അടുത്ത സെവാഗ് ഇതുതന്നെ... കളിക്കുന്നത് കോലിപ്പടയ്ക്കായല്ല!! വനിതാ ടീമംഗം, ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് കൗമാര ഓപ്പണറായ ഷഫാലി വര്‍മ. ഓസ്‌ട്രേലിയയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു സ്‌ഫോടനാത്മക തുടക്കമാണ് 16 വയസ്സ് മാത്രം പ്രായമുള്ള ഷഫാലി നല്‍കിയത്.
തിങ്കളാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഷഫാലിയായിരുന്നു. അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള ഷഫാലിയെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.

ഇന്ത്യ കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായ വീരേന്ദര്‍ സെവാഗിനോടാണ് ഷഫാലിയെ ഭോഗ്‌ലെ താരതമ്യം ചെയ്യുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.
സെവാഗിനെപ്പോലെ തന്നെ വളരെ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് ഷഫാലി. ഏതു ബൗളറെയും കൂസലില്ലാതെ ശിക്ഷിക്കുന്ന താരത്തിന്റെ ശൈലി സെവാഗിന്റെ ശൈലിയുമായി ഏറെ സാമ്യമുള്ളതാണെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടുന്നു.

ഓഫ് സൈഡില്‍ ഗാംഗുലിയെപ്പോലെയാണ് സ്മൃതി മന്ദാന കളിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഷഫാലി വര്‍മ സെവാഗിനെപ്പോലെയാണ്. ഇനി ഹര്‍മന്‍പ്രീതും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര വളരെ കരുത്തുറ്റതായി മാറുമെന്നും ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഫിഫ്റ്റി തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് ഷഫാലി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം തിരുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിലാണ് 49 പന്തില്‍ 73 റണ്‍സ് അടിച്ചെടുത്ത് ഷഫാലി ചരിത്രം കുറിച്ചത്. 15 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം. 16 വയസ്സും 214 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഫിഫ്റ്റി നേടിയത്.

ഇപ്പോള്‍ നടക്കുന്നട ടി20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഷഫാലി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ ലോക ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയക്കെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ 15 പന്തില്‍ താരം 29 റണ്‍സ് നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ കളിയില്‍ 17 പന്തില്‍ 39 റണ്‍സാണ് ഷഫാലി അടിച്ചെടുത്തത്. നാലു സിക്‌സറുകളും രണ്ടു ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications