മുംബൈ: അണ്ടര്‍ 19 കുച്ച് ബീഹാര്‍ ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ മുംബൈയും കര്‍ണാടകയും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആദ്യ മുംബൈ ബാറ്റു ചെയ്യവെ എല്ലാവരുടേയും ശ്രദ്ധ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിലേക്കാണ്. ഇന്ത്യയുടെ ഇതിഹാസ താരവും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് കര്‍ണാടക ടീമിന്റെ ഭാഗമാണ്. ഫൈനലില്‍ സമിത് പന്തെറിയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
മീഡിയം പേസെറിയുന്ന താരം നേരത്തെ തന്നെ ബാറ്റിങ് മികവ് തെളിയിച്ചതാണ്. ഇന്ത്യക്ക് മികച്ചൊരു ഓള്‍റൗണ്ടറെ ലഭിക്കാന്‍ പോവുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറാന്‍ ശേഷിയുള്ള ഓള്‍റൗണ്ടറായാണ് സമിത് ദ്രാവിഡ് വളരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 12 ഓവറുകളാണ് സമിത് പന്തെറിഞ്ഞത്. 49 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും നേടാനായില്ല.
ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചില്‍ സമിത്തിന്റെ ബൗളിങ് പ്രകടനം മോശമല്ലാത്തതായിരുന്നു. മികച്ച ലൈനും ലെങ്തും വേഗവും സമിത്തിന്റെ ബൗളിങ്ങിലുണ്ട്. യുവതാരത്തിന് വലിയ താരമായി വളരാനുള്ള പ്രതിഭ ഉണ്ടെന്ന് വ്യക്തം. അതിനെ മികച്ച രീതിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ഓള്‍റൗണ്ടറെ ലഭിക്കുമെന്നുറുപ്പാണ്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടിയ സമത് സ്‌കൂള്‍ ക്രിക്കറ്റിലടക്കം സജീവമായിരുന്നു.
സ്‌കൂള്‍ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം സമിത് കാഴ്ചവെച്ചിട്ടുണ്ട്. ദ്രാവിഡിന്റെ മകനെന്ന പരിഗണനക്ക് നില്‍ക്കാതെ പ്രകടനമികവുകൊണ്ട് കരുത്തുകാട്ടാന്‍ ഇതിനോടകം സമിത്തിന് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്താനുള്ള സാധ്യതകളൊന്നുമില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി താരം കളിച്ചിരുന്നു.

സൂപ്പര്‍ താരമായ അച്ഛന്റെ പേരിനൊത്ത മികവ് കാട്ടാന്‍ അര്‍ജുന് സാധിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അച്ഛന്റെ പേര് കാക്കുമെന്നാണ് ആരാധക പ്രതീക്ഷ. അതിനുള്ള പ്രകടനമികവ് സമിത് ഇതിനോടകം കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പേസ് ഓള്‍റൗണ്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് പേസ് ഓള്‍റൗണ്ടര്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അതുകൊണ്ടുതന്നെ മികച്ച ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്കാവശ്യമാണ്. ഈ ഒഴിവിലേക്ക് സമിത് എത്തുമോയെന്നത് കാത്തിരുന്ന് കാണാം. എന്നാല്‍ സമിത്തിന് താന്‍ പരിശീലനം നല്‍കാറില്ലെന്നും പരിശീലകനെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒരുപോലെ പ്രവര്‍ത്തിക്കുക പ്രയാസമാണെന്നാണ് ദ്രാവിഡ് പറഞ്ഞത്. 'എന്റെ മകന്‍ സമിത്തിന് ഞാന്‍ പരിശീലനം നല്‍കാറില്ല. കാരണം പരിശീലകനെന്ന നിലയിലും അച്ഛനെന്ന നിലയിലും പ്രവര്‍ത്തിക്കുക പ്രയാസമാണ്.
പിതാവെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. എന്നാല്‍ പിതാവെന്ന റോളില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല'- ജിയോ സിനിമയില്‍ സംസാരിക്കവെ ദ്രാവിഡ് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ ഇതിനോടകം വലിയ പേരെടുക്കാന്‍ ദ്രാവിഡിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാനാവാതെ പോയത് ദ്രാവിഡിന് നാണക്കേടായി. ദ്രാവിഡിനെ ഇന്ത്യ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ കരാര്‍ പുതുക്കുകയായിരുന്നു. ദ്രാവിഡിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുന്നുണ്ട്. ഇതില്‍ പല താരങ്ങളും ഭാവിയില്‍ വലിയ പ്രതീക്ഷയും നല്‍കുന്നു. എന്നാല്‍ ഇവര്‍ക്ക് നിര്‍ണ്ണായക ഉപദേശം നല്‍കുകയാണ് ദ്രാവിഡ്. 'റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരെല്ലാം തന്റെ പ്രതിഭ കാട്ടുന്നുണ്ട്. എന്നാല്‍ ടീമില്‍ സ്ഥിരമായി സീറ്റ് നേടാന്‍ സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവില്ല' - ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.