For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: സഞ്ജു അഹങ്കാരി? ഈ തഴയല്‍ അര്‍ഹിക്കുന്നു! തള്ളിപ്പറഞ്ഞ് കെസിഎ

കൊച്ചി: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സഞ്ജു സാംസണിന്റെ അഭാവമാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു തഴയപ്പെട്ടപ്പോള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടിയെടുത്തത്. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു സാംസണെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് തഴയുകയായിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയാന്‍ പ്രധാന കാരണമായിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് വിളിയെത്താനുള്ള സാധ്യത ഉയരുമായിരുന്നു. എന്നാല്‍ സഞ്ജു ആഭ്യന്തര ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നതോടെ സെലക്ടര്‍മാരും മുഖം തിരിച്ചു. സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതില്‍ കേരള ക്രിക്കറ്റ് അസിയേഷനും (കെസിഎ) അതൃപ്തരായിരുന്നു.

ഇക്കാര്യം കെസിഎ വൃത്തങ്ങള്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ താരം ഈ തഴയല്‍ അര്‍ഹിക്കുന്നുണ്ടെന്ന തരത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്.

തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ടീം

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടാത്തതിന്റെ പ്രധാന കാരണം സെലക്ഷന്‍ ക്യാംപില്‍ നിന്ന് വിട്ടുനിന്നതാണ്. സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് സഞ്ജു പറഞ്ഞത്. ഇതിന്റെ വ്യക്തമായ കാരണം ബോധിപ്പിക്കാത്തതില്‍ കെസിഎ ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. പിന്നീട് സഞ്ജു സാംസണ്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചപ്പോള്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു കെസിഎ. സഞ്ജുവിന് തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നാണ് അവരുടെ നിലപാട്.

sanju samson gautam gambhir

ഇത് തന്നെയാണ് കെസിഎ പ്രസിഡന്റും ഇപ്പോള്‍ വ്യക്തമാക്കുന്നത്. 'വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിനാലാണ് സഞ്ജു സാംസണ്‍ തഴയപ്പെട്ടതെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് തഴയാനുള്ള കാരണം സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാത്തതിനാലാണ്. ഇതിന് നല്‍കിയത് ഒറ്റ വാക്കിലുള്ള വിശദീകരണമാണ്. സയ്യിദ് മുഷ്താഖ് അലിയില്‍ നയിച്ച സഞ്ജു തന്നെ കേരളത്തെ വിജയ് ഹസാരെ ട്രോഫിയിലും നയിക്കണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിച്ചത്' ജയേഷ് ജോര്‍ജ് പറഞ്ഞു.

സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയത് കെസിഎയിലൂടെ

സഞ്ജു ഇന്ന് സൂപ്പര്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തും സഞ്ജു സാംസണാണുള്ളത്. കേരള താരം ഒരു ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തുകയെന്നത് എളുപ്പമല്ല. എന്നാല്‍ ഇത്തരത്തില്‍ വലിയ നേട്ടങ്ങളിലേക്ക് പോകുമ്പോഴും വന്നവഴി മറക്കുകയും തോന്നുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് ജയേഷ് ജോര്‍ജ് പറയുന്നത്.

'സഞ്ജു വ്യക്തമായ കാരണം നല്‍കാതെ സെലക്ഷന്‍ ക്യാംപില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ സഞ്ജുവല്ല ഏത് താരമായാലും കെസിഎക്ക് ഒരു നിലപാടാണുള്ളത്. സഞ്ജുവിന് ടീമിലേക്കെത്താന്‍ ക്യാംപിന്റെ ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തനിക്ക് തോന്നുമ്പോള്‍ മാത്രം കേരളത്തിനായി കളിക്കുകയെന്ന രീതി ശരിയല്ല. എങ്ങനെയാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയത്? അത് കെസിഎയിലൂടെയാണ്. തോന്നുമ്പോള്‍ മാത്രം കേരളത്തിനായി കളിക്കാനാവില്ല' ജയേഷ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന് ഏകദിനത്തില്‍ സ്ഥാനമില്ല

സഞ്ജു സാംസണിന് ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനമില്ലെന്നത് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടാണ്. സഞ്ജു സാംസണെ ടി20യില്‍ ഓപ്പണറാക്കിയതും പിന്തുണച്ചതും ഗംഭീറാണ്. എന്നാല്‍ ഏകദിനത്തില്‍ ഗംഭീര്‍ സഞ്ജുവില്‍ ഭാവി കാണുന്നില്ല. റിഷഭ് പന്തും കെ എല്‍ രാഹുലും സഞ്ജുവിനെക്കാള്‍ മികവ് കാട്ടാന്‍ ശേഷിയുള്ളവരാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് ഏകദിന ടീമില്‍ സ്ഥാനം നേടുകയെന്നത് പ്രയാസമാണെന്ന് തന്നെ പറയാം.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 10:59 [IST]
Other articles published on Jan 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+