ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ഇന്ത്യയുടെ മത്സരം നാളെയാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇന്ത്യ-പാകിസ്താന്‍ മത്സരം 23നാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്നതില്‍ കപ്പിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
ഇത്തവണ ഇന്ത്യക്ക് കപ്പിലേക്കെത്താനാവാതെ പോയാല്‍ ടീമിലെ പലരുടേയും കസേര തെറിച്ചേക്കും. അതുകൊണ്ടുതന്നെ വലിയ മുന്നൊരുക്കത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതും ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലേക്കെത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇത്തവണ ഭാഗ്യം ഇന്ത്യക്ക് എതിരാണോ?. ജ്യോതിഷിയുടെ പ്രവചനം വൈറലാവുകയാണ്.
പാകിസ്താനോട് ഇന്ത്യ തോല്‍ക്കും
പ്രമുഖ ജ്യോതിഷ വെബ്‌സൈറ്റായ ഓം ധ്വനി ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച് ചില സുപ്രധാന പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ്. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്നാണ് കൂടുതല്‍ പ്രമുഖരും പറയുന്നത്. എന്നാല്‍ ഇന്ത്യ തോല്‍ക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെല്ലാം മോശം സമയമാണെന്നാണ് ജ്യോതിഷിയുടെ പ്രവചനം വ്യക്തമാക്കുന്നത്.
1987 ഏപ്രില്‍ 30നാണ് രോഹിത്തിന്റെ ജന്മദിനം. അഞ്ചാണ് രോഹിത്തിന്റെ ഭാഗ്യ നമ്പറായി വരുന്നത്. നായകനാവേണ്ട ജാതകമാണ് രോഹിത്തിന്റേത്. ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന വ്യക്തിയുമാണ് രോഹിത്. എന്നാല്‍ നിലവിലെ രോഹിത്തിന്റെ നില പരിശോധിക്കുമ്പോള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദവും നിരാശയും ബാധിക്കാന്‍ ഇടയുണ്ട്. ഇത് സൂചിപ്പിക്കുന്നത് പാകിസ്താനെതിരായ തോല്‍വിയാണെന്ന് വിലയിരുത്താം.
ഇന്ത്യന്‍ ടീമിന്റെ നിലവിലെ അവസ്ഥയില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രധാന താരങ്ങളുടെ മോശം സമയം ടീമിനെ പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഓസീസിന്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കിരീടം നേടുക ഓസ്‌ട്രേലിയയാണെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഏകദിന ഫോര്‍മാറ്റിലെ നിലവിലെ ലോക ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. വീണ്ടും കിരീടത്തിലേക്ക് എത്താന്‍ സാധിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയക്കുള്ളതെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുക ഓസ്‌ട്രേലിയയെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്നാണ് ടീമിന്റെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ മൂന്ന് സൂപ്പര്‍ പേസര്‍മാരുമില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരില്ലാത്ത ഓസ്‌ട്രേലിയ വലിയ മികവ് കാട്ടാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയ സൂപ്പര്‍ താരങ്ങളുടെ നിരയാണെന്നതില്‍ സംശയമില്ല. വലിയ മത്സരങ്ങളില്‍ മികവ് കാട്ടാന്‍ ഓസീസിന് സാധിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ കപ്പിലേക്കെത്താന്‍ ഓസ്‌ട്രേലിയക്ക് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.
ഇന്ത്യക്ക് ഉയര്‍ന്ന സാധ്യത
ജ്യോതിഷിയുടെ പ്രവചനം ഇന്ത്യക്കെതിരാണെങ്കിലും ഇത്തവണ വലിയ കിരീട സാധ്യതയാണ് ഇന്ത്യക്കുള്ളതെന്ന് പറയാം. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ശക്തി. പേസ് നിരയില്‍ ജസ്പ്രീത് ബുംറയില്ലാത്തത് ദൗര്‍ബല്യമാണ്. എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.
മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെല്ലാം ഉള്‍പ്പെടുന്ന യുവ പേസ് നിര മികവിനൊത്ത് ഉയരേണ്ടതായുണ്ട്. പാകിസ്താന്‍ നാട്ടില്‍ ത്രിരാഷ്ട്ര പരമ്പര തോറ്റ നാണക്കേടിലാണ്. അതുകൊണ്ടുതന്നെ മാനസികമായി പാക് നിര അല്‍പ്പം പിന്നിലാണെന്ന് തന്നെ പറയാം.