ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കമാവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യയുടേത്. എന്നാല്‍ പരിക്ക് ഇന്ത്യയെ ചെറുതായി ബാധിച്ചിട്ടുണ്ട്. പരിക്കേറ്റ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കില്ലാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.
സൂപ്പര്‍ പോരാട്ടത്തിനൊരുങ്ങവെ ഇന്ത്യന്‍ ടീമിനുള്ളില്‍ ചില അതൃപ്തികള്‍ പുകയുകയാണ്. നിലവില്‍ ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം ഓരോ വഴിക്കാണ്. ഗംഭീര്‍ തന്റെ പ്രിയപ്പെട്ട താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമ്പോള്‍ പല പ്രമുഖരും തഴയപ്പെടുകയാണ്. ഇത് ഇന്ത്യന്‍ ടീമിനുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം. ഗംഭീര്‍ കാരണം ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന പല താരങ്ങളും തഴയപ്പെടുകയാണ്.
ഇത് പല താരങ്ങളും ഇതിനോടകം ചോദ്യം ചെയ്തിട്ടുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാവാതെ പോയാല്‍ ഗംഭീറിനെ പരിശീലക റോളില്‍ നിന്ന് മാറ്റാന്‍ സാധ്യത കൂടുതലാണ്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കാം.
റിഷഭ് പന്തിന് കടുത്ത അതൃപ്തി
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഏറ്റവും കൂടുതല്‍ ഒതുക്കപ്പെട്ടിരിക്കുന്ന താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് കളിപ്പിക്കുന്നത്. ടി20യില്‍ ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു സാംസണിനാണ് അവസരം ലഭിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യ കളിപ്പിക്കുന്നത് കെ എല്‍ രാഹുലിനെയാണ്. ഇതോടെ റിഷഭിന്റെ പരിമിത ഓവറിലെ ഭാവി വലിയ ചോദ്യമാവുകയാണ്. പരിമിത ഓവറില്‍ ബെഞ്ചിലിരിക്കുന്ന വാട്ടര്‍ ബോയിയായി റിഷഭ് മാറുകയാണ്.
ഇത് കഴിഞ്ഞ ദിവസം റിഷഭ് ചോദ്യം ചെയ്തുവെന്നും ഗംഭീറുമായി തര്‍ക്കിച്ചുവെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. റിഷഭ് പന്തിന്റെ പരിമിത ഓവറിലെ കണക്കുകള്‍ മോശമല്ല. രാഹുലിനെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് കളിപ്പിക്കുന്നതെങ്കില്‍ ആ റോളില്‍ രാഹുലിനെക്കാള്‍ മികച്ചവന്‍ റിഷഭാണെന്ന് നിസംശയം പറയാം. എന്നാല്‍ ഗംഭീര്‍ രാഹുലിനെ പിന്തുണക്കുകയാണ്. ഗംഭീര്‍ ടീം വിടാതെ റിഷഭിന് വീണ്ടും പരിമിത ഓവറില്‍ സജീവമാകാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.
മുഹമ്മദ് സിറാജ്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും ഇടം പിടിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച അഭാവമാണ് മുഹമ്മദ് സിറാജിന്റേത്. ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുള്ള പേസറാണ് സിറാജ്. എന്നാല്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പോലും ഇടമില്ലാത്ത തരത്തില്‍ സിറാജ് തഴയപ്പെട്ടിരിക്കുകയാണ്. ഇതിന് കാരണം പരിശീലകന്‍ ഗൗതം ഗംഭീറാണ്.

സിറാജ് ടീമില്‍ വേണ്ടെന്നത് ഗംഭീറിന്റെ നിലപാടാണ്. ഗംഭീറിന്റെ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ സിറാജിനെ തഴഞ്ഞ് ഹര്‍ഷിത് റാണയെ ഗംഭീര്‍ ടീമിലെത്തിക്കുകയായിരുന്നു. ഏകദിനത്തില്‍ അത്ഭുത പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പേസറാണ് സിറാജ്. സമീപകാലത്തെ പ്രകടനം അല്‍പ്പം മോശമാണെങ്കിലും സിറാജ് ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു. സിറാജിന് പരിമിത ഓവറിലേക്ക് ശക്തമായി തിരിച്ചെത്താന്‍ ഗംഭീര്‍ പടിയിറങ്ങേണ്ടത് അത്യാവശ്യമാണ്.
ഇഷാന്‍ കിഷന്‍
പോക്കറ്റ് ഡൈനാമോയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇഷാന്‍ കിഷന് ഇന്ത്യയുടെ ടി20 ടീമിലും ഏകദിന ടീമിലും അവസരം അര്‍ഹിക്കുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്നില്ല. ഇഷാന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഗൗതം ഗംഭീര്‍ പരിശീലകനായിരുന്നാല്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ ഗംഭീറിന്റെ പടിയിറക്കം ആഗ്രഹിക്കുന്നു.
റുതുരാജ് ഗെയ്ക്‌വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നില്ല. ഒരു ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടാത്ത റുതുരാജിന് തിരിച്ചുവരവ് നടത്താന്‍ ഗംഭീര്‍ മാറേണ്ടതായുണ്ട്. ഏകദിനത്തില്‍ കൂടുതല്‍ അവസരം റുതുരാജ് അര്‍ഹിക്കുന്നുണ്ടെങ്കിലും പരിഗണന ലഭിക്കുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.