മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ ടീം പ്രഖ്യാപനമാണിത്. പല സര്‍പ്രൈസുകളും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ടി20 ക്യാപ്റ്റനാക്കിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനേയും വളര്‍ത്തി. ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടി20 ടീമിലേക്ക് ഒതുക്കപ്പെട്ടു.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടിയ സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ സഞ്ജു തഴയപ്പെടുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയതോടെ മറ്റൊരു പ്രശ്‌നം കൂടി താരത്തിന് നേരിടേണ്ടി വന്നിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കെ സഞ്ജു തഴയപ്പെടാനുള്ള സാധ്യത കൂടിയാണ് ഉയര്‍ന്നിരിക്കുന്നത്.
ശ്രീലങ്കന്‍ ഏകദിന പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന് ഇനി ചാമ്പ്യന്‍സ് ട്രോഫി കളിക്കാമെന്ന മോഹം വേണ്ട. അതിന് കാരണം കെ എല്‍ രാഹുലിന്റെ വരവാണ്. റിഷഭ് പന്തിനെ ഇന്ത്യ സൂപ്പര്‍ താരമായി കണക്കാക്കവെ അദ്ദേഹത്തെ മാറ്റാന്‍ യാതൊരു സാധ്യതയുമില്ല. കെ എല്‍ രാഹുല്‍ ഗംഭീറിന്റെ അടുത്ത ആളാണ്. ഐപിഎല്ലില്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍. അതുകൊണ്ടുതന്നെ രാഹുലിനെ മാറ്റി സഞ്ജുവിനെ പരിഗണിക്കില്ല.
റിഷഭ് പന്തിനോ കെ എല്‍ രാഹുലിനോ പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടാവാത്ത പക്ഷം സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷ വേണ്ട. സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായേക്കുമെങ്കിലും ഏകദിനത്തില്‍ അധികം അവസരം പ്രതീക്ഷിക്കേണ്ട. എന്നാല്‍ ടി20യെക്കാള്‍ സഞ്ജു അവസരം അര്‍ഹിക്കുന്നത് ഏകദിനത്തിലാണെന്നതാണ് വസ്തുത. ഇതിന് സഞ്ജുവിന്റെ കളിക്കണക്കുകള്‍ തന്നെ നോക്കിയാല്‍ മതിയാകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലടക്കം സെഞ്ച്വറി നേടിയിട്ടും സഞ്ജു തഴയപ്പെട്ടുവെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. സഞ്ജുവിന് ഇനി ഏകദിന ടീമിലേക്ക് തിരിച്ചെത്തുക വളരെ പ്രയാസമായിരിക്കും. ടി20യില്‍ സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാത്ത പക്ഷം ഈ ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടേക്കും. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും സഞ്ജുവിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല.
അതേ സമയം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സാധ്യതയുമില്ല. പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാവുന്നത്. ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ശ്രീലങ്കയിലോ ദുബായിലോ മത്സരം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇത് പാകിസ്താന്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത കൂടുതല്‍. ഗംഭീറും പാകിസ്താനില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത. ഐസിസിയില്‍ പിസിബി പരാതിയടക്കം നല്‍കിയിരുന്നു. പാകിസ്താനിലേക്ക് ഇന്ത്യ കളിക്കാന്‍ വരണമെന്നും പാകിസ്താന്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരാറുണ്ടെന്നുമാണ് പിസിബി പറയുന്നത്. പക്ഷെ ബിസിസി ഐ നിലപാട് മയപ്പെടുത്തിയിട്ടില്ല. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ നടക്കേണ്ട മത്സരങ്ങളില്‍ പാകിസ്താന്‍ പങ്കെടുക്കില്ലെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്.
പക്ഷെ പാകിസ്താനിലേക്ക് കളിക്കാന്‍ പോകില്ലെന്നാണ് ബിസിസി ഐ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ എന്താവും അന്തിമ തീരുമാനമെന്നത് കാത്തിരുന്ന് കണ്ടറിയാം. ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി മാറ്റാത്ത പക്ഷം ഇന്ത്യ വിട്ടുനില്‍ക്കും. ഇത് സാമ്പത്തികമായി പാകിസ്താന് വലിയ ക്ഷീണമുണ്ടാക്കുമെന്നുറപ്പ്.