മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അന്തിമ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് ചില സുപ്രധാന മാറ്റങ്ങളോടെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പകരം ഹര്‍ഷിത് റാണയെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമിലേക്ക് വിളി നല്‍കിയപ്പോള്‍ യശ്വസി ജയ്‌സ്വാളിനെ നോണ്‍ ട്രാവലിങ് ബാക്കപ്പ് താരമായി ഒതുക്കി.
മുഹമ്മദ് സിറാജിന് ടീമിലേക്ക് വിളി നല്‍കിയിട്ടില്ല. ഇന്ത്യ ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. എല്ലാവരും കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനായാണ്. ഫെബ്രുവരി 23നാണ് ഈ മത്സരം. ഇത്തവണത്തെ മത്സരം ഇന്ത്യക്ക് അല്‍പ്പം കൂടി വൈകാരികമാണ്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരേയും പോകാന്‍ പാക് ടീം തയ്യാറാവുമ്പോള്‍ വിജയത്തോടെ മറുപടി പറയേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.
പാകിസ്താനെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. അന്തിമ ടീം പ്രഖ്യാപിച്ച ശേഷം പാകിസ്താനെതിരേ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാവും ടീമില്‍ ഉണ്ടാവുകയെന്ന് ഉറപ്പായിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളിനെ ബാക്കപ്പായി ഒതുക്കിയതോടെയാണ് ഈ ഓപ്പണിങ് കൂട്ടുകെട്ട് ഉറപ്പായത്. രണ്ട് പേരും ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ സെഞ്ച്വറിയോടെ രോഹിത് ശര്‍മ ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്. രണ്ട് പേരും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍
മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സീറ്റ്. മോശം ഫോമിലാണ് കോലിയെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ സൂപ്പര്‍ താരം ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐസിസി ടൂര്‍ണമെന്റുകളിലെ കോലിയുടെ മികവ് ഇന്ത്യക്ക് കരുത്ത് നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തവണയും കോലിയില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനമാണ് ശ്രേയസ് നടത്തുന്നത്.
അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യവും ശ്രേയസ് പരിഹരിച്ചുവെന്ന് തന്നെ വിലയിരുത്താം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ മധ്യനിരയിലേക്ക് കൊണ്ടുവന്നാല്‍ അക്ഷര്‍ പട്ടേല്‍ അഞ്ചാമനായി കളിക്കാനും സാധ്യതയുണ്ട്. രാഹുലിന്റെ മധ്യനിരയിലെ പ്രകടനം മികവിനൊത്ത് ഉയരുന്നില്ല. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ
ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദിക് നടത്തുന്ന പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. അക്ഷറിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചാല്‍ ആറാം നമ്പറില്‍ കെ എല്‍ രാഹുലും ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കാനാണ് സാധ്യത കൂടുതല്‍. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാവും അവസരം.
ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി
ഒമ്പതാം നമ്പറില്‍ യുവ പേസര്‍ ഹര്‍ഷിത് റാണക്ക് അവസരം ലഭിച്ചേക്കും. ബുംറക്ക് പരിക്കേറ്റപ്പോള്‍ പകരം ഹര്‍ഷിതിനാണ് ടീമിലേക്ക് വിളിയെത്തിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി വരാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നേക്കും. സീനിയര്‍ പേസറായി മുഹമ്മദ് ഷമിയുമുണ്ടാവും. ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കളിക്കാന്‍ സാധ്യത കുറവാണ്.
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം
രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍ (vc), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി
നോണ്‍ ട്രാവലിങ് സബ്‌സ്റ്റിറ്റിയൂട്ട് - ശിവം ദുബെ, മുഹമ്മദ് സിറാജ്, യശ്വസി ജയ്‌സ്വാള്‍