സിപിഎല്‍: കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ നേടിയവരുടെ പട്ടിക ഇങ്ങനെ
കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണ്‍ കൂടി വരികയാണ്. ആഗസ്റ്റ് 18ന് ആരംഭിച്ച് 33 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്കൊപ്പം വിദേശത്ത് നിന്നുള്ള സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരും ചേരുമ്പോള്‍ സിപിഎല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുമെന്നുറപ്പാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിപിഎല്ലില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. റെക്കോഡുകള്‍ നിരവധി പിറന്നിട്ടുള്ള സിപിഎല്ലില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍
സിപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് (2354) സ്വന്തമാക്കിയിട്ടുള്ള ക്രിസ് ഗെയ്ല്‍ തന്നെയാണ് കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തതും. 76 മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 17 തവണയാണ് ഗെയ്ല്‍ 50ന് മുകളില്‍ സ്‌കോര്‍ നേടിയത്. 133.44ആണ് ഗെയ്‌ലിന്റെ ലീഗിലെ സ്‌ട്രൈക്കറേറ്റ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഗെയ്ല്‍ ഈ സീസണിലെ സിപിഎല്‍ കളിക്കുന്നില്ല.

ലിന്‍ഡല്‍ സിമ്മന്‍സ്
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ലിന്‍ഡല്‍ സിമ്മന്‍സാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16 തവണയാണ് സിമ്മന്‍സ് 50ന് മുകളില്‍ സ്‌കോര്‍ നേടിയത്. എന്നാല്‍ ഒരു തവണപോലും സെഞ്ച്വറി നേടാന്‍ താരത്തിനായില്ല. 71 മത്സരത്തില്‍ നിന്ന് 33.01 ശരാശരിയില്‍ 2080 റണ്‍സ് നേടിയിട്ടുള്ള സിമ്മന്‍സിന്റെ സ്‌ട്രൈക്കറേറ്റ് 120.99ആണ്. 97 ആണ് ഉയര്‍ന്ന സ്‌കോര്‍.

കോളിന്‍ മണ്‍റോ
ന്യൂസീലന്‍ഡ് വെടിക്കെട്ട് ഓപ്പണര്‍ 2016 സീസണ്‍ മുതലാണ് സിപിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയത്. എന്നിട്ടും താരം ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുണ്ട്. 13 തവണയാണ് മണ്‍റോ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 46 മത്സരത്തില്‍ നിന്ന് 40.68 ശരാശരിയില്‍ 1546 റണ്‍സാണ് മണ്‍റോയുടെ സമ്പാദ്യം. 137.91ആണ് സ്‌ട്രൈക്കറേറ്റ്.

എവിന്‍ ലെവിസ്
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 13 തവണയാണ് ലെവിസും 50ന് മുകളില്‍ സ്‌കോര്‍ നേടിയത്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് നേടാനായിട്ടില്ല. 59 മത്സരത്തില്‍ നിന്ന് 27.22 ശരാശരിയില്‍ 1552 റണ്‍സ് നേടിയിട്ടുള്ള ലെവിസിന്റെ സ്‌ട്രൈക്കറേറ്റ് 143.04ആണ്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഷുഹൈബ് മാലിക്ക്
പാകിസ്താന്‍ താരം ഷുഹൈബ് മാലിക്ക് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്താണ്. 12 തവണയാണ് താരം 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 56 മത്സരങ്ങളില്‍ നിന്ന് 39.69 ശരാശരിയില്‍ 1707 റണ്‍സാണ് മാലിക്ക് നേടിയത്. എന്നാല്‍ ഒരു തവണപോലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പുറത്താകാതെ 81 റണ്‍സാണ് മാലിക്കിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications