
ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലെ രാജാവ് തന്നെയാണ്. അത്രയുമധികം സെഞ്ച്വറികളും സിക്‌സറുകളുമെല്ലാമാണ് അദ്ദേഹം ഐപിഎല്ലില്‍ വാരിക്കൂട്ടിയിട്ടുള്ളത്. 2009 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ഗെയ്ല്‍ ഇതിനകം കെകെആര്‍, ആര്‍സിബി, പഞ്ചാബ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 40.24 ശരാശരിയില്‍ 4950 റണ്‍സും നേടി.
എന്നാല്‍ പിഎസ്എല്ലില്‍ കറാച്ചി കിങ്‌സ്, ലാഹോര്‍ ക്വലന്ദേഴ്‌സ്, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമുകള്‍ക്കായി കളിച്ച ഗെയ്ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 23.12 ശരാശരിയില്‍ നേടിയത് വെറും 370 റണ്‍സാണ്. ഒരു സെഞ്ച്വറി പോലും ഇതില്‍ ഇല്ല. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഗെയ്ല്‍ തികച്ചിട്ടുള്ളൂ. ഐപിഎല്ലിലെ സ്‌ട്രൈക്ക്‌റേറ്റ് 150ന് അടുത്താണെങ്കില്‍ പിഎസ്എല്ലിലേത് 136.53 ആണ്.

ബ്രെന്‍ഡന്‍ മക്കുല്ലം
ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലം ഐപിഎല്ലിലും പിഎസ്എല്ലിലും കളിച്ചിട്ടുള്ള താരമാണ്. 2008ല്‍ ഐപിഎല്ലിന്റെ കന്നി സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ കെകെആറിനായി 158 റണ്‍സ് മക്കുല്ലം വാരിക്കൂട്ടിയിരുന്നു.
കെകെആറിനെക്കൂടാതെ ആര്‍സിബി, സിഎസ്‌കെ, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചു. 109 മല്‍സരങ്ങളില്‍ നിനനും 2880 റണ്‍സും മക്കുല്ലം നേടി. രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
പിഎസ്എല്ലില്‍ 2016, 17 സീസണുകളില്‍ ലാഹോര്‍ ക്വലന്ദേഴ്‌സിന്റെ താരമായിരുന്നു അദദ്ദേഹം. 18 മല്‍സരങ്ങളില്‍ നിന്നും 311 റണ്‍സ് മാത്രമേ മക്കുല്ലം നേടിയുള്ളൂ. സ്ട്രാകക്ക് റേറ്റ് 114.33 ആയിരുന്നു.

കെവിന്‍ പീറ്റേഴ്‌സന്‍
ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനും രണ്ടു ലീഗുകളിലും കളിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ ആര്‍സിബി, ആര്‍പിഎസ്, എസ്ആര്‍എച്ച്, ഡിഡി എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി 36 മല്‍സരങ്ങളില്‍ കെപി കളിച്ചിരുന്നു. 37.07 ശരാശരിയില്‍ 1001 റണ്‍സും അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. 134.72 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.
എന്നാല്‍ പിഎസ്എല്ലില്‍ 26.56 ശരാശരിയില്‍ 611 റണ്‍സാണ് പീറ്റേഴ്‌സനു നേടാനായത്. ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വളരെ കുറവാണെന്നു കാണാം.

ആന്ദ്രെ റസ്സല്‍
ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളും കെകെആറിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലും പിഎസ്എല്ലില്‍ നനഞ്ഞ പടക്കമാണ്. ഐപിഎല്ലില്‍ 81 മല്‍സരങ്ങളില്‍ നിന്നായി 1680 റണ്‍സും 68 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 179.29 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണിത്. ഒമ്പത് ഫിഫ്റ്റികള്‍ നേടിയ റസ്സല്‍ 142 സിക്‌സറുകളും പായിച്ചു. നിരവധി മല്‍സരങ്ങളില്‍ റസ്സല്‍ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ കെകെആറിനെ ഒറ്റയ്ക്കു ജയിപ്പിച്ചിട്ടുണ്ട്.
പക്ഷെ പിഎസ്എല്ലിലേക്കു വന്നാല്‍ മുള്‍ത്താന്‍ സുല്‍ത്താന്‍, ഇസ്ലാമാദ് യുനൈറ്റഡ് ടീമുകള്‍ക്കായി കളിച്ചത് 13 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നു നേടാനായത് വെറും 134 റണ്‍സ് മാത്രം. 12.18 എന്ന ദയനീയ ശരാശരിയിലാണിത്.

ഡ്വയ്ന്‍ ബ്രാവോ
ടി20 ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകളിലൊരാളായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ബാറ്റിങിലും ബൗളിങിലും സിഎസ്‌കെയുടെ ഹീറോസില്‍ ഒരാളായിരുന്നു അദ്ദേഹം.
ഐപിഎല്ലില്‍ 144 മല്‍സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകള്‍ ബ്രാവോ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ നാലാമത്തെ ഓള്‍ടൈം വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. ബാറ്റിങിലേക്കു വന്നാല്‍ 22.87 ശരാശരിയില്‍ 130നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 1510 റണ്‍സുമെടുത്തു.
പക്ഷെ പിഎസ്എല്ലില്‍ ലാഹോര്‍ ക്വലന്ദേഴ്‌സ് (2016), ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് (2019) ടീമുകള്‍ക്കായി രണ്ടു സീസണുകളിലാണ് ബ്രാവോ കളിച്ചിട്ടുള്ളത്. 14 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളെടുത്ത താരം സ്‌കോര്‍ ചെയ്തത് 134 റണ്‍സായിരുന്നു.


Click it and Unblock the Notifications