കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ കിരീട സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നതും പാകിസ്താനാണ്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ഇന്ത്യ എടുത്തതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഭിന്നത കൂടുതല്‍ ശക്തമായിരിക്കുകയാണ്. 23ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് ജയിക്കുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
സൂപ്പര്‍ പോരാട്ടത്തിനായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ ഇന്ത്യക്ക് വലിയ മുന്നറിയിപ്പ് നല്‍കുന്ന ജയം നേടിയിരിക്കുകയാണ് പാകിസ്താന്‍. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 353 റണ്‍സ് വിജയലക്ഷ്യമാണ് ഒരോവറും ആറ് വിക്കറ്റും ബാക്കിയാക്കി പാകിസ്താന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 352 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ നാല് വിക്കറ്റിന് 355 റണ്‍സാണ് നേടിയത്. ഇന്ത്യക്കുള്ള വലിയ മുന്നറിയിപ്പാണ് ഈ ജയമെന്ന് പറയാം.
ഇന്ത്യക്ക് ജയം എളുപ്പമാവില്ല
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ ജയം ഇന്ത്യക്കുള്ള മുന്നറിയിപ്പായി തന്നെ വിലയിരുത്താം. പാകിസ്താന്റെ ബാറ്റിങ് നിരയാണ് കൂടുതല്‍ മികവ് കാട്ടുന്നത്. ബാബര്‍ അസം പഴയ മികവ് കാട്ടുന്നില്ലെന്നത് വസ്തുതയാണ്. എന്നാല്‍ പുതിയ നായകനായ മുഹമ്മദ് റിസ്വാന്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറുകയാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത റിസ്വാന്‍ 128 പന്തില്‍ 122 റണ്‍സോടെ പുറത്താവാതെ നിന്നു. പാകിസ്താന്റെ വിജയത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ റിസ്വാന്‍ മുന്നില്‍ നിന്ന് തന്നെ നയിച്ചിരിക്കുകയാണ്.
ഇന്ത്യക്കെതിരേയും മികച്ച റെക്കോഡുള്ള താരമാണ് റിസ്വാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ റിസ്വാന്റെ പ്രകടനം ഇന്ത്യക്ക് വലിയ വെല്ലുവിളിയായി മാറുമെന്നുറപ്പാണ്. സല്‍മാന്‍ ആഗ മധ്യനിരയില്‍ മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 103 പന്തില്‍ 134 റണ്‍സാണ് സല്‍മാന്‍ നേടിയത്. ഇത്തവണ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സല്‍മാന്‍. ഫഖര്‍ സമാന്‍ പഴയ മികവ് കാട്ടുന്നുണ്ട്. ഓപ്പണറായി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇടം കൈയന്‍ താരത്തിന് സാധിക്കുന്നുണ്ട്.

പാകിസ്താന്‍ നേടിയത് റെക്കോഡ് ജയം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയം പാകിസ്താനെ സംബന്ധിച്ച് ചരിത്രമാണ്. ആദ്യമായാണ് പാകിസ്താന്‍ 350ന് മുകളിലുള്ള വിജയലക്ഷ്യം മറികടന്ന് വിജയം നേടുന്നത്. 2022ല്‍ ഓസ്‌ട്രേലിയയുടെ 349 റണ്‍സ് വിജയലക്ഷ്യം മറികടന്നതായിരുന്നു ഇതിന് മുമ്പുള്ള പാകിസ്താന്റെ മികച്ച ജയം. ഓസ്‌ട്രേലിയയുടെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡും പാകിസ്താന്‍ തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പിന്തുടര്‍ന്ന് നേടുന്ന വലിയ വിജയമെന്ന റെക്കോഡാണ് പാകിസ്താന്‍ നേടിയത്.
നാലാം വിക്കറ്റില്‍ 260 റണ്‍സിന്റെ അത്ഭുത കൂട്ടുകെട്ട് സൃഷ്ടിച്ചാണ് റിസ്വാനും സല്‍മാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്. മുഹമ്മദ് റിസ്വാന്‍ നായകനായ ശേഷം പാകിസ്താന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇത്തവണ പാകിസ്താന്റെ ബാറ്റിങ് നിരക്ക് സാധിക്കുമെന്ന് തന്നെ കരുതാം. ബാബര്‍ അസം കൂടി ഫോം വീണ്ടെടുത്താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ പ്രയാസമാവും.
ഇന്ത്യയും ഉജ്ജ്വല ഫോമില്‍
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ വരവ്. വിരാട് കോലിയും രോഹിത് ശര്‍മയും ഫോം വീണ്ടെടുത്തിട്ടുണ്ട്. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തകര്‍ത്തു കളിക്കുന്നുണ്ട്. മധ്യനിരയില്‍ അക്ഷര്‍ പട്ടേലും തകര്‍പ്പന്‍ ഫോമിലാണുള്ളത്. കെ എല്‍ രാഹുലിനും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. പേസ് നിരയില്‍ യുവ പേസര്‍മാര്‍ കസറുന്നതും ഇന്ത്യക്ക് കരുത്ത് പകരുന്നുണ്ട്. എന്തായാലും ഇത്തവണത്തെ ഇന്ത്യ പാകിസ്താന്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.