മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം മത്സരം നാളെ നടക്കാന്‍ പോകുന്നു. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കാണ്. സമീപകാലത്തായി ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഫോമിലുള്ള താരം സഞ്ജു സാംസണാണ്. മൂന്ന് സെഞ്ച്വറികളടക്കം ടി20യില്‍ നേടി ലോക റെക്കോഡിടാന്‍ സഞ്ജുവിനായി.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് സഞ്ജു തഴയപ്പെട്ടത്. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതയെത്തുടര്‍ന്ന് സഞ്ജുവിന് വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു ഒഴിവാക്കപ്പെടാന്‍ കാരണമായി.
സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആവശ്യം മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും രോഹിത് ശര്‍മയും പരിഗണിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ വമ്പന്‍ നീക്കത്തിന് ഗംഭീര്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
സഞ്ജു സാംസണ്‍ റിസര്‍വ് താരമായേക്കും
സഞ്ജു സാംസണെ റിസര്‍വ് താരമായി ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19നാണ് ആരംഭിക്കുന്നത്. ഇന്ത്യക്ക് ടീമില്‍ മാറ്റം വരുത്താന്‍ ഇനിയും സമയം മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരാന്‍ ഇനിയും സമയമുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും ഇന്ത്യക്ക് ശക്തമായ തുടക്കം നല്‍കാന്‍ സഞ്ജുവിനായിരുന്നു.

കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് നിലവില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ റിഷഭിനെ കളിപ്പിക്കുന്നതിനോട് ഗംഭീറിന് എതിര്‍പ്പുണ്ട്. റിഷഭിന്റെ ഏകദിനത്തിലെ കണക്കുകളും അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ റിസര്‍വ് താരമായി കൊണ്ടുവന്നാല്‍ ശ്രേയസ് അയ്യര്‍ക്കോ കെ എല്‍ രാഹുലിനോ പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ കളിപ്പിക്കാന്‍ സാധിക്കും. ഇത് മുന്നില്‍ക്കണ്ടാണ് ഗംഭീര്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന.
ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ മികവ് കാട്ടണം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. ആദ്യ ടി20യിലെ സഞ്ജുവിന്റെ പ്രകടനം ഭേദപ്പെട്ടതായിരുന്നു. ഒരോവറില്‍ 22 റണ്‍സ് നേടിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജു സാംസണിന് സാധിക്കാതെ പോയി. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ മാത്രമേ സഞ്ജുവിനെ ഗംഭീര്‍ പിന്തുണക്കുകയുള്ളൂവെന്നുറപ്പാണ്.
സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് കൊണ്ടുവരാന്‍ നായകന്‍ രോഹിത്തിനടക്കം കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടി മാത്രമെ ഗംഭീറിന് സഞ്ജുവിനെ പിന്തുണക്കാന്‍ സാധിക്കുകയുള്ളൂ. ചാമ്പ്യന്‍സ് ട്രോഫി ഗംഭീറിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കപ്പടിച്ചില്ലെങ്കില്‍ പരിശീലക കസേര തെറിക്കും. അതുകൊണ്ടുതന്നെ ഗംഭീര്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
നിലവിലെ ടീമിന് ആശങ്കകളേറെ
നിലവിലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ശക്തമാണ്. എന്നാല്‍ നിരവധി ആശങ്കകള്‍ ടീമിനുണ്ടെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.
സഞ്ജുവിനെപ്പോലെ മികച്ച ഫോമിലുള്ള താരത്തെ ടീമിലേക്ക് പരിഗണിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും അവസാന സമയത്ത് ഗംഭീറിന്റെ നിര്‍ബന്ധത്തില്‍ സഞ്ജുവിന് ടീമിലേക്ക് വിളിയെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.