ചാംപ്യന്‍മാര്‍ മറികടക്കുമോ ചാലഞ്ച്? ആദ്യ ചിരി ആര്‍ക്ക്? കന്നിയങ്കം കാത്ത് ക്രിക്കറ്റ് ലോകം


ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐപിഎല്ലിന്റെ 12ാം സീസണിന് ശനിയാഴ്ച രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആരവമുയരും. രാത്രി എട്ടു മണിക്കു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും.
ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്.

കണക്കുകള്‍ സിഎസ്‌കെയ്‌ക്കൊപ്പം
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ 22 തവണയാണ് ഇരുടീമുകളും കഴിഞ്ഞ 11 സീസണുകളിലായി മുഖാമുഖം വന്നത്. ഇതില്‍ 14ലും ജയം ധോണിപ്പടയ്ക്കായിരുന്നു. ഏഴെണ്ണത്തില്‍ ആര്‍സിബി ജയിച്ചപ്പോള്‍ ഒന്നില്‍ ഫലമുണ്ടായില്ല.
അതേസമയം, ചെന്നൈയില്‍ ഇതുവരെ ഏഴു തവയണയാണ് സിഎസ്‌കെയും ആര്‍സിബിയും മാറ്റുരച്ചത്. ഇതില്‍ ആറിലും ചെന്നൈ വെന്നിക്കൊടി പാറിച്ചു. 2008ലായിരുന്നു ആര്‍സിബിയുടെ ഏക ജയം.

ശക്തമായ ബാറ്റിങ് നിര
കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കിരീടവിജയത്തില്‍ നിര്‍ണായകമായത് അമ്പാട്ടി റായുഡുവിന്റെയും ഷെയ്ന്‍ വാട്‌സന്റെയും ബാറ്റിങായിരുന്നു. റായുഡു 602 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ വാട്‌സന്‍ 555 റണ്‍സ് നേടി.
ഈ സീസണിലും ഇരുവരും മികച്ച പ്രകടനം നടത്തുമെന്നാണ് സിഎസ്‌കെയുടെ പ്രതീക്ഷ. നായകന്‍ ധോണി, സുരേഷ് റെയ്‌ന എന്നിവരും സിഎസ്‌കെ ബാറ്റിങിലെ നെടുംതൂണുകളാണ്.

താക്കൂറാവുമോ ഇത്തവണയും?
ബൗളിങില്‍ കഴിഞ്ഞ തവണ 16 വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ താക്കൂറില്‍ നിന്നും ഇത്തവണയും സമാനമായ പ്രകടനമാണ് സിഎസ്‌കെയ്ക്കു വേണ്ടത്.
14 വിക്കറ്റുകളുമായി ഡ്വയ്ന്‍ ബ്രാവോയും 2018ല്‍ സിഎസ്‌കെ ബൗളിങിന്റെ കുന്തമുനയായിരുന്നു. ദീപക്, ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവരും സിഎസ്‌കെ നിരയിലുണ്ട്.

സിഎസ്‌കെ സാധ്യതാ ടീം
എംഎസ് ധോണി (ക്യാപ്റ്റന്‍), ഡ്വയ്ന്‍ ബ്രാവോ, ഡേവിഡ് വില്ലി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, കാണ്‍ ശര്‍മ, ശര്‍ദ്ദുല്‍ താക്കൂര്‍, ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, സാം ബില്ലിങ്‌സ്.

ബാറ്റിങില്‍ കോലി, എബിഡി
ശക്തമായ ടീമുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ആര്‍സിബി ഇത്തവണ ദുഷ്‌പേര് മായ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണ്‍ ആര്‍സിബിയെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. പ്ലേഓഫില്‍ പോലുമെത്താന്‍ കോലിപ്പടയ്ക്കായില്ല. 14 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാനായത്.
ക്യാപ്റ്റന്‍ കോലി തന്നെയായിരിക്കും ഈ സീസണിലും ആര്‍സിബി ബാറ്റിങിന്റെ നട്ടെല്ല്. ഒപ്പം പതിവുപോലെ കോലിയുടെ വലംകൈയായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സുണ്ടാവും. പുതുതായി ടീമിലെത്തിയ വിന്‍ഡീസ് സെന്‍സേഷന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ആര്‍സിബിയുടെ മറ്റൊരു മിന്നും താരം.

ഉമേഷും ചഹലും
ബൗളിങില്‍ കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഉമേഷ് യാദവിനായിരിക്കും പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍. കഴിഞ്ഞ തവണ 14 കളികളില്‍ നിന്നും 20 വിക്കറ്റുകളുമായി ഉമേഷ് കസറിയിരുന്നു. ന്യൂസിലാന്‍ഡിന്റെ ടിം സോത്തി, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു പേസര്‍മാര്‍. സ്പിന്‍ ബൗങിളില്‍ യുസ്‌വേന്ദ്ര ചഹലില്‍ ആര്‍സിബിക്കു വലിയ പ്രതീക്ഷകളാണുള്ളത്.

ആര്‍സിബി സാധ്യതാ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), പാര്‍ഥീവ് പട്ടേല്‍, മോയിന്‍ അലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷ്ദീപ് നാഥ്, ശിവം ദൂബെ, ടിം സോത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications