ഹൈദരാബാദ്: ഐപിഎല്ലിലെ ആവേശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തില്‍ നാല് റണ്‍സിന്റെ വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. സീസണില്‍ ചെന്നൈയുടെ നാലാം വിജയം കൂടിയാണിത്. അവസാന ഓവറില്‍ പ്രതീക്ഷ നല്‍കിയ റാഷിദ് ഖാന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഹൈദരാബാദിന് ആറ് വിക്കറ്റിന് 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഹാട്രിക്ക് വിജയത്തിനു ശേഷം ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്.

ആദ്യ 10 ഓവറുകളില്‍ ഇഴഞ്ഞു നീങ്ങിയ ചെന്നൈയെ അമ്പാട്ടി റായുഡുവും സുരേഷ് റെയ്‌നയും തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. റായുഡുവിന്റേയും (79) റെയ്‌നയുടെയും (53*) അര്‍ധസെഞ്ച്വറി മികവില്‍ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 182 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും (25*) ചെന്നൈ ബാറ്റിങ് നിരയില്‍ തിളങ്ങി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും (84) യൂസുഫ് പഠാനും (45) അവസാനം റാഷിദ് ഖാനും (17*) പൊരുതി നോക്കിയെങ്കിലും നാല് റണ്‍സകലെ ജയം കൈവിടുകയായിരുന്നു. 51 പന്തില്‍ അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് വില്ല്യംസന്റെ ഇന്നിങ്‌സ്. 27 പന്ത് നേരിട്ട പഠാന്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും നേടി. നാല് പന്തില്‍ നിന്ന് രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമാണ് റാഷിദിന്റെ ഇന്നിങ്‌സില്‍ പിറന്നത്.

ചെന്നൈക്കു വേണ്ടി 37 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്. തന്റെ ഇന്നിങ്‌സിലെ അവസാന 16 പന്തുകളില്‍ നിന്ന് 48 റണ്‍സാണ് റായുഡു അടിച്ചുകൂട്ടിയത്. ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറും പിറവിയെടുത്തതും ഈ സമയത്തായിരുന്നു. പുറത്താവാതെ 43 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് റെയ്‌നയുടെ ഇന്നിങ്‌സ്. 12 പന്ത് നേരിട്ട ധോണി മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും നേടി.

വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കളത്തിലിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ധവാന് ഇന്നത്ത മല്‍സരം നഷ്ടമായത്. അഞ്ച് സീസണിനിടെ ഇത് ആദ്യമായാണ് ധവാനും ഡേവിഡ് വാര്‍ണറുമില്ലാതെ ഹൈദരാബാദ് ഒരു മല്‍സരത്തിനിറങ്ങുന്നത്. ധവാനു പകരം റിക്കി ഭൂയിയാണ് കളത്തിലിറങങിയത്. എന്നാല്‍, അക്കൗണ്ട് തുറക്കുംമുമ്പ് ഭൂയിക്ക് കളംവിടേണ്ടിവന്നു. ആദ്യ ഓവറില്‍ ടീം അക്കൗണ്ട് തുറക്കുംമുമ്പ് ദീപക് ചഹാറിന്റെ ബൗളിങില്‍ ഭൂയിയെ വാട്‌സന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നീടും തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീണതോടെ ഒരുഘട്ടത്തില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയാവുമ്പോഴേക്കും ഹൈദരാബാദിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. മനീഷ് പാണ്ഡെ (0), ദീപക് ഹൂഡ (1) എന്നിവരുടെ വിക്കറ്റുകളാണ് ഭൂയിക്കു പിന്നാലെ ചഹാറിന് ഇരയായത്. പാണ്ഡെയെ കാണ്‍ ശര്‍മയുടെയും ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലുമെത്തിച്ചാണ് ചഹാര്‍ തുടക്കത്തില്‍ തന്നെ ഹൈദരാബാദിനെ ഞെട്ടിച്ചത്.
എന്നാല്‍, ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ശാക്വിബുല്‍ ഹസ്സനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാണ്‍ ശര്‍മയാണ് ഈ കൂട്ടുകെട്ടിനെ പിരിച്ചത്. 19 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമ ഉള്‍പ്പെടെ 24 റണ്‍സെടുത്ത ശാക്വിബിനെ ശര്‍മയുടെ ബൗളിങില്‍ കൈകളിലൊതുക്കുകയായിരുന്നു. പിന്നീട് വില്ല്യംസിനൊപ്പം യൂസുഫ് പഠാന്‍ ഒത്തുചേര്‍ന്നതോടെ ഹൈദരാബാദിന്റെ സ്‌കോറിങിനു വേഗത കൂടി. 79 റണ്‍സിനു ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ചെന്നൈക്കു വേണ്ടി ചഹാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍, കാണ്‍ ശര്‍മ, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.