ബാംഗ്ലൂര്‍: ഡ്വെയ്ന്‍ സ്മിത്ത്, ബ്രണ്ടന്‍ മക്കുല്ലം, സുരേഷ് റെയ്‌ന, ഡുപ്ലിസി, ബ്രാവോ, ധോണി, ജഡേജ, അശ്വിന്‍... ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് ലൈനപ്പാണിത്. എട്ടാം നമ്പറിലിറങ്ങുന്ന അശ്വിന്‍ വരെ ഓപ്പണിംഗില്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റിംഗ് നിരയാണ് ചെന്നൈയ്ക്കുള്ളത്. കഴിഞ്ഞ കളിയില്‍ ഡോള്‍ഫിന്‍സിനെതിരെ ചെന്നൈ അടിച്ചുകൂട്ടിയത് 242 റണ്‍സ്.
സുരേഷ് റെയ്‌നയ്ക്കാണ് ഈ സീസണില്‍ ചെന്നൈയുടെ റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ചാര്‍ജ്ജ്. ഐ പി എല്‍ ഹീറോയായ സ്മിത്ത് അത്ര ഫോമിലല്ല. മക്കുല്ലം കഴിഞ്ഞ കളിയോടെ ഫോമിലെത്തിക്കഴിഞ്ഞു. ധോണി ഒരു കളിയില്‍ തിളങ്ങി ഒന്നില്‍ വേഗം പോയി. ബ്രാവോ പിടിച്ചുനില്‍ക്കുന്നുണ്ട് എന്നാല്‍ സ്പീഡ് അത്ര പോര. ഏഴാമതിറങ്ങി ജഡേജ നടത്തിയ വെടിക്കെട്ടാണ് കഴിഞ്ഞ കളിയിലെ ഹൈലൈറ്റ്.

ബാറ്റിംഗ് കൊണ്ട് മാത്രം കളി ജയിക്കേണ്ട സ്ഥിതിയിലാണ് പക്ഷേ ചെന്നൈ കിംഗ്‌സ്. നെഹ്‌റ നയിക്കുന്ന ബൗളിംഗ് നിരയില്‍ നിന്നും കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ എന്ന ചോദ്യം ന്യായമാണ്. ബ്രാവോയുടെ വെറൈറ്റി മാത്രമാണ് എടുത്തുപറയാനുളളത്. മോഹിത് ശര്‍മയും ഈശ്വര്‍ പാണ്ഡെയും അശ്വിനും വിക്കറ്റ് വീഴ്്ത്തുന്നത് പോലെ തന്നെ റണ്‍സും വഴങ്ങുന്നു.
പാക് ടീമായ ലാഹോര്‍ ലയണ്‍സാണ് ചെന്നൈയ്ക്ക് വ്യാഴാഴ്ച എതിരാളികള്‍. ചെന്നെയെ പോലെ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റാണ് ലാഹോര്‍ ടീമിന്റെയും വരവ്. ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്, അഹ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരിലാണ് ലാഹോറിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍. ചെന്നൈയെ അപേക്ഷിച്ച് വെറൈറ്റി കൂടുതലാണ് ബൗളിംഗിന്. ചെന്നൈയെക്കാള്‍ ശക്തവും. കളി രാത്രി എട്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍.