പ്ലേഓഫ് ഉറപ്പിക്കണമെങ്കില്‍ പഞ്ചാബിന് വേണം കിങ് ജയം; വീഴ്‌ത്തേണ്ടത് മച്ചാന്‍മാരെ
പൂനെ: ഐപിഎല്‍ സീസണിലെ ലീഗ് മല്‍സരങ്ങള്‍ക്ക് ഇന്ന് തിരശ്ശീലവീഴും. സൂപ്പര്‍ സണ്‍ഡേയിലെ ആന്റിക്ലൈമാക്‌സില്‍ അവസാനമായി ആര് പ്ലേഓഫ് ബെര്‍ത്ത് ടിക്കറ്റ് സ്വന്തമാക്കുമെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ പ്ലേഓഫ് ലക്ഷ്യവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് മുന്‍ ചാംപ്യന്‍മാരും ശക്തരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എതിരിടും. രാത്രി എട്ടിന് പൂനെയിലാണ് സീസണിലെ 56ാം പോരാട്ടം നടക്കുന്നത്.
പ്ലേഓഫ് ഉറപ്പിക്കണമെങ്കില്‍ പഞ്ചാബിന് ഭാഗ്യത്തോടൊപ്പം വന്‍ മാര്‍ജിനില്‍ വിജയിക്കണം. എന്നാല്‍, മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയാല്‍ മാത്രമേ പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നം പൂവണിയുകയുള്ളൂ. 13 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി ടൂര്‍ണമെന്റില്‍ പ്ലേഓഫ് ഉറപ്പിച്ച ടീമാണ് ചെന്നൈ. 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയി്ന്റുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്.

തുടര്‍ തോല്‍വിയുടെ ആഘാതത്തില്‍ വീണ് പഞ്ചാബ്
സീസണില്‍ ഗംഭീര തുടക്കം ലഭിച്ച ടീമുകളിലൊന്നായിരുന്നു ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബ്. എന്നാല്‍, പിന്നീടുള്ള പല നിര്‍ണായക മല്‍സരങ്ങളിലും പഞ്ചാബ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒരുഘട്ടത്തില്‍ പഞ്ചാബ് അനായാസം പ്ലേഓഫ് ഉറപ്പിക്കുമെന്ന പ്രതീതിവരെയുണ്ടായിരുന്നു. പക്ഷേ, കളി കാര്യമായപ്പോള്‍ പഞ്ചാബ് കളി മറന്നു. വന്‍ വിജയത്തോടൊപ്പം ഭാഗ്യവും കടാക്ഷിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ പ്ലേഓഫ് കാണാതെ പുറത്താവേണ്ട ഗതികേടിലാണ് പഞ്ചാബ്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയുടെ മുന്നിലാണ് പഞ്ചാബ് ഇപ്പോള്‍. അവസാന നാല് മല്‍സരത്തില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാതെ പോയതാണ് പഞ്ചാബി്‌ന്റെ പ്ലേഓഫ് സാധ്യത സങ്കീര്‍ണമാക്കിയത്. മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ മാത്രമാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്. മാച്ച് വിന്നറാവാന്‍ കെല്‍പ്പുള്ള കരീബിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് സ്ഥിരത കണ്ടെത്താന്‍ കഴിയാതെ പോയാതാണ് പഞ്ചാബിന് ഏറ്റവും വലിയ ആഘാതമായത്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവാതെ പഞ്ചാബ് ബൗളിങ് നിരയും ടീമിന്റെ തോല്‍വിയുടെ മുഖ്യ കാരണക്കാരായി മാറി.

പകരം ചോദിക്കാന്‍ ചെന്നൈ
സീസണില്‍ പഞ്ചാബിനോടേറ്റ പരാജയത്തിന് കണക്കുചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ. മൊഹാലിയില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ നാല് റണ്‍സിനാണ് പഞ്ചാബിന് മുന്നില്‍ ചെന്നൈ പരാജയപ്പെട്ടത്. അന്ന് മികച്ച ഫോമിലായിരുന്നു പഞ്ചാബ്. പക്ഷേ, ഇപ്പോള്‍ താളം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന പഞ്ചാബിനെ വീഴ്ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ധോണിപ്പട. അവസാന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റതിനാല്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്നതും ചെന്നൈയുടെ ലക്ഷ്യമാണ്. വന്‍ മാര്‍ജിനില്‍ പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് പോയി്ന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താനും ധോണിപ്പടയ്ക്ക് സാധിക്കും.
ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ്:
ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എംഎസ് ധോണി (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിങ്, ഷാര്‍ദുര്‍ താക്കൂര്‍, ലുങ്കി എന്‍ഗിഡി.


കിങ്‌സ് ഇലവന്‍ പഞ്ചാബ്:
ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, കരുണ്‍ നായര്‍, യുവരാജ് സിങ്/മനോജ് തിവാരി, അക്ഷര്‍ പട്ടേല്‍, മാര്‍കസ് സ്റ്റോയ്‌നിസ്/മുജീബുറഹ്മാന്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ടൈ, മോഹിത് ശര്‍മ, അന്‍കിത് രാജ്പൂത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications