കറാച്ചി: ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച് ലാഹോര്‍ ലയണ്‍സ് താരങ്ങള്‍ സമ്പാദിച്ച പണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന റൗണ്ട് വരെയെത്തിയ ലാഹോര്‍ ടീമിന് കിട്ടിയ തുകയുടെ 60 ശതമാനത്തോളം ബോര്‍ഡാണത്രെ കൈക്കലാക്കിയത്. നേരിയ മാര്‍ജിനിലാണ് മുഹമ്മദ് ഹഫീസ് നായകനായ ലയണ്‍സ് സെമിയിലെത്താതെ പുറത്തായത്.
അഞ്ച് ലക്ഷം യു എസ് ഡോളറാണ് ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്ത വകയില്‍ കിട്ടിയത്. ഇതില്‍ ഒരു ലക്ഷം യു എസ് ഡോളര്‍ മാത്രമാണ് കൡക്കാരുടെ കയ്യിലെത്തിയത്. അതും ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് കഷ്ടപ്പെട്ട് പറഞ്ഞ ശേഷം. 2,75000 യു എസ് ഡോളര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിച്ചെടുത്തു. 1,25000 യു എസ് ഡോളര്‍ നികുതിയും മറ്റിനങ്ങളുമായും പിടിച്ചെടുത്തു.

ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തതിനും മെയിന്‍ റൗണ്ടിലെത്തിയതിനുമായിട്ടാണ് ലാഹോര്‍ ടീമിന് ആകെ അഞ്ച് ലക്ഷം യു എസ് ഡോളര്‍ കിട്ടിയത്. ഇതനുസരിച്ച് ഓരോ കളിക്കാരനും ഇരുപതിനായിരം യു എസ് ഡോളറെങ്കിലും കിട്ടേണ്ടതാണ്. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ട് അത് ഇല്ലാതാക്കി - ലയണ്‍സ് ക്യാംപിലെ ഒരാള്‍ പറഞ്ഞു.
നേരത്തെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുത്ത സിയാല്‍ക്കോട്ട് സ്റ്റാലിയന്‍സും ഫൈസലാബാദ് വോള്‍വ്‌സിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടത്രെ. ഇന്ത്യയിലായിരുന്നു ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ്. ഇന്ത്യയിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റും പാക് കളിക്കാര്‍ക്ക് നല്ല അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഇത്തവണ കിരീടം നേടിയത്.