For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: നയിക്കാന്‍ രോഹിത്, ഷമി തിരിച്ചെത്തും; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഈ 11 മതി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇത്തവണ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യയെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കാനുറച്ചാവും പാകിസ്താന്‍ ഇറങ്ങുന്നത്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യക്ക് ഇത്തവണ പാകിസ്താനെ തോല്‍പ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്. ഇതിന് ശേഷമാണ് പാകിസ്താനെതിരായ മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടി പാകിസ്താന് മുന്നറിയിപ്പ് നല്‍കാനാവും ഇന്ത്യ ശ്രമിക്കുക.

ബംഗ്ലാദേശിനെതിരേ ഏറ്റവും ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കുമെന്നുറപ്പാണ്. ഇന്ത്യ ആദ്യ മത്സരത്തില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

രോഹിത്തും ഗില്ലും ഓപ്പണിങ്

രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും ഇന്ത്യ രോഹിത്തിനെ നായകനാക്കിയാവും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇറങ്ങുക. രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്ന അവസാന പരമ്പരയായിരിക്കും ഇത്. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് രോഹിത്തിനുണ്ടാവില്ലെന്നുറപ്പാണ്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് നിലവില്‍ ഏകദിനത്തിലെ ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണിങ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് ചാമ്പ്യന്‍സ് ട്രോഫിയിലും തുടര്‍ന്നേക്കും. യശ്വസി ജയ്‌സ്വാളിനെ ബാക്കപ്പ് ഓപ്പണറായാവും ഇന്ത്യ പരിഗണിക്കുക.

വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍

വിരാട് കോലിയെ മൂന്നാം നമ്പറില്‍ തുടരാന്‍ അനുവദിച്ചേക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗംഭീര റെക്കോഡാണ് കോലിക്കുള്ളത്. സമീപകാലത്തെ കോലിയുടെ ഫോമും പ്രകടനവുമെല്ലാം നിരാശപ്പെടുത്തുന്നതാണ്. പ്രതീക്ഷിച്ച സ്ഥിരതയും ഇപ്പോള്‍ കോലിക്കില്ല. എന്നാല്‍ ഇന്ത്യ കോലിയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല.

നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരെയാവും കളിപ്പിക്കുക. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ശ്രേയസുള്ളത്. എന്നാല്‍ സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യര്‍ക്ക് തിരിച്ചുവരവ് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെത്തന്നെയുണ്ടാവും.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് അവസരം. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. എന്നാല്‍ മധ്യനിരയിലെ കണക്കുകള്‍ നോക്കുമ്പോള്‍ രാഹുല്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വിക്കറ്റ് കീപ്പറായും അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനായും രാഹുലിനെ പരിഗണിക്കാനാണ് സാധ്യത.

mohammed shami

ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്

ആറാം നമ്പറില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചേക്കും. നിലവില്‍ ഏകദിന ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ടി20യില്‍ മാത്രമാണ് നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. എന്നാല്‍ ഹാര്‍ദിക് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കും. ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോള്‍ ഹാര്‍ദിക്കിനുണ്ടാവും.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഉണ്ടാകില്ല. ടീമിലുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും അക്ഷര്‍ പട്ടേലിനെയാവും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുക. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ഏകദിനത്തില്‍ കൂടുതല്‍ പിന്തുണ നല്‍കാന്‍ ഗൗതം ഗംഭീര്‍ തയ്യാറാവുമെന്ന കാര്യം ഉറപ്പാണ്.

എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവിനാവും അവസരം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ചൈനാമാന്‍ സ്പിന്നറെ ഇന്ത്യ കളിപ്പിക്കണം. ദുബായിലെ പിച്ചില്‍ കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ ഇന്ത്യക്ക് ഗുണകരമായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍.

മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ്

മുഹമ്മദ് സിറാജും മുഹമ്മദ് ശമിയും അര്‍ഷ്ദീപ് സിങ്ങുമാവും പേസ് നിരയില്‍ ഇന്ത്യക്കായി ഇറങ്ങാന്‍ സാധ്യത. ജസ്പ്രീത് ബുംറ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഫിറ്റ്‌നസ് വിലയിരുത്തിയാവും അദ്ദേഹം കളിക്കുന്ന കാര്യം തീരുമാനിക്കുക. മുഹമ്മദ് ഷമി ഫിറ്റ്‌നസ് വീണ്ടെടുത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീമിലേക്ക് വൈകാതെ എത്തിയേക്കും. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങും കളിക്കാനാണ് കൂടുതല്‍ സാധ്യത.

Story first published: Wednesday, January 8, 2025, 9:18 [IST]
Other articles published on Jan 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+