കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫി എത്തുമ്പോള്‍ ആതിഥേയരാവുന്നത് പാകിസ്താനാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണ കരുത്തുറ്റ താരനിരയോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുമുണ്ട്. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യ-പാക് ചിരവൈരി പോരാട്ടം 23നാണ് നടക്കുന്നത്. പല വമ്പന്‍ റെക്കോഡുകളും മത്സരത്തിലൂടെ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമീപകാലത്തായി മോശം ഫോമിലാണ്. സ്ഥിരതയോടെ കളിക്കാന്‍ ഹിറ്റ്മാന് സാധിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ സെഞ്ച്വറി പ്രകടനം താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്. രോഹിത്തിന് ഒരു വമ്പന്‍ റെക്കോഡ് സൃഷ്ടിക്കാനുള്ള അവസരം ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ലഭിക്കുന്നുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.
അഫ്രീദിയുടെ വമ്പന്‍ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാം
മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയുടെ വമ്പന്‍ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. നിലവില്‍ 260 ഇന്നിങ്‌സില്‍ നിന്ന് 338 സിക്‌സുകളാണ് രോഹിത് ശര്‍മ നേടിയത്. 12 സിക്‌സുകള്‍ നേടിയാല്‍ 300ല്‍ താഴെ ഇന്നിങ്‌സില്‍ നിന്ന് 350 സിക്‌സുകള്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ രോഹിത്തിനാവും. ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് ഷാഹിദ് അഫ്രീദിയുടെ പേരിലാണ്.
369 ഇന്നിങ്‌സില്‍ നിന്ന് 351 സിക്‌സുകളാണ് അഫ്രീദി നേടിയിട്ടുള്ളത്. 14 സിക്‌സര്‍ കൂടി നേടിയാല്‍ അഫ്രീദിയെ കടത്തിവെട്ടി ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമതാവാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. വമ്പന്‍ സിക്‌സര്‍ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്. രോഹിത് കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഈ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിക്കുമെന്ന് തന്നെ കരുതാം.

അന്താരാഷ്ട്ര സിക്‌സര്‍ വേട്ടയിലും വമ്പന്‍ റെക്കോഡിടാം
അനായാസം സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മ. അതുകൊണ്ടാണ് രോഹിത് ശര്‍മയെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത് രോഹിത്താണ്. 527 ഇന്നിങ്‌സില്‍ നിന്ന് 631 സിക്‌സുകളാണ് രോഹിത് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ 551 ഇന്നിങ്‌സില്‍ നിന്ന് 553 സിക്‌സുകളാണ് നേടിയിട്ടുള്ളത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 19 സിക്‌സര്‍ നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറെന്ന അപൂര്‍വ്വ നേട്ടം നേടുന്ന ആദ്യത്തെ താരമായി മാറാന്‍ രോഹിത്തിനാവും.
രോഹിത്തിന്റെ സിക്‌സര്‍ റെക്കോഡുകളൊന്നും അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്തതാണ്. നിലവിലെ ഒരു താരവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 383 സിക്‌സര്‍ പോലും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ രോഹിത്തിന്റെ സിക്‌സര്‍ റെക്കോഡിനെ കടത്തിവെട്ടാന്‍ ഇനിയൊരു താരം വരേണ്ടിയിരിക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് രോഹിത്. എന്നാല്‍ സമീപകാലത്തായി പ്രായം താരത്തെ തളര്‍ത്തുകയാണ്.
രോഹിത്തിന് നിലനില്‍പ്പിന്റെ പ്രശ്‌നം
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് രോഹിത് ശര്‍മയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. രോഹിത്തിന്റെ സമീപകാല ഫോമിനെതിരേ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടതായുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ ഇത്തവണയും രോഹിത്തില്‍ നിന്ന് വലിയ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.