മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനായും ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും പരിഗണിച്ച ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ശക്തമാണെന്ന് തന്നെ പറയാം. പരിക്കും മോശം ഫോമും ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ടെന്ന് തന്നെ വിലയിരുത്താം. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23നാണ് നടക്കുന്നത്. ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടം അല്‍പ്പം കൂടി ആവേശകരമാവും. പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാട് ഇന്ത്യ എടുത്തതില്‍ പിസിബിക്ക് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവും പാകിസ്താന്‍ ശ്രമിക്കുക. ഇത്തവണ തകര്‍പ്പന്‍ ഫോമിലാണ് പാകിസ്താനുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം എളുപ്പമാവില്ല.
ഇന്ത്യ, പാക് ടീമിന്റെ മുന്‍ താരങ്ങള്‍ ഇതിനോടകം പ്രവചനങ്ങളുമായി രംഗത്താണ്. ഇത്തവണ ഇന്ത്യക്ക് ജയം പ്രയാസമായിരിക്കുമെന്നാണ് കൂടുതല്‍ പേരും വിലയിരുത്തുന്നത്. ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തില്‍ ആര് ജയിക്കുമെന്നും മാച്ച് വിന്നര്‍ ആരാവുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.
ഇന്ത്യ ജയിക്കും, കോലി മാച്ച് വിന്നര്‍
ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്നും വിരാട് കോലി മാച്ച് വിന്നറായി മാറുമെന്നുമാണ് റെയ്‌ന വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്നും ശക്തമായ പോരാട്ടം പ്രതീക്ഷിക്കാമെന്നുമാണ് റെയ്‌ന വിലയിരുത്തുന്നത്. 'രണ്ട് ടീമിനും ഇത്തവണ തുല്യ സാധ്യതകളാണുള്ളത്. വിരാട് കോലി വീണ്ടും ഇന്ത്യക്കായി തിളങ്ങുകയും മാച്ച് വിന്നറാവുകയും ചെയ്യും. അവന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും' റെയ്‌ന പറഞ്ഞു.

സമീപകാലത്തായി വിരാട് കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിരുന്നു. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനും വിരാട് കോലിക്കായി. ഐസിസി ടൂര്‍ണമെന്റുകളിലെ കോലിയുടെ മികവ് ഒന്ന് വേറെയാണ്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പാകിസ്താനെതിരേ കോലി കസറും
പാകിസ്താന്‍ എല്ലാ കാലത്തും മികച്ച ബൗളിങ് കരുത്തുള്ള ടീമാണ്. പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍. ചരിത്രം പരിശോധിച്ചാല്‍ ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച പല പേസര്‍മാരേയും പാക് ടീമില്‍ കാണാനാവും. ഇത്തവണയും ശക്തമായ ബൗളിങ് നിരയോടെയാണ് പാകിസ്താന്‍ വരുന്നത്. ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാകിസ്താന്റെ ബൗളിങ് നിരയ്‌ക്കെതിരേ കസറുക ആര്‍ക്കും എളുപ്പമല്ല.
എന്നാല്‍ വിരാട് കോലിക്ക് പാകിസ്താനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. 50 ശരാശരിയില്‍ 16 മത്സരത്തില്‍ നിന്ന് 678 റണ്‍സാണ് കോലി പാകിസ്താനെതിരേ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. ഐസിസി ടൂര്‍ണമെന്റുകളിലേക്കെത്തുമ്പോള്‍ കോലി പ്രത്യേക മികവ് കാട്ടാറുണ്ട്. അത് ഇത്തവണയും ഉണ്ടാവുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
രോഹിത് 2019ലെ മികവ് ആവര്‍ത്തിക്കും
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുടെ മോശം ഫോം എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കാണാന്‍ സാധിക്കുമെന്നാണ് റെയ്‌ന വിലയിരുത്തുന്നത്. '2011ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് രോഹിത് ശര്‍മയെ വളരെയധികം നിരാശനാക്കിയിരുന്നു. ദുബായിലെ സാഹചര്യം വളരെ വ്യത്യസ്തമായതാണ്. രോഹിത് ശര്‍മ 2019ലെ ഏകദിന ലോകകപ്പിലേതുപോലെ മികച്ച പ്രകടനത്തോടെ മിന്നിക്കും' റെയ്‌ന പറഞ്ഞു.