ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താമെന്ന നിലയിലേക്ക് ഏറെക്കുറെ ധാരണയായിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്താമെന്നും മറ്റ് മത്സരങ്ങള്‍ പാകിസ്താനില്‍ നടത്താമെന്നുമാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകേണ്ടതായുണ്ട്. ഇന്ത്യയെ സംബന്ധിച്ചും പാകിസ്താനെ സംബന്ധിച്ചും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ പോരാട്ടവും കടുക്കും. ഇന്ത്യന്‍ ടീമിലേക്ക് പല സൂപ്പര്‍ താരങ്ങളും തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ചില സൂപ്പര്‍ താരങ്ങള്‍ വഴി മാറാനും നിര്‍ബന്ധിതരാവും. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമോയെന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്.
സഞ്ജു തഴയപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ തീര്‍ച്ചയായു ചാമ്പ്യന്‍സ് ട്രോഫി കളിപ്പിക്കണം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മധ്യനിരയിലെ മികവ്
വിക്കറ്റ് കീപ്പര്‍ താരത്തെ ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ മധ്യനിരയിലാവും കളിപ്പിക്കുക. അഞ്ചാം നമ്പറോ അതിന് താഴെയോ ആവും വിക്കറ്റ് കീപ്പര്‍ കളിക്കേണ്ടി വരിക. ഈ റോളില്‍ നിലവില്‍ ഏറ്റവും മികച്ചത് സഞ്ജു സാംസണാണ്. എന്നാല്‍ ഇപ്പോഴും ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ സഞ്ജു സാംസണിന് ഇടമില്ല. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷവും സഞ്ജു സാംസണിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്നാല്‍ സഞ്ജു സാംസണ്‍ ടി20യിലെക്കാളും മികച്ചത് ഏകദിനത്തിലാണെന്ന് പറയാം.
56.67 ശരാശരിയിലാണ് സഞ്ജു ഏകദിനം കളിക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും സഞ്ജു നേടിയിട്ടുണ്ട്. മധ്യനിരയില്‍ മികവ് കാട്ടി ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കും. റിഷഭ് പന്തിനെക്കാളും മികച്ച പ്രകടനം ഏകദിനത്തില്‍ നടത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. കെ എല്‍ രാഹുലിന്റെ പരിമിത ഓവറിലെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ടുതന്നെ സഞ്ജു കൂടുതല്‍ പിന്തുണയും അവസരവും പ്രതീക്ഷിക്കുന്നു.

സമീപകാല ഫോം ഗംഭീരം
സഞ്ജു സാംസണിന്റെ സമീപകാല ഫോം വളരെ ഗംഭീരമാണ്. സമീപകാലത്ത് സഞ്ജു കളിച്ച അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്. അവസാന അഞ്ച് ടി20യില്‍ നിന്ന് മൂന്ന് സെഞ്ച്വറികളാണ് സഞ്ജു ടി20യില്‍ നേടിയത്. കടന്നാക്രമിച്ച് കളിക്കുന്ന സഞ്ജുവിന് ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാനാവും. സഞ്ജുവിന്റെ സമീപകാല ഫോം മറ്റുള്ളവരെക്കാള്‍ മികച്ചതായതിനാല്‍ ടീമില്‍ അദ്ദേഹം അവസരം അര്‍ഹിക്കുന്നു.
എന്നാല്‍ ഗംഭീര്‍ ഇപ്പോഴും സഞ്ജുവിനെ ഏകദിനത്തില്‍ നിര്‍ണ്ണായക താരമായി പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ തഴയപ്പെടാനുള്ള സാധ്യതയാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. സഞ്ജുവിന്റെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹം ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം. എന്നാല്‍ പരിഗണിക്കപ്പെടുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഏകദിനത്തില്‍ മികച്ച ബാക്കപ്പ്
ഏകദിനത്തില്‍ മികച്ച ബാക്കപ്പായി സഞ്ജു സാംസണെ വളര്‍ത്താവുന്നതാണ്. ഓപ്പണര്‍ റോളില്‍ രോഹിത് ശര്‍മ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ മികച്ച ബാക്കപ്പായി മാറാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇത് മുന്നില്‍ക്കണ്ട് ചാമ്പ്യന്‍സ് ട്രോഫിയിലൂടെത്തന്നെ സഞ്ജുവിനെ പിന്തുണക്കണം. ഏത് ബാറ്റിങ് പൊസിഷനിലേക്കും ഉപയോഗിക്കാന്‍ സാധിക്കുന്നവനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ അദ്ദേഹം കൂടുതല്‍ പിന്തുണയും അവസരവും അര്‍ഹിക്കുന്നു. ശ്രേയസ് അയ്യരും യശ്വസി ജയ്‌സ്വാളും തിരിച്ചെത്തിയാല്‍ സഞ്ജു തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.