Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: വീണ്ടും റിഷഭ്, 56 ശരാശരിയുള്ള സഞ്ജു പുറത്ത്! ഇതെന്ത് ന്യായം? ഫാന്‍സ് കലിപ്പില്‍

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിന് ഇന്ത്യ ഏകദിനത്തിലേക്ക് കൂടി പരിഗണിച്ചപ്പോള്‍ ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങും ടീമിലേക്കെത്തി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും വീണ്ടും പേസ് നിരയില്‍ ഒന്നിക്കുമ്പോള്‍ പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയിരിക്കുകയാണ്.

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍ എന്നീ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. കുല്‍ദീപ് യാദവും തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയും ഇന്ത്യ പരിഗണിച്ചപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. സമീപകാലത്തായി മിന്നും ഫോമിലുള്ള താരമാണ് സഞ്ജു സാംസണ്‍. ടി20യില്‍ ഓപ്പണറായി തകര്‍ത്തടിക്കുന്ന സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി 56ന് മുകളിലാണ്. എന്നിട്ടും സഞ്ജുവിനെ ഇന്ത്യ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

റിഷഭിനെക്കാളും എന്തുകൊണ്ടും കേമന്‍

കെ എല്‍ രാഹുലിനെ ഇന്ത്യ പരിഗണിച്ചത് മികച്ച തീരുമാനമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ രാഹുലിനായിട്ടുണ്ട്. വിക്കറ്റ് കീപ്പറായും മികവ് കാട്ടുന്ന രാഹുലിനെ ഇന്ത്യ ഒന്നാം കീപ്പറായിത്തന്നെ കളിപ്പിക്കും. എന്നാല്‍ രണ്ടാം നമ്പര്‍ കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഏകദിനത്തില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത റിഷഭിന് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നത് സഞ്ജുവിനോടുള്ള അനീതിയാണെന്ന് പറയാം.

31 ഏകദിനം കളിച്ച റിഷഭിന്റെ ഏകദിന ശരാശരി 33 മാത്രമാണ്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 16 ഏകദിനം കളിച്ച സഞ്ജുവിന്റെ ശരാശരി 56ന് മുകളിലാണ്. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും സഞ്ജു നേടി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ ഇപ്പോഴും സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് തഴയുകയാണ്. ഇതെന്ത് ന്യായമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

rishabh pant

വിജയ് ഹസാരെ ട്രോഫി വിട്ടതാണോ പ്രശ്‌നം?

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി കളിച്ചിരുന്നില്ല. കേരളത്തിനൊപ്പം സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം ഇടവേളയെടുക്കുകയായിരുന്നു. ഇത് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് തഴയുന്നതിന് കാരണമായെന്ന് തന്നെ പറയാം. സഞ്ജു വിജയ് ഹസാരെ ട്രോഫി കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ പരിഗണന ലഭിക്കുമായിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് സഞ്ജുവിന് തിരിച്ചടിയായി.

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ കൂടുതല്‍ പിന്തുണ അര്‍ഹിച്ചിരുന്നു. സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോമും വളരെ മികച്ചതായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഇപ്പോഴും ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മികച്ച റെക്കോഡ് സഞ്ജുവിനുണ്ടായിട്ടും റിഷഭിനെ കളിപ്പിക്കാന്‍ കാരണം അദ്ദേഹം ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആണെന്നതിനാലാണ്. അതുകൊണ്ടാണ് റിഷഭിന് കൂടുതല്‍ മുന്‍തൂക്കം ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നത്.

സഞ്ജുവിന് എങ്ങനെ തിരിച്ചുവരാം?

സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നും തഴഞ്ഞതോടെ ഇനി ഏകദിനത്തിലേക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് പറയാം. ഇനി ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുകയെന്നത് സഞ്ജുവിന് പ്രയാസമാവും. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് സ്ഥാനമുണ്ട്. ഓപ്പണറായി സഞ്ജു കളിക്കും. മികവ് കാട്ടാന്‍ സാധിച്ചാലും സഞ്ജുവിന് ഇനി ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്താനാവില്ല.

സഞ്ജു സൂപ്പര്‍ താരമാണെങ്കിലും ഏകദിനത്തില്‍ കളിപ്പിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് താല്‍പര്യമില്ല. ഇന്ത്യ മധ്യ ഓവറില്‍ സഞ്ജു സാംസണെ കളിപ്പിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. അതുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടത്. എന്നാല്‍ ഇത് അനീതിയാണെന്നും റിഷഭിന് അനാവശ്യമായി കൂടുതല്‍ പിന്തുണ നല്‍കുകയാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

Story first published: Saturday, January 18, 2025, 15:22 [IST]
Other articles published on Jan 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+