മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും നിറം മങ്ങിയതോടെ വലിയ നാണക്കേടുകള്‍ ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം മണ്ണില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ വൈറ്റ് വാഷ് നേരിടേണ്ടി വന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ ഇന്ത്യ പ്രയാസപ്പെടുന്നു. 2024 പടിയിറങ്ങുമ്പോള്‍ വലിയ പൊട്ടിത്തറികളിലൂടെയാണ് ഇന്ത്യന്‍ ടീം കടന്ന് പോകുന്നതെന്ന് പറയാം.
പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം പോലും തുലാസിലായിരിക്കുകയാണ്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയാണ്. 2024ലെ നാണക്കേടുകള്‍ മറക്കാന്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കപ്പുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇന്ത്യ ചില കടുത്ത നീക്കങ്ങള്‍ വരുത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇന്ത്യയെ ശ്രേയസ് അയ്യര്‍ നയിച്ചേക്കും
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ ഉണ്ടായേക്കില്ലെന്നാണ് വിവരം. ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും മോശം ഫോമിലൂടെയാണ് രോഹിത് കടന്ന് പോകുന്നത്. രോഹിത്തിന്റെ സമീപകാലത്തെ മോശം പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിനും ഗൗതം ഗംഭീറിനും അതൃപ്തിയുണ്ട്. വരുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വൈകാരിക പ്രശ്‌നമാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്.
നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം വളരെ പ്രധാനപ്പെട്ടതാണ്. മോശം ഫോമിലുള്ള രോഹിത് ശര്‍മയെ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. ശ്രേയസ് അയ്യര്‍ സമീപകാലത്തായി നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലില്‍ കെകെആറിനെ കിരീടം ചൂടിച്ച ശ്രേയസ് മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ചാമ്പ്യന്മാരാക്കിയിരുന്നു.

ശ്രേയസില്‍ ഇന്ത്യ ഭാവി കാണുന്നു
ശ്രേയസ് അയ്യരില്‍ ഇന്ത്യ ഭാവി കാണുന്നുണ്ട്. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യയുടെ നായകസ്ഥാനം നോട്ടമിടുന്നവരാണ്. എന്നാല്‍ ഇന്ത്യക്ക് വിശ്വാസം ശ്രേയസ് അയ്യരിലാണ്. ശ്രേയസിന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളും മികച്ചതാണ്. പരിശീലകന്‍ ഗൗതം ഗംഭീറും ശ്രേയസ് അയ്യരും തമ്മില്‍ നല്ല ബന്ധമാണുള്ളത്. എന്നാല്‍ ടീം മാനേജ്‌മെന്റുമായി ശ്രേയസ് അത്ര രസത്തിലലല്ല.
അതുകൊണ്ടുതന്നെ കുറച്ച് കാലമായി ശ്രേയസ് അയ്യര്‍ ടീമിന് പുറത്താണ്. വിരാട് കോലിയേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ മൂന്നാം നമ്പറില്‍ കളിപ്പിക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഏകദിനത്തില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ ശ്രേയസിനാവും. ഷോട്ട് ബോളുകള്‍ ശ്രേയസിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഈ പ്രശ്‌നം മാറ്റിനിര്‍ത്തിയാല്‍ ശ്രേയസിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.
അന്തിമ തീരുമാനം ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയെ കാത്ത് ഇംഗ്ലണ്ട് പരമ്പരയുണ്ട്. ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് പരമ്പര. ഏകദിന ടീമില്‍ രോഹിത് ശര്‍മയും വിരാട് കോലിയുമുണ്ടാവുമെന്നാണ് സൂചന. ഇതിലെ പ്രകടനം വിലയിരുത്തിയാവും അന്തിമ തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തുക. രോഹിത് ശര്‍മയെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയാലും നായകസ്ഥാനം നല്‍കിയേക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും രോഹിത്തിനും കോലിക്കും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.