റിന് 77 എന്ന നിലയിലായിരുന്നു ട്രിന്‍ബാഗോ.
പിന്നീടാണ് പൊള്ളാര്‍ഡ് വെടിക്കെട്ട് പിറക്കുന്നത്. തല്ലിത്തകര്‍ത്ത പൊള്ളാര്‍ഡ് 2 ഫോറും 9 പടുകൂറ്റന്‍ സിക്‌സറും പറത്തി. 257.14 ആയിരുന്നു പൊള്ളാര്‍ഡിന്റെ സ്‌ട്രൈക്കറേറ്റ്. പൊള്ളാര്‍ഡ് റണ്ണൗട്ടായി മടങ്ങിയെങ്കിലും ഖാരി പെറി (5 പന്തില്‍ 10) സീല്‍സ് (1 പന്തില്‍ 1) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ബാര്‍ബഡോസിന് വേണ്ടി ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍,റാഷിദ് ഖാന്‍,ഹെയ്ഡന്‍ വാല്‍ഷ്,റീഫര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. പൊള്ളാര്‍ഡാണ് കളിയിലെ താരം.