
ചെന്നൈ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് സിഎസ്‌കെ തുരത്തുകയായിരുന്നു. തികച്ചും ഏകപക്ഷീയ വിജയമാണ് ചാംപ്യന്‍മാര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിന്റെ ശക്തമായ ബാറ്റിങ് നിരയെ 108 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ ജയമുറപ്പിച്ചിരുന്നു.

17.2 ഓവറില്‍ മൂന്നു വിക്കറ്റിന് ചെന്നൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫഫ് ഡു പ്ലെസി (43*), അമ്പാട്ടി റായുഡു (21) എന്നിവരാണ് സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. ഷെയ്ന്‍ വാട്‌സന്‍ (17), സുരേഷ് റെയ്‌ന (14) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ഈ വിജയത്തോടെ കെകെആറിനെ പിന്തള്ളി ചെന്നൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആറിനെ ഉജ്ജ്വല ബൗളിങിലൂടെ സിഎസ്‌കെ ചുരുട്ടിക്കെട്ടുകയായിരുന്നു. ഒമ്പത് വിക്കറ്റന് 108 റണ്‍സാണ് കെകെആറിനു നേടാനായത്. മൂന്നു താരങ്ങള്‍ മാത്രമാണ് കെകെആര്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്. ആന്ദ്രെ റസ്സലിന്റെ (50*) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ കെകെആറിന്റെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു. 44 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (19), റോബിന്‍ ഉത്തപ്പ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ക്രിസ് ലിന്‍ (0), സുനില്‍ നരെയന്‍ (6), നിതീഷ് റാണ (0), ശുഭ്മാന്‍ ഗില്‍ (9), പിയൂഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

മൂന്നു വിക്കറ്റെടുത്ത ദീപക് ചഹറും രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് ഹൈദരാബാദ് ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഇരുടീമുകളും നിലനിര്‍ത്തി.