സെഞ്ച്വൂറിയന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള പടയൊരുക്കം ടീമുകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഓസീസും ന്യൂസീലന്‍ഡും പാകിസ്താനുമെല്ലാം കപ്പടിക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് കടന്ന് കഴിഞ്ഞു. ഇത്തവണ പാകിസ്താനാണ് ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ പാകിസ്താന്‍ അവസാന ഘട്ട മുന്നൊരുക്കത്തിലാണ്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് ടൂര്‍ണമെന്റ് നിര്‍ണ്ണായകമാണ്. ടീം നിരാശപ്പെടുത്തിയാല്‍ ഗംഭീറിന്റെ ചീട്ടുകീറുമെന്ന് ഉറപ്പാണ്. നായകന്‍ രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നതും ചാമ്പ്യന്‍സ് ട്രോഫിയാവും. ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണുള്ളത്. മോശം ഫോമും പരിക്കും ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ കപ്പിലേക്കെത്താമെന്ന സജീവ പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യയുള്ളത്.
ഇത്തവണ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളെ ഒപ്പം കൂട്ടിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്. അനുഭവസമ്പന്നരായ നിരവധി താരങ്ങളെ ഇന്ത്യന്‍ ടീമിനൊപ്പം കാണാനാവും. എന്നാല്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മാച്ച് വിന്നറെ പ്രവചിച്ചിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്.
കുല്‍ദീപ് യാദവാകും ഇന്ത്യയുടെ ഹീറോ
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവുക വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരാരുമല്ലെന്നും അത് സ്പിന്നര്‍ കുല്‍ദീപ് യാദവ് ആയിരിക്കുമെന്നുമാണ് ഡിവില്ലിയേഴ്‌സിന്റെ വിലയിരുത്തല്‍. ചൈനാമാന്‍ സ്പിന്നര്‍ പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനെ ഇന്ത്യ ഉള്‍പ്പെടുത്തുകയായിരുന്നു. ദുബായിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ശൈലിയാണ് കുല്‍ദീപിന്റേതെന്ന് നിസംശയം പറയാം.
'കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം അവനാവും. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. സ്പിന്നര്‍മാര്‍ക്ക് ഈ പിച്ചില്‍ തിളങ്ങാന്‍ സാധിക്കും. കുല്‍ദീപ് യാദവിന് ഇന്ത്യന്‍ ടീമിനൊപ്പം ശോഭിക്കാന്‍ സാധിക്കും' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ദുബായില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് കുല്‍ദീപ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഹീറോയാവാന്‍ കുല്‍ദീപിന് സാധിക്കുമെന്ന് തന്നെ കരുതാം.

കുല്‍ദീപിന്റെ പ്രശ്‌നം പരിക്ക്
കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ കുല്‍ദീപ് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ പ്രകടനം എത്രത്തോളം മികച്ചതാവുമെന്നതാണ് കണ്ടറിയേണ്ടത്. കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ ദുബായിലെ പിച്ചില്‍ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ പരിക്ക് അദ്ദേഹത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ മറ്റ് പ്രമുഖ താരങ്ങളേയും പരിക്ക് വേട്ടയാടുന്നുണ്ട്.
ജസ്പ്രീത് ബുംറ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. എന്നാല്‍ ബുംറയെ പരിക്ക് വേട്ടയാടുകയാണ്. ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ബുംറ നിലവില്‍ വിശ്രമത്തിലാണ്. തിരിച്ചെത്തുമ്പോള്‍ മികവ് കാട്ടാന്‍ ബുംറക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് ഷമി പരിക്കിന്റെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ പ്രകടനം പഴയ നിലവാരത്തിനൊത്തല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും.
രോഹിത്തും കോലിയും ഫോമിലേക്കെത്തണം
ഇന്ത്യയുടെ പ്രധാന തലവേദന സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ്. നായകന്‍ രോഹിത് ശര്‍മയും ഇതിഹാസ താരം വിരാട് കോലിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. രണ്ട് പേരും ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് കരുത്താവും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമാവും. ഇരുവരുടേയും റെക്കോഡുകള്‍ മികച്ചതാണ്. എന്നാല്‍ സമീപകാല ഫോം നിരാശപ്പെടുത്തുന്നതാണ്. ദുബായിലെ പിച്ചില്‍ ഇവര്‍ക്ക് അനുഭവസമ്പത്തുണ്ട്. ഇത് ഗുണം ചെയ്യുമോയെന്നതാണ് കണ്ടറിയേണ്ടത്.