For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളര്‍ക്ക് മുകളിലൂടെയുള്ള ഷോട്ട്... ഷഫാലിയുടെ മാസ്റ്റര്‍പീസ്, രഹസ്യം വെളിപ്പെടുത്തി കോച്ച്

16 കാരിയായ ഷഫാലി മിന്നുന്ന പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവയ്ക്കുന്നത്

മുംബൈ: ഓസ്ട്രലിയയില്‍ നടക്കുന്ന വനിതകളുടെ ടി20 ലോകകപ്പിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു സൂപ്പര്‍ താരത്തെക്കൂടി ലഭിച്ചിരിക്കുന്നു. 16 വയസ്സ് മാത്രം പ്രായമുള്ള വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍. ലോകകപ്പില്‍ ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് ഈ കൗമാരക്കാരി.

ലേഡി സെവാഗെന്നു ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം ഓമനപ്പേരിട്ട ഷഫാലി എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. ബൗളര്‍ക്കു മുകളിലൂടെയുള്ള ഷഫാലിയുടെ ചില വമ്പന്‍ ഷോട്ടുകള്‍ ഈ ലോകകപ്പില്‍ കണ്ടു കഴിഞ്ഞു. ആ ഷോട്ടിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് അശ്വനി കുമാര്‍.

50 തവണയെങ്കിലും പരിശീലിക്കും

കഠിനാധ്വാനത്തിലൂടെ ഷഫാലി വളര്‍ത്തിയെടുത്ത ട്രേഡ്മാര്‍ക്ക് ഷോട്ടാണ് ഇതെന്നു കോച്ച് പറയുന്നു. രോഹ്ത്തക്കിലെ ശ്രീ രാം നരെയ്ന്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കുമാറിനു കീഴില്‍ ഷഫാലി പരിശീനം നടത്തിയിരുന്നത്. ദിവസവും 50 തവണയോളം ഈ ഷോട്ട് ഷഫാലി പരിശീലത്തില്‍ കളിക്കാറുണ്ട്. ഇതു മാത്രമല്ല മറ്റു പല ഷോട്ടുകളും നിരവധി തവണ പരിശീലനം നടത്തിയാണ് അവള്‍ മികവുറ്റതാക്കിയത്.
ഷഫാലി സ്വാഭാവികമായി തന്നെ നന്നായി സ്‌ട്രൈക്ക് ചെയ്തു കളിക്കുന്ന താരമാണ്. അവളുടെ ശൈലി മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. പകരം കഴിവിനെ ഒന്നു മിനുക്കിയെടുക്കുക മാത്രമാണ് ചെയ്തതെന്നും കോച്ച് വിശദമാക്കി.

12ാം വയസ്സില്‍ ചേര്‍ന്നു

12ാം വയസ്സിലാണ് പരിശീലനത്തിനു വേണ്ടി ഷഫാലി തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നു കുമാര്‍ പറഞ്ഞു. മാസങ്ങള്‍ക്കകം അവള്‍ ആക്രമണോത്സുക ബാറ്റിങിലൂടെ ശ്രദ്ധയാകര്‍ഷിച്ചു. മാരകമായിരുന്നു അവളുടെ ബാറ്റിങ് ശൈലി. ഇതു കാരണം ഷഫാലിയുടെ ഷോട്ട് ദേഹത്തു തട്ടി ഗ്രൂപ്പിലെ മറ്റു പെണ്‍കുട്ടികള്‍ക്കു പരിക്കേല്‍ക്കുമോയെന്നു തങ്ങള്‍ ഭയപ്പെട്ടിരുന്നതായും കോച്ച് വെളിപ്പെടുത്തി.
ഈ ഭയം കാരണം ഷഫാലിയെ തങ്ങള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഗ്രൂപ്പിലേക്കു മാറ്റി. അതിനു ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പവും അവള്‍ പരിശീലനം നടത്താന്‍ തുടങ്ങിയതായും കുമാര്‍ വ്യക്തമാക്കി.

രഞ്ജി താരം പറയുന്നു

കുമാറിന്റെ അക്കാദിമിയില്‍ നിന്നുള്ള ചില താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. അവരിലൊരാളാണ് രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കു വേണ്ടി കളിച്ചിടുള്ള പേസര്‍ ആശിഷ് ഹൂഡ. ഷഫാലിയുടെ നിര്‍ഭയത്വവും കഴിവും തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന് ഹൂഡ പറഞ്ഞു.
രഞ്ജിയില്‍ കളിച്ച താരമെന്നതിനാല്‍ തന്നെ അക്കാദമിയില്‍ പരിശീലിക്കുന്ന ഒരു കുട്ടിയെ പരിക്കേല്‍പ്പിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടു ചെറിയ റണ്ണപ്പോടെയാണ് ഷഫാലിക്കെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞത്. പക്ഷെ അവള്‍ ഒരു കൂസലുമില്ലാതെ ഷോട്ടുകള്‍ പായിച്ചു. തുടര്‍ന്ന് ഫുള്‍ റണ്ണപ്പോടെ, വേഗം കൂട്ടി ബൗള്‍ ചെയ്തപ്പോഴും ഷഫാലി അനായാസം ഷോട്ടുകള്‍ കളിച്ചു. ഇവള്‍ വളരെ സ്‌പെഷ്യലാണെന്നും ഒരു നാള്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇത്ര വേഗത്തില്‍ ഷഫാലി ദേശീയ ടീമിലെത്തുമെന്ന് കരുതിയില്ലെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനി

വളരെ വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത താരമാണ് ഷഫാലി. ബാറ്റിങില്‍ കൂടുതല്‍ സിംഗിളുകളും ഡബിളുകളും മിക്‌സ് ചെയ്യാനാണ് ഇനി അവള്‍ ശ്രമിക്കേണ്ടത്. ഷഫാലി വളരെ ചെറുപ്പമാണ്. അതുകൊണ്ടു തന്നെ അനുഭവസമ്പത്തിനൊപ്പം അവള്‍ കൂടുതല്‍ പഠിക്കുമെന്നും പ്രകടനം ഇനിയും മെച്ചപ്പെടുത്തുമെന്നും തനിക്കുറപ്പുണ്ടെന്നും ഹൂഡ പറഞ്ഞു.

Story first published: Saturday, March 7, 2020, 14:56 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+